കാൽനടക്കാരെ വെട്ടിലാക്കി സീബ്രാലൈൻ വാഹനങ്ങൾ കയ്യടക്കുന്നു

കാഞ്ഞങ്ങാട്: സീബ്രാലൈനിനടുത്തെത്തുമ്പോൾ വാഹനങ്ങൾ വേഗത കുറയ്ക്കുകയും കാൽനട യാത്രക്കാർക്ക്   കടന്ന് പോകാൻ അവസരം നൽകുകയും ചെയ്യേണ്ടത് പൊതു മര്യാദയാണ്. എന്നാൽ വാഹനങ്ങൾ കാഞ്ഞങ്ങാട്ട് സീബ്രാലൈനിൽ നിർത്തിയിടുന്നതും സീബ്രാലൈനിനടുത്തെത്തുമ്പോൾ കാൽനടയാത്രക്കാരെ വെട്ടിലാക്കി വേഗത കൂട്ടുന്നതും  പതിവായിരിക്കുന്നു.

സിഗ്നൽ സംവിധാനം നിലവിൽ പുനഃസ്ഥാപിച്ചതോടെ നഗരത്തിലെ സംസ്ഥാന പാതയിൽ വാഹനങ്ങൾ സീബ്രാലൈനിൽ നിർത്തിയിടുന്നത് കാൽനടയാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്നു. കോട്ടച്ചേരി ട്രാഫിക്ക് സർക്കിളിലാണ്  വാഹനങ്ങൾ കൂടുതലും സീബ്രാലൈനിൽ തന്നെ നിർത്തിയിടുന്നത്. സീബ്രാലൈനിൽ വാഹനങ്ങൾ നിർത്തിടുന്നതിനാൽ വഴിയാത്രക്കാർക്ക് റോഡ് മുറിച്ച്  കടക്കാൻ പറ്റാത്ത അവസ്ഥയാണ്.

ചിലയിടങ്ങളിൽ  റോഡ്  മുറിച്ചു കടക്കേണ്ടിടത്ത് സീബ്രവരകള്‍ മാഞ്ഞ് ഇല്ലാതായിട്ടുണ്ട്. പഴയ പോലീസ് എയ്ഡ് പോസ്റ്റിന് മുന്നിലും സീബ്രാലൈനിൽ തന്നെ വാഹനങ്ങൾ നിർത്തിയിടുന്നുണ്ട്. സീബ്രവരകളിൽ വാഹനം പാർക്ക് ചെയ്യുന്നത് കാരണം  കാല്‍ നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കേണ്ടത് അറിയാനും സാധിക്കുന്നില്ല. കിഴക്ക് ഭാഗത്തു നിന്ന് പടിഞ്ഞാറ് വശത്തേക്ക് പോകുന്നവരുടെ തിരക്ക് വര്‍ദ്ധിച്ചതോടെ അമിത വേഗതയിലെത്തുന്ന വാഹനങ്ങള്‍ തട്ടാതെ യാത്രക്കാരെ എതിര്‍വശത്തേക്കെത്തിക്കാന്‍ ഡ്യൂട്ടിയിലുള്ള പോലീസും ഹോം ഗാര്‍ഡും ഏറെ ബുദ്ധിമുട്ടുകയാണ്.

സിഗ്നൽ നിലക്കുന്ന സമയത്ത് ഈ മേഖലയില്‍ ഉപയോഗിക്കേണ്ട നിയമ പ്രകാരമുള്ള വേഗത പാലിക്കാതെ അമിത വേഗതയിലാണ് വാഹനങ്ങള്‍ കടന്നു പോകുന്നത്. കൈ കാണിച്ചാല്‍ പോലും വേഗത കുറയ്ക്കാതെ കുതിക്കുന്ന വാഹനങ്ങളില്‍ തട്ടാതെ ജീവന്‍ പണയം വെച്ചാണ് യാത്രക്കാര്‍ റോഡ് മുറിച്ച് കടക്കുന്നത്.

LatestDaily

Read Previous

കാഞ്ഞങ്ങാട്ട് നിയന്ത്രണമേർപ്പെടുത്തുന്നു

Read Next

കടവുകളിൽ കാസർകോട് പോലീസിന്റെ വൻ മണൽ വേട്ട