ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തൃക്കരിപ്പൂർ : തൃക്കരിപ്പൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങിമരിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. തൃക്കരിപ്പൂരിലെ തേപ്പ് തൊഴിലാളി എൻ. സുനിൽകുമാറിന്റെ 45, മരണവുമായി ബന്ധപ്പെട്ടാണ് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തത്.
സുനിൽകുമാറിന്റെ സുഹൃത്തുക്കളായ കാരോളത്തെ കുഞ്ഞിക്കണ്ണന്റെ മകൻ പി. ദീപക്ക് 33, ഭാസ്ക്കരന്റെ മകൻ കെ. അനൂപ് 34, എന്നിവരെയാണ് സുനിൽകുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ചന്തേര ഐ.പി., പി. നാരായണൻ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കോടതി ഇരുവരെയും റിമാന്റ് ചെയ്തു. സുനിൽ കുമാറിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് ഭാര്യ എരമം പേരൂരിലെ ഷിനി ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ചന്തേര പോലീസ് ഇൻസ്പെക്ടർ നടത്തിയ അന്വേഷണത്തിലാണ് സുനിൽകുമാറിന്റെ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തത്.
ജനുവരി 7-നാണ് സുനിൽകുമാറിനെ മുച്ചിലോട്ട് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 6-ന് രാത്രി വൈകുംവരെ സുനിൽകുമാർ ദീപക്ക്, അനൂപ് എന്നിവരോടൊപ്പം മദ്യപിച്ചിരുന്നു. മദ്യലഹരിയിൽ കുളത്തിൽ കുളിക്കാൻ വാശിപിടിച്ച സുനിൽ കുമാറിനെ അതിൽ നിന്നും പിന്തിരിപ്പിക്കാതെ സുഹൃത്തുക്കൾ വീട്ടിലേക്ക് പോയി. സുനിൽകുമാറിനെ രക്ഷപ്പെടുത്താനോ വിവരം നാട്ടുകാരെ അറിയിക്കാനോ ഇരുവരും തയ്യാറായിരുന്നില്ല. ഇതേത്തുടർന്നാണ് സുനിൽകുമാറിന്റെ സുഹൃത്തുക്കൾക്കെതിരെ മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തത്.