നായ്ക്കയം അസ്ഥികൂടം ഡിഎൻഏ പരിശോധനയ്ക്ക്

വെള്ളരിക്കുണ്ട് : നായിക്കയത്ത് കണ്ടെത്തിയ അസ്ഥികൂടം ഡിഎൻഏ പരിശോധനയ്ക്ക് വിധേയമാക്കും. നായിക്കയം പാലവളപ്പ് പഞ്ചമി എസ്റ്റേറ്റിന് സമീപത്ത് കണ്ടെത്തിയ അസ്ഥികൂടം ആരുടേതെന്ന് തിരിച്ചറിയാത്തതിനെത്തുടർന്നാണ് ശാസ്ത്രീയ പരിശോധന നടത്തുന്നത്. ഇന്നലെ രാവിലെയാണ് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ നായിക്കയം പാലവളപ്പിൽ ഒരുമാസത്തിലധികം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ എൻ. ഒ. സിബിയും സംഘവും സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾക്ക് ശേഷം അസ്ഥികൂടം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഒരുമാസം മുമ്പ് കാണാതായ 69 കാരന്റെ അസ്ഥികൂടമാണിതെന്ന് സംശയമുണ്ടെങ്കിലും, സംശയം സ്ഥിരീകരിച്ചിട്ടില്ല. നായിക്കയത്ത് നിന്നും കാണാതായ 69കാരന്റെ ബന്ധുക്കൾ സ്ഥലത്തെത്തി അസ്ഥികൂടം പരിശോധിച്ചിരുന്നു. കാണാതായ ആളുടെ അസ്ഥികൂടമാണിതെന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു.

ശരീരഭാഗങ്ങൾ  പൂർണ്ണമായി അഴുകിയ നിലയിലുള്ള അസ്ഥികൂടം ആരുടേതാണെന്ന് കൃത്യമായി തിരിച്ചറിയാൻ പറ്റാത്ത സാഹചര്യത്തിലാണ് മൃതദേഹാവശിഷ്ടങ്ങൾ ഡിഎൻഏ പരിശോധനയ്ക്കയക്കാൻ തീരുമാനിച്ചത്. ഡിഎൻഏ പരിശോധനാ ഫലം കിട്ടാൻ വൈകുമെന്നതിനാൽ അസ്ഥികൂടത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത നീങ്ങാൻ കാലതാമസമെടുക്കും. മരിച്ചെന്ന് സംശയിക്കുന്നയാളുടെ ഡിഎൻഏ സാമ്പിളുകളെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കണം.

LatestDaily

Read Previous

മടിക്കൈ നാദക്കോട്ട് മർദ്ദനം ഒതുക്കാൻ നീക്കം

Read Next

ദേശീയപതാക വിവാദം: പോലീസും റവന്യൂ വകുപ്പും പരസ്പരം പഴിചാരുന്നു