ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : ജില്ലയിൽ ലോക്ഡൗൺ ചട്ടങ്ങൾ ലംഘിക്കുന്ന പ്രവണത കൂടുന്നു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ദിനംപ്രതി നിരവധി കേസ്സുകളാണ് ലോക്ഡൗൺ ലംഘനത്തിന്റെ പേരിൽ രജിസ്റ്റർചെയ്യപ്പെടുന്നത്. ജില്ലയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുമ്പോഴും സർക്കാർ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകളെല്ലാം ലംഘിച്ചാണ് പൊതുജനം തോന്നിയപോലെ പൊതുസ്ഥലത്തിറങ്ങി പെരുമാറുന്നത്. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം മാത്രം 62 കേസ്സുകളാണ് ലോക്ഡൗൺ ലംഘനത്തിന്റെ പേരിൽ രജിസ്റ്റർ െചയ്തത്. ഇവയിൽ 22 കേസുകൾ മാസ്ക് ധരിക്കാത്തതിന്റെ പേരിലാണ്. പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി സർക്കാർ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകൾക്ക് പൊതുജനം പുല്ലുവിലപോലും കൽപ്പിക്കുന്നില്ലെന്നതിന്റെ ഉദാഹരണമാണ് ബേക്കൽ പോലീസ് സ്റ്റേഷനിലെ കേസ്സുകളുടെ ആധിക്യം. ഏതുവഴിയിലും കോവിഡ് പകരാമെന്ന സാഹചര്യത്തിലാണ് നിലവിൽ ജില്ലയ്ക്കകത്തും, സംസ്ഥാനത്തുമുള്ളത്. കോടോം– ബേളൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക് കോവിഡ് ബാധയുണ്ടായതാണ് ഉദാഹരണം. ചക്ക പറിക്കുന്നതിനിടെ താഴെ വീണ് പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ശസ്ത്രക്രിയക്ക് മുന്നോടിയായി പരിശോധിച്ചപ്പോഴാണ് കോവിഡ് ബാധിതനാണെന്ന് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ പരിശോധനാഫലം പിന്നീട് നെഗറ്റീവായെങ്കിലും ജില്ലയിൽ ഈ സംഭവമുണ്ടാക്കിയ ആശങ്ക തീരെ ചെറുതല്ല. രോഗവ്യാപനത്തോത് കൂടുമ്പോഴും ഇതിനെയൊന്നും ഭയമില്ലെന്ന രീതിയിലാണ് പൊതുജനം പെരുമാറുന്നത്. പൊതുജനത്തിന്റെ ഈ മനോഭാവം പോലീസിനും ആരോഗ്യ പ്രവർത്തകർക്കും ഇരട്ടി ജോലിയും കടുത്ത തൊഴിൽ സമ്മർദ്ദവുമാണ് സമ്മാനിക്കുന്നത്. കോവിഡ് ബാധയെത്തുടർന്ന് സമ്പദ് വ്യവസ്ഥ തന്നെ തകർന്ന സാഹചര്യത്തിൽ രോഗവ്യാപനം വർദ്ധിക്കുന്നത് സർക്കാറിന്റെ പ്രവർത്തനങ്ങളെത്തന്നെ തകിടം മറിക്കും. സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടെങ്കിലും പലരും ഇപ്പോഴും ഇതറിഞ്ഞ മട്ട് കാണിക്കാതെ കാറുകളിൽ തോന്നിയപോലെ കറങ്ങി നടക്കുകയാണ്. ഇത്തരത്തിൽ രാത്രികാലത്ത് കാറിൽ കറങ്ങിയവരെ ബേക്കൽ എസ്.ഐ., പി. അജിത്ത്കുമാർ കഴിഞ്ഞ ദിവസം പിടികൂടി കേസ്സെടുത്തിരുന്നു.