എം.വി. ബാലകൃഷ്ണൻ സിക്രട്ടറി സ്ഥാനത്ത് തുടരും, പത്തുപേർ പുറത്താകും യുവാക്കൾക്ക് പ്രാതിനിധ്യം

കാഞ്ഞങ്ങാട് : മടിക്കൈയിൽ ഇന്നാരംഭിച്ച സിപിഎം ജില്ലാ സമ്മേളനം ഞായറാഴ്ച അവസാനിക്കുമ്പോൾ നിലവിലെ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ  തന്നെ ജില്ലാ സെക്രട്ടറിയായി തുടരാനാണ് സാധ്യത. എന്നാൽ നിലവിലെ ജില്ലാ കമ്മിറ്റിയിലുള്ള പത്തോളം പേർ പുതിയ കമ്മിറ്റിയിലുണ്ടാവില്ല. മുതിർന്ന അംഗങ്ങളും മുൻ എംഎൽഏമാരുമായ പി. രാഘവൻ, തൃക്കരിപ്പൂർ മുൻ എംഎൽഏ, കെ. കുഞ്ഞിരാമൻ എന്നിവർ മാറുമെന്നുറപ്പാണ്. രോഗത്തെത്തുടർന്ന് വിശ്രമാവസ്ഥയിലുള്ള പി. രാഘവനെയും , 75 പിന്നിട്ട കെ. കുഞ്ഞിരാമനെയും ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ട്.

പിലിക്കോട്ട് നിന്നുള്ള മുൻഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ഗോവിന്ദൻ കാഞ്ഞങ്ങാട്ടെ മുതിർന്ന അഭിഭാഷകൻ അഡ്വ :പി. അപ്പുക്കുട്ടൻ, മലയോര മേഖലയിൽ നിന്നുള്ള പി.ആർ. ചാക്കോ, എം.വി. കൃഷ്ണൻ, എം. ലക്ഷ്മി, മഞ്ചേശ്വരത്ത് നിന്നുള്ള ശങ്കർറൈ എന്നിവരാണ് ഒഴിവാക്കപ്പെടുന്നവരുടെ പട്ടികയിലുള്ള മറ്റുള്ളവർ. അജാനൂരിലെ പ്രമുഖ നേതാവ് എം. പൊക്ലനെ ജില്ലാ സമിതിയിൽ നിന്ന് ഒഴിവാക്കാൻ ഒരു വിഭാഗം ശക്തമായി ചരട് വലിക്കുന്നുണ്ടെങ്കിലും എത്രത്തോളം വിജയിക്കുമെന്നത് നിശ്ചയമില്ല.

ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് പി.കെ. നിഷാന്ത്, കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി രാജ്മോഹൻ, ഡിവൈഎഫ്ഐ നേതാവ് ഷാലുമാത്യു,എളേരി ഏരിയാ സെക്രട്ടറി സി. ജെ. സജിത്ത്, കുമ്പള ഏരിയാ സെക്രട്ടറി സി.ഏ. സുബൈർ എന്നിവരാണ് പുതുതായി ജില്ലാ സമിതിയിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നത്.  മുൻമന്ത്രിമാരായ കോടിയേരി ബാലകൃഷ്ണൻ, കെ. ടി. ജലീൽ എന്നിവരുടെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്ന കാഞ്ഞങ്ങാട്ടെ എം. രാഘവൻ സർക്കാർ സർവ്വീസിൽ നിന്ന് രാജിവെച്ച് സിപിഎം സംഘടനാ രംഗത്ത് സജീവമായതോടെ നിലവിൽ പാർട്ടി കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അംഗമാണ്.

രാഘവൻ ജില്ലാ സമ്മേളന പ്രതിനിധിയല്ലെങ്കിലും, ജില്ലാ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയുണ്ട്. പാർട്ടി മാനദണ്ഡപ്രകാരം 75 കഴിഞ്ഞവരെ കേന്ദ്ര കമ്മിറ്റിയിൽ നിന്നും സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കുമ്പോൾ മുതിർന്ന അംഗം മുൻ എംപി, പി. കരുണാകരനെ ജില്ലാ സമിതിയിലും, ജില്ലാ സിക്രട്ടറിയേറ്റിലും നിലനിർത്തേണ്ടി വരും. ജില്ലാ സിക്രട്ടറിയേറ്റിലേക്കുണ്ടാകുന്ന ഒഴിവുകളിലേക്കും, പുതുമുഖങ്ങൾ കടന്നുവരും.

LatestDaily

Read Previous

ഫഹിമ ഒറ്റയടിക്ക് കഴിച്ചത് 40 ഗുളികകൾ മരണ കാരണം ഹൃദയസ്തംഭനം

Read Next

ബിജെപിയിലും കോൺഗ്രസ്സിലും ആഭ്യന്തര ജനാധിപത്യമില്ല