കണ്ണൂർ വിമാനത്താവളത്തിൽ കോവിഡ് പരിശോധന നിരക്ക് കുറക്കേണ്ടത് കേരളമെന്ന് കേന്ദ്രം

കാഞ്ഞങ്ങാട്:  കണ്ണൂർ വിമാനത്താവളത്തിൽ കോവിഡ് പരിശോധനക്കുള്ള ആർടിപിസിആർ നിരക്ക് കുറക്കേണ്ടത് കേരള സർക്കാറെന്ന് കേന്ദ്ര സർക്കാർ. 2,490 രൂപയാണ് കണ്ണൂരിൽ ആർടിപിസിആർ നിരക്ക് കണ്ണൂർ, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ ഇപ്പോൾ ഇതേനിരക്കാണ്. എന്നാൽ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നേരത്തെ ഈടാക്കിയിരുന്ന 2,490 രൂപ പകുതിയായി കുറച്ചിരുന്നു.

മാധ്യമങ്ങളും എംപിമാരും ഇടപെട്ടതിനെ തുടർന്നാണ് കരിപ്പൂരിൽ നിരക്ക് കുറച്ചത്. കേന്ദ്ര സർക്കാറിന്റെ എയർപോർട്ട് അതോറിറ്റിയുടെ  നിയന്ത്രണത്തിലുള്ള കേരളത്തിലെ ഏക വിമാനത്താവളം കോഴിക്കോടായത് കൊണ്ടാണ് നിരക്ക് കുറക്കാൻ  കേന്ദ്രത്തിന് കഴിഞ്ഞത്. എന്നാൽ, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ കേരള സർക്കാറിന് മുഖ്യ ഷെയറുള്ള കമ്പനിയുടേതും  തിരുവനന്തപുരം അദാനി ഗ്രൂപ്പിന് നടത്താൻ കൊടുത്തതുമാണ്.

കണ്ണൂരിലെ നിരക്ക് കുറക്കണമെന്നാവശ്യപ്പെട്ട് കെ. മുരളീധരൻ എംപി കേന്ദ്ര വ്യോമയാനമന്ത്രിക്ക് നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ് കേരള സർക്കാറാണ് നിരക്ക് കുറക്കേണ്ട കാര്യം തീരുമാനിക്കേണ്ടതെന്ന് വ്യക്തമാക്കിയത്. കോവിഡ് പരിശോധന ഏത് രീതിയിലാണ് നടത്തേണ്ടതെന്നുള്ള നിർദ്ദേശം മാത്രമാണ് കേന്ദ്രസർക്കാർ നൽകുന്നതെന്നും നിരക്ക് നിശ്ചയിക്കേണ്ടത് സംസ്ഥാന സർക്കാറുകളാണെന്നുമാണ് കേന്ദ്ര നിലപാട്.

വിമാനത്താവളത്തിന് പുറത്തുള്ള അംഗീകൃത ലാബുകളിൽ ആർടിപിസിആർ ടെസ്റ്റിന് 300  രൂപ മാത്രമുള്ളപ്പോഴാണ്  യാത്രക്കാരെ കൊള്ളയടിച്ച് 2,490 രൂപ കണ്ണൂർ ഉൾപ്പെടെ വിമാനത്താവളത്തിൽ ഈടാക്കുന്നത്. ഗൾഫ് യാത്രക്കാരിൽ നിന്നുൾപ്പെടെ വലിയ പ്രതിഷേധമാണ് അന്യായമായ നിരക്കിനെതിരെ ഉയർന്ന് വരുന്നത്. പ്രവാസികളുടെ നിരന്തര പ്രതിഷേധമുയരുന്നതിനിടയിലാണ് കേന്ദ്ര– കേരള സർക്കാറുകൾ കണ്ടില്ലെന്ന് നടിച്ച് യാത്രക്കാരെ പിഴിയുന്നത്.

LatestDaily

Read Previous

വിജേഷ് പിന്നെയും വീടുവിട്ടു; ഭാര്യയുടെ പരാതിയിൽ ഗാർഹിക പീഡനത്തിന് കേസ്

Read Next

വ്യാപാരി തെരഞ്ഞെടുപ്പ് 9 ലേക്ക് മാറ്റി ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുപക്ഷവും