ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മടിക്കൈ: യാദവർക്ക് പ്രാധാന്യമുള്ള മടിക്കൈ നാദക്കോട്ട് ക്ഷേത്രത്തിൽ തെയ്യം കാണാനെത്തിയ പതിനേഴുകാരനെ ക്ഷേത്രക്കമ്മിറ്റി ഭാരവാഹി മർദ്ദിച്ച കേസ്സ് ഒതുക്കാൻ, മർദ്ദനമേറ്റ പതിനേഴുകാരൻ വരുണിന്റെ ബന്ധുക്കളിൽ സമ്മർദ്ദം. നാദക്കോട്ട് അമ്പലത്തിൽ തെയ്യം കാണാനെത്തിയ പ്ലസ് വൺ വിദ്യാർത്ഥി ചുള്ളിമൂലയിലെ വരുണിനെയാണ് 17, പ്രദീപൻ എന്ന പ്രവാസിയും മറ്റും ചേർന്ന് ക്ഷേത്ര നടയിൽ നിന്ന് വലിച്ച് പുറത്തിട്ട് ക്രൂരമായി മർദ്ദിച്ചത്.
തെയ്യം നടന്നു പോകുന്ന നടയുടെ ഒാരത്ത് ഇരുന്നുവെന്നായിരുന്നു വരുണിനെതിരായ കുറ്റം. മർദ്ദനത്തിൽ വരുണിന്റെ ചുണ്ട് പൊട്ടി രക്തം വാർന്നു. മൂന്ന് പേർ ചേർന്ന് വലിച്ചു പുറത്തിട്ടപ്പോൾ, കുട്ടിയുടെ ദേഹത്തും പരിക്കുകൾ പറ്റി. കുഞ്ഞുണ്ണി എന്ന് വിളിക്കുന്ന വരുൺ മടിക്കൈ അമ്പലത്തറ ഹയർ സെക്കണ്ടറിയിലെ വിദ്യാർത്ഥിയാണ്. പുലർകാലം 4 മണിക്ക് തെയ്യം പുറപ്പെടുന്നതിന് തൊട്ട് മുമ്പാണ് വരുണിന് മർദ്ദനമേറ്റത്.
പ്രവാസിയായ പ്രദീപ് അടുത്തിടെയാണ് നാട്ടിലെത്തിയത്. ഇദ്ദേഹത്തിനൊപ്പം മറ്റൊരു പ്രവാസിയായ രതീഷും, പ്രകാശനുമുണ്ടായിരുന്നുവെങ്കിലും, വരുണിനെ കണക്കിന് മർദ്ദിച്ചത് പ്രദീപാണ്. അമ്പലക്കമ്മിറ്റിക്കാർ തന്നെ മർദ്ദകരായതിനാൽ, കുട്ടിയെ പ്രദീപൻ മർദ്ദിക്കുന്നത് കണ്ടിട്ടും, മറ്റാരും പ്രശ്നത്തിലിടപ്പെട്ടില്ല.
കുട്ടിയുടെ പരാതിയിൽ പോലീസ് പ്രദീപന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസ്സ് മുളയിൽ തന്നെ നുള്ളാനുള്ള ശ്രമമാണ് അണിയറയിൽ നടന്നുവരുന്നത്. പ്രദീപനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുമില്ല. സംഭവം നാട്ടുകാരിൽ പ്രതിഷേധമുയർത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിയെയാണ് പ്രദീപൻ കണക്കിന് മർദ്ദിച്ചത്.