വിവാഹപൂർവ്വ കൗൺസിലിങ്ങ്

വിവാഹപൂർവ്വ കൗൺസിലിംഗ് നിർബ്ബന്ധമാക്കണമെന്ന വനിതാ കമ്മീഷന്റെ നിർദ്ദേശം വിവാഹ മോചന കേസ്സുകൾ വർധിച്ചു വരുന്ന സാഹചര്യവുമായി കൂട്ടിവായിച്ചാണ് പരിഗണിക്കേണ്ടത്. കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന താളപ്പിഴകളിൽ ഭൂരിഭാഗവും ജീവിത പങ്കാളികൾ പരസ്പരം തിരിച്ചറിയാത്തതുമൂലം ഉണ്ടാകുന്താണെന്നതാണ് വസ്തുത. ഇൗ സാഹചര്യത്തിലാണ് വിവാഹപൂർവ്വ കൗൺസിലിംഗുകൾക്ക് പ്രാധാന്യമേറുന്നത്.

രണ്ടുതരം സാമൂഹ്യ ചുറ്റുപാടുകളിൽ നിന്ന് വരുന്ന ദമ്പതികൾ തമ്മിൽ മാനസികമായി ഐക്യമുണ്ടാകാത്തതിന്റെ ഫലമാണ് വർധിച്ചുവരുന്ന വിവാഹ മോചനങ്ങൾ. ജീവിത പങ്കാളികളെ തെരഞ്ഞെടുക്കുന്നതിന്  മുമ്പ്  ൈവവാഹിക ജീവിതത്തെക്കുറിച്ച് യുവാക്കളിൽ അവബോധമുണ്ടാക്കുന്നത് വളരെ നല്ലതാണ്. വിവാഹ പൂർവ്വ കൗൺസിലിംഗുകളാണ് ഇതിനുള്ള പ്രതിവിധികളിലൊന്ന്.

അമ്മമാർ മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് വീടുവിടുന്ന സംഭവങ്ങൾ കേരളത്തിൽ അടുത്തകാലത്തായി വളരെയേറെ വർധിച്ചിട്ടുണ്ട്. കുടുംബ ബന്ധങ്ങളിൽ കാലാനുസൃതമായി വന്ന മാറ്റമാണ് വൈവാഹിക ബന്ധങ്ങളുടെ ശൈഥില്യത്തിന് കാരണം. മക്കളെയുപേക്ഷിച്ച് ഇഷ്ടക്കാരനൊപ്പം വീടുവിടുന്ന യുവതികളുടെ എണ്ണം കേരളത്തിൽ ഭീതിദമായ വിധത്തിൽ വർധിക്കുന്നതിന് കാരണം കുടുംബ വ്യവസ്ഥയിലെ പാളിച്ചകൾ തന്നെയാണ്. കൂട്ടുകുടുംബ വ്യവസ്ഥയിൽ നിന്നും, അണുകുടുംബ വ്യവസ്ഥയിലേക്കുള്ള മാറ്റവും കുടുംബങ്ങളുടെ തകർച്ചയ്ക്കുള്ള കാരണങ്ങളിലൊന്നാണ്. മിക്ക കുടുംബങ്ങളിലും മക്കളുടെ എണ്ണം ഒന്നായി ചുരുങ്ങിയതോടെ സ്വാർത്ഥത നിറഞ്ഞ ഒരു തലമുറ വളർന്നുവരുന്നുണ്ടെന്ന യാഥാർത്ഥ്യവും തിരിച്ചറിയാതിരിക്കരുത്. ഇത്തരം സാമൂഹ്യ യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ടുവേണം വരാനിരിക്കുന്ന കാലത്തെ കുടുംബ വ്യവസ്ഥയെക്കുറിച്ച് വിശകലനം ചെയ്യാൻ.

വിവാഹപൂർവ്വ കൗൺസിലിംഗുകൾ വളരെ ഫലപ്രദമാണെന്ന് ക്രിസ്തുമതാനുയായികളുടെ കുടുംബ വ്യവസ്ഥ പരിശോധിച്ചാൽ മാത്രം മതിയാകും. ക്രിസ്തുമതത്തിൽ വിവാഹ പൂർവ്വ കൗൺസിലിംഗുകൾ നിർബ്ബന്ധമായതിനാൽ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവർക്ക് കുടുംബ ജീവിതത്തേക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുകൾ ലഭിക്കുന്നുണ്ട്. മതം തലയ്ക്ക് മുകളിൽ വാളോങ്ങി നിൽക്കുന്നുണ്ടെങ്കിലും ക്രിസ്തുമതത്തിലെ വിവാഹപൂർവ്വ കൗൺസിലിംഗുകൾ വളരെ പ്രയോജനമാണെന്നതിൽ യാതൊരു തർക്കവുമില്ല.

വിവാഹ ശേഷമാണ് ഒരാൾ തന്റെ  യഥാർത്ഥ പങ്കാളിയെ കണ്ടെത്തുന്നതെന്ന ചൊല്ല് അന്വർത്ഥമാകുന്ന വിധത്തിലാണ് കേരളത്തിൽ വിവാഹിതരായ ദമ്പതികൾ തങ്ങളുടെ പങ്കാളികളെ വിട്ട് പുതിയ മേച്ചിൽ പുറങ്ങൾ തേടുന്നത് ഭാര്യാഭർത്താക്കന്മാർ മക്കളെയുപേക്ഷിച്ച് പുതിയ പങ്കാളി  കളെ കണ്ടെത്തുമ്പോൾ അത് കുടുംബങ്ങളിലുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. ഇതിനുള്ള പരിഹാരം വിവാഹത്തിന് മുമ്പുള്ള കൗൺസിലിങ്ങുകൾ തന്നെയാണ്.

നിലനിൽക്കുന്ന കുടുംബസങ്കൽപ്പങ്ങൾ കുടുബവ്യവസ്ഥയെത്തന്നെ തകർക്കുമെന്നതിൽ സംശയിക്കേണ്ടതില്ല. മടുക്കുമ്പോൾ വലിച്ചെറിയാനുള്ള ഡിസ്പോസിബിൾ ഉപകരണങ്ങളാണ് ജീവിത പങ്കാളികളെന്ന തലതിരിഞ്ഞ മൂല്യസങ്കൽപ്പങ്ങളാണ് സൈബർ യാന്ത്രീക യുഗത്തിലെ യുവതലമുറ കൊണ്ടുനടക്കുന്നത്. ശക്തമായ അടിത്തറയില്ലാത്ത ഏത് സ്ഥാപനവും കാലപ്രവാഹത്തിൽ തകർന്നടിയും. അടിത്തറയില്ലാത്ത കുടുംബങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്. പങ്കാളികൾ തമ്മിൽ പരസ്പരം തിരിച്ചറിയാത്ത വിവാഹങ്ങൾ ചടങ്ങിന് വേണ്ടി മാത്രം നടക്കുന്ന കെട്ടുകാഴ്ചകളാണ്.

LatestDaily

Read Previous

വിസ വാഗ്ദാനം ചെയ്ത് പണം തട്ടി

Read Next

പ്രമാണിക്ക് വേണ്ടി വഴിയോര വിശ്രമ കേന്ദ്രം മാറ്റി, പള്ളിക്കര ഗ്രാമപഞ്ചായത്തിനെതിരെ അഴിമതി ആരോപണം