ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദിവസം 15 ലക്ഷം രൂപയുടെ ഡിജിറ്റൽ ചൂതാട്ടം
നീലേശ്വരം: തുണ്ടുകടലാസിൽ നമ്പർ കുറിച്ചു നൽകി വർഷങ്ങളായി നാട്ടിൽ നടന്നു വരുന്ന ഒറ്റനമ്പർ ചൂതാട്ടം കഴിഞ്ഞ 5 മാസമായി ഡിജിറ്റൽ ആപ്പിലേക്ക് മാറി. നേരത്തെ ആവശ്യക്കാരോട് പണം വാങ്ങി നമ്പറുകൾ കടലാസിൽ കുറിച്ചു കൊടുത്തിരുന്ന പഴയ രീതി, പുതിയ മൊബൈൽ ആപ്പ് മാർക്കറ്റിലിറക്കിയതോടെ തീർത്തും ഇല്ലാതായി. മുമ്പ് ഒറ്റനമ്പർ കുറിച്ചുകൊടുത്തിരുന്ന ഏജന്റുമാരുടെ ആപ്പിലേക്ക് ഒറ്റനമ്പറുകൾ അയക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. മൊബൈലിൽ സെറ്റു ചെയ്തു വെച്ചിട്ടുള്ള ഒരു ക്ലോക്കിൽ തൊട്ടാൽ സാധാരണ സമയമാണ് തെളിഞ്ഞുവരാറുള്ളതെങ്കിലും ഒറ്റനമ്പർ ആപ്പുകൾ സ്റ്റോർ ചെയ്തു നൽകിയിട്ടുള്ള സെൽഫോണിൽ ക്ലോക്കിൽ തൊട്ടാൽ വലിയ കണ്ണുകളുള്ള ഒരു പക്ഷിയുടെ ചിത്രം പ്രത്യക്ഷപ്പെടും. ഈ പക്ഷിയുടെ കണ്ണിൽ വിരലമർത്തിയാൽ ഉടൻ ഒറ്റനമ്പർ ആപ്പ് ഇടപാടുകാരനോട് നമ്പർ ചോദിക്കും. ഉടൻ ഇഷ്ടമുള്ള നമ്പർ അടിക്കാം. എത്ര രൂപയ്ക്കാണ് കളിയെന്ന ആപ്പിന്റെ ചോദ്യം വന്നാലുടൻ മുടക്കുന്ന തുകയും രേഖപ്പെടുത്തിയാൽ ആപ്പിന്റെ സെൻട്രൽ റിസീവർ കൈയ്യിലുള്ള ചൂതാട്ടം മുതലാളിയുടെ കമ്പ്യൂട്ടറിൽ ഉച്ചയ്ക്ക് 2.15 മണിവരെ ചൂതാട്ടം എളുപ്പത്തിൽ റജിസ്റ്റർ ചെയ്യാം. 2.30 ന് തിരുവനന്തപുരത്ത് അതാതു ദിവസത്തെ ലോട്ടറി നറുക്കെടുപ്പ് വിവരം ഓൺലൈനിലും മെയിലിലും പുറത്തുവരും. അങ്ങിനെ വരുന്ന നമ്പറുമായി കളിയിൽ റജിസ്റ്റർ ചെയ്ത ആൾ നൽകിയ നമ്പർ ഒത്തുവന്നാൽ കളിക്കാരൻ മുടക്കിയ തുകയുടെ പത്തിരട്ടി പണം ചൂതാട്ട ഉടമ ഉടൻ കളിക്കാരന്റെ വീട്ടിലെത്തിക്കണം. അതല്ലെങ്കിൽ ഉടൻ മൊബൈൽ തെളിവുമായി ചൂതാട്ട ബോസിന്റെ വീട്ടിലെത്തിയാൽ പണം റൊക്കം നൽകും. അരക്കോടിയോളം രൂപയുടെ ചൂതാട്ടമാണ് ഒരു ദിവസം പുതിയ ഡിജിറ്റൽ ആപ്പിൽ നടന്നുവരുന്നത്.