കാഞ്ഞങ്ങാട്: വ്യാജ ഡ്രൈവിംഗ് ലൈസൻസ് പിടികൂടിയ കേസ്സിൽ പ്രതിയെ കോടതി തടവിന് ശിക്ഷിച്ചു. വടകര മുക്കിലെ എം. എസ്. ഹംസ ബാവയെയാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് ആറ് മാസം തടവിന് ശിക്ഷിച്ചത്. 2018 ഫെബ്രുവരി 2 ന് 2 മണിക്ക് കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ റോഡിൽ വാഹനപരിശോധനക്കിടെ ഏഎംവിഐ, കെ. ഡി. സജിത്താണ് വ്യാജ ഡ്രൈവിംഗ് ലൈസൻസ് പിടികൂടിയത്.
മോട്ടോർ ബൈക്കോടിച്ച് വരികയായിരുന്നു പ്രതിയുടെ ഡ്രൈവിംഗ് ലൈസൻസ് പരിശോധിച്ചതിൽ സംശയം തോന്നി ലൈസൻസിൽ പതിച്ച ഒപ്പിലും, സീലിലും വ്യത്യാസം തോന്നിയാണ് കൂടുതൽ അന്വേഷണമുണ്ടായത്. പാലായിലെ പി. വി. ശരത്ത് കുമാറിന്റെ പേരിലുള്ളതാണ് പ്രസ്തുത ഡ്രൈവിംഗ് ലൈസൻസെന്ന് ആർടി ഒാഫീസിലെ രേഖകൾ പരിശോധിച്ചതോടെ വ്യക്തമായി. തുടർന്ന് കേസ്സെടുത്ത് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.