ചിമ്മിനി ഹനീഫയെ കുത്തിയ കേസ്സിൽ ഒന്നാം പ്രതി ബംഗ്ലൂരിൽ ഒളിവിൽ, രണ്ടുപേർ കസ്റ്റഡിയിൽ

ബേക്കൽ:  കോട്ടിക്കുളത്തെ ബോട്ടുടമ ചിന്മിനി ഹനീഫയെ  കുത്തിയ കേസ്സിൽ പോലീസ് തെരയുന്ന ഒന്നാം പ്രതി കുന്നുകൈ സമീർ 30, ബംഗ്ലൂരിൽ നിന്നും മുങ്ങി. കഴിഞ്ഞ ഒരാഴ്ച സമീർ ബംഗ്ലൂർ പട്ടണത്തിൽ അങ്ങിങ്ങായി മാറി മാറി താമസിച്ചുവരികയായിരുന്നു. ഹനീഫയെ കുത്താനുള്ള ക്വട്ടേഷൻ ഏറ്റെടുത്തത് സമീറാണ്.കോഴിക്കോട്ടാണ് സമീർ ക്വട്ടേഷൻ ഏറ്റെടുത്തത്.

സമീറിന്റെ ഭാര്യയും കുട്ടിയും മാതാപിതാക്കളും കുന്നുംകൈയിലാണ് താമസം. നാളിതുവരെ  സമീർ കവർച്ച, പിടിച്ചുപറി തുടങ്ങിയ രംഗങ്ങളിലാണ് ശ്രദ്ധയൂന്നിയതെങ്കിലും, ഒരാളെ കുത്താൻ ക്വട്ടേഷൻ ഏറ്റെടുക്കുന്നത് ഇതാദ്യമാണ്. സമീർ കുറച്ചു കാലമായി കോഴിക്കോട്ട് ഒരു യുവതിക്കൊപ്പമാണ് താമസം. ഹനീഫയുമായുള്ള സാമ്പത്തിക ബോട്ടിടപാടിൽപ്പെട്ട എതൃകക്ഷികൾ കോഴിക്കോട്ടുകാരാണ്. അവരാണ് കുന്നുംകൈ സമീറിന്  ക്വട്ടേഷൻ ഏൽപ്പിച്ചത്.

നിലവിൽ കുന്നുംകൈ സമീറിന്റെ പേരിൽ കാസർകോട്–കണ്ണൂർ  ജില്ലകളിൽ 5 ക്രിമിനൽ കേസ്സുകളുണ്ട്. സമീറിന്റെ സംഘത്തിലുള്ള മറ്റൊരു പ്രതി കാസർകോട്ടെ തമീം ആണ്. തമീമും കാസർകോട്ടെ  പഴയ  വർഗ്ഗീയ കലാപക്കേസ്സുകളിൽ പ്രതിയാണ്. ഈ കേസ്സിൽ രണ്ട് കൂട്ടുപ്രതികൾ പോലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ നിരന്തരം ചോദ്യം ചെയ്തുവരികയാണ്.

മംഗളൂരു ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചിന്മിനി ഹനീഫ ആശുപത്രി വിട്ട്  വീട്ടിലെത്തിയിട്ടുണ്ട്. ഹനീഫയെ പാലക്കുന്ന്  ടൗണിൽ കാറിൽ  നിന്ന് പുറത്തുവലിച്ചിട്ട്  കഠാര കൊണ്ട് കുത്തിയ സംഘത്തിൽ ആറ് പ്രതികളുണ്ട്. ഇവരിൽ രണ്ടംഗ ക്വട്ടേഷൻ പ്രതികൾ റിമാന്റിലാണ്.

ഹനീഫയുടെ ശരീരത്തിൽ കഠാര കുത്തിയിറക്കിയത് കുന്നുംകൈ സമീറായതിനാൽ സമീറിനെ ഈ  വധശ്രമക്കേസ്സിൽ ഒന്നാം പ്രതി ചേർത്തു. സമീറിന് വേണ്ടി ബംഗളൂരിലും പരിസരപ്രദേശങ്ങളിലും ബേക്കൽ ഡിവൈഎസ്പി, സി. കെ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം വലവിരിച്ചിട്ടുണ്ട്.

LatestDaily

Read Previous

നടി ആക്രമണക്കേസ്സ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ച് പൂഴ്ത്തി

Read Next

കണ്ണൂരില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു; രണ്ടു പേര്‍ പിടിയിൽ