എം. പൊക്ലൻ പുറത്ത്; സിക്രട്ടറിയേറ്റിൽ വി. വി. രമേശനും, സി. പ്രഭാകരനും, സുമതിയും

കാഞ്ഞങ്ങാട്: ആകാംക്ഷയും ഒപ്പം നാടകീയതയും മുറ്റിനിന്ന  അന്തരീക്ഷത്തിൽ ഇന്നലെ അർധരാത്രിയോടെ സിപിഎം പുതിയ ജില്ലാ കമ്മിറ്റിയുടെയും സിക്രട്ടറിയേറ്റിന്റെയും  രൂപീകരണം പൂർത്തീകരിച്ചു. സിപിഎമ്മിന്റെ കാഞ്ഞങ്ങാട്ടെ പ്രമുഖ നേതാവും ഉശിരുറ്റ സംഘാടകനുമായ എം. പൊക്ലൻ ജില്ലാ കമ്മിറ്റിയിൽ നിന്ന്  പുറത്തായി.

പൊക്ലനെ ഒഴിവാക്കാൻ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും നടത്തിയ ചരടുവലി വിജയം കണ്ടെത്തുകയായിരുന്നു. മുഖത്തടിച്ചത് പോലെ കാര്യങ്ങൾ തുറന്ന് പറയുന്ന പൊക്ലൻ  പല നേതാക്കളുടെയും കണ്ണിലെ കരടായിരുന്നു. പൊക്ലനെ ഒഴിവാക്കാനുള്ള ചരട് വലികൾക്ക് അജാനൂരിലെ ചിലരുടെ  പിന്തുണയുണ്ടായിരുന്നു. കാര്യങ്ങൾ  തിരിച്ചറിഞ്ഞ പൊക്ലൻ  ഒഴിയാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.

അതേസമയം മുതിർന്ന നേതാവ് അഡ്വ: പി. അപ്പുക്കുട്ടനെ ജില്ലാ കമ്മിറ്റിയിൽ നിലനിർത്തി.  മുൻ എംഎൽഏയും മുതിർന്ന നേതാവുമായ  പി. രാഘവൻ, തൃക്കരിപ്പൂർ മുൻ എംഎൽഏ, കെ. കുഞ്ഞിരാമൻ, ടി. വി. ഗോവിന്ദൻ, മഞ്ചേശ്വരത്തെ ശങ്കർ റൈ എന്നിവരാണ് ജില്ലാ കമ്മിറ്റിയിൽ നിന്നൊഴിവാക്കപ്പെട്ട മറ്റ് നേതാക്കൾ. സംസ്ഥാന കമ്മിറ്റിയംഗവും, എംഎൽഏയുമായ സി. എച്ച്. കുഞ്ഞമ്പു, കെ. പി. സതീഷ് ചന്ദ്രൻ എന്നിവരും ജില്ലാ കമ്മിറ്റിയിൽ നിന്നൊഴിവായെങ്കിലും, സംസ്ഥാന കമ്മിറ്റിയംഗങ്ങളെന്ന  നിലയിൽ ഇരുവർക്കും ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കാം.

കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാൻ വി. വി. രമേശൻ, മടിക്കൈയിൽ നിന്നുള്ള ജില്ലാ കമ്മിറ്റിയംഗം സി. പ്രഭാകരൻ, മഹിളാ നേതാവ് എം. സുമതി എന്നിവരാണ് ജില്ലാ സിക്രട്ടറിയേറ്റിലേക്ക് പുതുതായി എത്തിയത്. സിഐടിയു  ജില്ലാ സിക്രട്ടറി ടി. കെ. രാജൻ സിക്രട്ടറിയേറ്റിലേക്ക് എത്തുമെന്ന പ്രതീക്ഷയുണ്ടായെങ്കിലും, നടന്നില്ല.

LatestDaily

Read Previous

ജി. രതികുമാർ സമ്മേളന വേദിയിൽ

Read Next

അലാമിപ്പള്ളിയിൽ പതിനഞ്ചുകാരനെ പീഡിപ്പിച്ച കടയുടമയുടെ പേരിൽ കേസ്സ്