ദേശീയപതാക വിവാദം: പോലീസും റവന്യൂ വകുപ്പും പരസ്പരം പഴിചാരുന്നു

കാഞ്ഞങ്ങാട്  : റിപ്പബ്ലിക്ക് ദിനത്തിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ ദേശീയ പതാകയുയർത്തിയത് തലതിരിച്ചതിന്റെ ഉത്തരവാദിത്തം സംബന്ധിച്ച് പോലീസും, റവന്യൂ വകുപ്പും പഴിചാരുന്നു. എന്നാൽ അബദ്ധം പിണഞ്ഞ മന്ത്രിക്ക് സല്യൂട്ട് ചെയ്യുമ്പോൾ പതാകയെ ഒന്ന് നോക്കാമായിരുന്നുവെന്ന അഭിപ്രായവുമുണ്ട്.തലകീഴായി പതാകയുയർത്തിയതിന്റെ ഉത്തരവാദി പോലീസാണെന്ന് തന്നെയാണ് റവന്യൂ വകുപ്പധികൃതർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ റവന്യൂ വകുപ്പിനെ സഹായിക്കുന്ന ചുമതല മാത്രമാണ് തങ്ങൾക്കെന്ന് പോലീസ് തിരിച്ചടിക്കുന്നു.

റിപ്പബ്ലിക്ക് ദിനത്തിന് രണ്ട് ദിവസം മുമ്പേ ദേശീയ പതാക പോലീസിന് കൈമാറിയതാണെന്നും ഏത് കയർ ഉയർത്തണമെന്ന് മന്ത്രിയ ധരിപ്പിക്കുന്നതിൽ പോലീസിന് വീഴ്ച പറ്റിയതാണെന്നും  റവന്യൂ വകുപ്പ് ആരോപിക്കുന്നു. പതാകയുയർത്തുന്നതിൽ പിഴവ് വരുമ്പോൾ തങ്ങൾക്കാണ് പണി കിട്ടുന്നതെന്ന ആക്ഷേപം പോലീസ് സേനയ്ക്കുണ്ട്. മൊത്തം ചുമതലയുള്ള റവന്യൂ വിഭാഗം തങ്ങളെ പഴിചാരി സമർത്ഥമായി രക്ഷപ്പെടുകയാണെന്നും പോലീസ് ആരോപിക്കുന്നു.

സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരിൽ വീഴ്ച കണ്ടെത്തിയ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിൽ റവന്യൂ വകുപ്പിന്റെ ഉത്തരവാദിത്തം കൃത്യമായി പരാമർശിക്കുന്നുണ്ട്. ദേശീയപതാക ഉയർത്തുന്ന വിഷയത്തിൽ റവന്യൂ ഉദ്യോഗസ്ഥരെ സഹായിക്കുക മാത്രമാണ് തങ്ങൾക്കുള്ള ചുമതലയെന്നും സഹായിക്കുന്നതിൽ വീഴ്ചയുണ്ടായെന്നും മാത്രമാണ് അന്വേഷണ റിപ്പോർട്ടിന്റെ ഉള്ളടക്കമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കാലാ കാലമായി പതാക ഉയർത്തുന്ന ജോലി പോലീസ് നിർവ്വഹിക്കുന്നതിനാൽ ഉത്തരവാദിത്തം മുഴുവൻ പോലീസിന്റെ പേരിൽ പഴി ചാരുന്നതിനും പോലീസ് വിഭാഗത്തിന് പരിഭവമുണ്ട്. യഥാർത്ഥ ഉത്തരവാദിത്തം റവന്യൂ വകുപ്പിനായതിനാൽ അവർക്കെതിരെ നടപടി വേണമെന്നും പോലീസ് സേനയിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഇക്കാര്യം തള്ളിക്കളയുന്നില്ല. എന്നാൽ വിഷയത്തിൽ പോലീസ് അസോസിയേഷന്റെ മൗനം അർത്ഥ ഗർഭമാണ്.

അതേസമയം റിപ്പബ്ലിക്ക് ദിനാഘോഷച്ചടങ്ങിന്റെ ഉത്തരവാദിത്തം തങ്ങൾക്കാണെന്ന കാര്യം റവന്യൂവകുപ്പ് നിഷേധിക്കുന്നില്ല. ഓരോ ചുമതലകൾ വീതിച്ച് നൽകുന്നതിന്റെ ഭാഗമായാണ് പോലീസിന് പതാക ഉയർത്തലും റിഹേഴ്സലും നൽകിയതെന്നും, റവന്യൂവകുപ്പ് വിശദീകരിക്കുന്നു. പതാകയ്ക്കുള്ള കൊടിമരം വൃത്തിയാക്കി വെക്കേണ്ട ചുമതലയും റവന്യൂ അധികൃതർക്കായിരുന്നു. കാസർകോട് വില്ലേജ് ഓഫീസർക്കായിരുന്നു കൊടിമരം സജ്ജമാക്കാനുള്ള ഉത്തരവാദിത്തം.

റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ചുമതല റവന്യൂവകുപ്പിനും, ജില്ലാ ഭരണ കൂടത്തിനുമാണെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎമ്മും സമ്മതിക്കുന്നുണ്ട്. എന്നാൽ 24-ന് രാത്രി തന്നെ പതാക പോലീസിന് കൈമാറിയെന്നും,  ഏത് കയറാണ് പതാക ഉയർത്തുന്നതിന് ഉപയോഗിക്കേണ്ടതെന്നതുൾപ്പെടെ കാര്യങ്ങൾ പോലീസിനായിരുന്നുവെന്നും എഡിഎം വ്യക്തമാക്കുന്നു. ഇതിനെല്ലാം പുറമെയാണ് മന്ത്രി പതാക ഉയർത്തി സല്യൂട്ട് ചെയ്യുമ്പോൾ, ഒന്നു നോക്കാമായിരുന്നില്ലേ എന്ന ചോദ്യവും ഉയരുന്നത്.

LatestDaily

Read Previous

നായ്ക്കയം അസ്ഥികൂടം ഡിഎൻഏ പരിശോധനയ്ക്ക്

Read Next

ഓട്ടോ ഡ്രൈവർ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ