വ്യാപാരി തെരഞ്ഞെടുപ്പ് 9 ലേക്ക് മാറ്റി ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുപക്ഷവും

കാഞ്ഞങ്ങാട്:  ഇന്ന് നടത്താൻ തീരുമാനിച്ചിരുന്ന കാഞ്ഞങ്ങാട്  മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഈ മാസം ഒമ്പതിന് ബുധനാഴ്ചയിലേക്ക് മാറ്റി. വ്യാപാരി വ്യവസായി ഏകോപനസമിതി കാഞ്ഞങ്ങാട് യൂനിറ്റ്   പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന നിലവിലെ പ്രസിഡണ്ട്  സി. യൂസഫ് ഹാജിയും എതിരായി മത്സരിക്കുന്ന സി. എച്ച്. സമീറും ഏകോപന സമിതിക്ക് പരാതി നൽകുകയുണ്ടായി.

ഇത് സംബന്ധിച്ച അന്വേഷണത്തിനായി ഏകോപനസമിതി ജില്ലാ സിക്രട്ടറിയേറ്റ് യോഗം  5 അംഗങ്ങളുൾപ്പെട്ട സമിതിയെ നിയോഗിച്ചതായി  ജില്ലാ ജനറൽ സിക്രട്ടറി കെ. ജെ. സജി അറിയിച്ചു. പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന സി. എച്ച്. സമീർ നേരത്തെ അച്ചടക്ക നടപടികൾക്ക് വിധേയനായ ആളാണെന്നും മാപ്പപേക്ഷിച്ചതിനെത്തുടർന്നാണ് തിരിച്ചെടുത്തതെന്നുമാണ് യൂസഫ് ഹാജിയുടെ പരാതിയിൽ പറയുന്നത്. സംഘടനയുടെ നിയമാവലി പ്രകാരം അച്ചടക്ക നടപടിക്ക് വിധേയനായയാൾ ഭാരവാഹിത്വത്തിലേക്ക് വരാൻ പാടില്ല. ഗുരുതരമായ അച്ചടക്ക ലംഘനമായിരുന്നു സമീർ നടത്തിയത്. മാപ്പ് പറഞ്ഞ് തിരിച്ചെത്തിയയാൾ അസോസിയേഷൻ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് യോഗ്യനല്ലെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം സമീർ ഉൾപ്പെട്ട കമ്മിറ്റിക്ക് വ്യാപാരികളെ ബാധിക്കുന്ന മർമ്മ പ്രധാനമായ വിഷയങ്ങളിൽ ഇടപെടാൻ കഴിഞ്ഞിട്ടില്ലെന്നാണ് സമീർ ആരോപിക്കുന്നത്. കോവിഡ് കാലത്തും തുടർന്നുമുള്ള  ലോക്ഡൗൺ സമയത്തും പോലീസും അധികാരികളും കാണിച്ച അനീതിക്കെതിരെ ശബ്ദിക്കാൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്നും സാമ്പത്തിക വിഷയത്തിലും നേതൃത്വത്തിനെതിരെ സമീർ ആരോപണമുന്നയിക്കുന്നു. എന്നാൽ ജനറൽ ബോഡിയിൽ ഉന്നയിക്കപ്പെട്ട കാര്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകിക്കഴിഞ്ഞ ശേഷം അതേ കാര്യങ്ങൾ പത്ര പരസ്യത്തിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ആരോപണമായി ഉന്നയിക്കുന്നത് അച്ചടക്ക ലംഘനമാണെന്ന് മർച്ചന്റ്സ് അസോസിയേഷൻ  നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

വ്യാപാരി സമൂഹത്തിന്റെ നന്മയ്ക്ക്  വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യുകയും സംഘടനയിലെ അംഗങ്ങളുടെ സുരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുകയും ചെയ്ത യൂസഫ് ഹാജിയുടെ നേതൃത്വത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ ലക്ഷ്യം മറ്റൊന്നാണെന്നും ഭാരവാഹികൾ തിരിച്ചടിക്കുന്നു. ഇത്തരം സാഹചര്യത്തിൽ വിഷയം സമഗ്രമായി പഠിച്ച് റിപ്പോർട്ട് ചെയ്യാനാണ് ജില്ലാ സമിതി അഞ്ചംഗങ്ങളെ ചുമതലപ്പെടുത്തിയത്. അതേസമയം മർച്ചന്റ്സ് അസോസിയേഷനെ പൊതുസമൂഹത്തിന് മുമ്പിൽ കളങ്കപ്പെടുത്തുന്നതിൽ വ്യാപാരികൾക്കിടയിൽ പൊതുവെ അമർഷമുണ്ട്.   

LatestDaily

Read Previous

കണ്ണൂർ വിമാനത്താവളത്തിൽ കോവിഡ് പരിശോധന നിരക്ക് കുറക്കേണ്ടത് കേരളമെന്ന് കേന്ദ്രം

Read Next

വിസ വാഗ്ദാനം ചെയ്ത് പണം തട്ടി