ബിജെപിയിലും കോൺഗ്രസ്സിലും ആഭ്യന്തര ജനാധിപത്യമില്ല

മടിക്കൈ: ആഭ്യന്തര ജനാധിപത്യമില്ലാത്ത രണ്ടു പാർട്ടികളാണ് ബിജെപിയും കോൺഗ്രസ്സുമെന്നും, കോൺഗ്രസ്സിനെ നയിക്കുന്നത് അമ്മയും രണ്ടു മക്കളുമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള ആരോപിച്ചു. മടിക്കൈയിൽ സിപിഎം കാസർകോട് ജില്ലാ പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഭ്യന്തര ജനാധിപത്യ രീതി സ്വീകരിക്കാത്ത രാഷ്ട്രീയ പാർട്ടികൾക്ക് പുതിയ  ആശയങ്ങൾ  സൃഷ്ടിക്കാനാവില്ല. ഇന്ത്യ ഭരിക്കുന്ന ബിജെപിയെ നയിക്കുന്നത് ആർഎസ്എസ് ആണ്. അധികാര വാഴ്ചയാണ് മോദി സർക്കാർ രാജ്യത്ത് നടപ്പിലാക്കി വരുന്നത്. സിപിഎം രാജ്യത്തും കേരളത്തിലും നടപ്പിലാക്കി വരുന്നത് പൂർണ്ണമായും മാർക്സിസം അടിസ്ഥാനമാക്കിയുള്ള  തീരുമാനങ്ങളും നയങ്ങളുമാണ്.

പാർട്ടി ഇന്ത്യാ രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഐക്ക് ഒഴികെ  മറ്റൊരു കക്ഷിക്കും ആഭ്യന്തര ജനാധിപത്യം നടപ്പിലാക്കാൻ കഴിയില്ല. ലോകത്ത് അതാതു കാലത്തുണ്ടാകുന്ന മാറ്റങ്ങൾ വിലയിരുത്തിയാണ് സിപിഐഎം  കാര്യങ്ങൾ വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങൾ ലോകത്ത് കരുത്താർജ്ജിച്ചുകൊണ്ടിരിക്കുകയാണ്.

വിയറ്റ്നാം, ലാവോസ്,  ക്യൂബ തുടങ്ങിയ രാഷ്ട്രങ്ങൾ കരുത്താർജ്ജിച്ചുവരികയാണ്. അഴിമതി  ഉന്മൂലനം ചെയ്യുന്നതിൽ ഈ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങൾ അതീവ ശ്രദ്ധ പുലർത്തുന്നുവെന്ന് എസ്ആർപി പറഞ്ഞു. രാജ്യത്ത് സമ്പന്നൻ കൂടുതൽ സമ്പന്നനാകുകയും, ദരിദ്രൻ കൂടുതൽ  ദാരിദ്ര്യത്തിലേക്ക് തള്ളി വീഴുകയും ചെയ്യുന്നത്  രാജ്യം ഭരിക്കുന്ന പാർട്ടികൾക്ക്  ശരിയായ ദിശാബോധമില്ലാത്തതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് പട്ടിണി അറിരട്ടി വർധിച്ചു. ഒരു മിനുറ്റിൽ 11 പേർ പട്ടിണി മൂലം മരിക്കുന്നു. ഇന്ത്യയിൽ കോവിഡിനെ നിയന്ത്രിക്കാൻ മോദി സർക്കാറിന് കഴിഞ്ഞില്ല. കാരണം കോവിഡ് വാക്സിനുകൾ മുഴുവൻ  വാങ്ങി സമ്പന്നർ അവരുടെ ഗോഡൗണുകളിൽ സൂക്ഷിച്ചു. സാധാരണ ജനങ്ങൾക്ക് വാക്സിൻ കിട്ടിയില്ല. കേരളം പുതിയ ചിന്തകളും പുതിയ ആശയങ്ങളും കൊണ്ടുവരാനുള്ള പണിപ്പുരയിലാണെന്ന് എസ്ആർപി പറഞ്ഞു.

LatestDaily

Read Previous

എം.വി. ബാലകൃഷ്ണൻ സിക്രട്ടറി സ്ഥാനത്ത് തുടരും, പത്തുപേർ പുറത്താകും യുവാക്കൾക്ക് പ്രാതിനിധ്യം

Read Next

ജി. രതികുമാർ സമ്മേളന വേദിയിൽ