ഫഹിമ ഒറ്റയടിക്ക് കഴിച്ചത് 40 ഗുളികകൾ മരണ കാരണം ഹൃദയസ്തംഭനം

തൃക്കരിപ്പൂർ : വലിയ പറമ്പ് മാടക്കാലിൽ ബിരുദ വിദ്യാർത്ഥിനി മരിച്ചത് അലർജിക്കുള്ള ഗുളികകൾ അമിതമായി കഴിച്ചതിനാലെന്ന് കണ്ടെത്തി. അലർജി ചികിത്സയ്ക്കുള്ള 40 ഗുളികകളാണ് യുവതി ഒറ്റയടിക്ക് കഴിച്ചത്. അഞ്ച് ഗ്രാമിൽ കൂടുതൽ അകത്ത് ചെന്നാൽ ഹൃദയസ്തംഭനത്തിന് കാരണമാകുന്ന ഗുളികകളാണ് യുവതി കഴിച്ചത്.

വലിയപറമ്പ് മാടക്കാലിലെ എം.കെ. ഫഹിമയെ 22, അമിതമായി ഗുളികകൾ കഴിച്ചതിനെത്തുടർന്ന് മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന യുവതി അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അമിതമായി ഗുളികകൾ കഴിച്ചതിനെത്തുടർന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണ കാരണം. പിലാത്തറയിലെ സ്വകാര്യ കോളേജിൽ അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയായ ഫഹിമ ഒതുങ്ങിക്കഴിയുന്ന പ്രകൃതക്കാരിയാണ്.

അധികമാരോടും സൗഹൃദമില്ലാത്ത യുവതി സഹപാഠികളുമായി അടുത്ത ചങ്ങാത്തം പ്രകടിപ്പിക്കാത്ത  പ്രകൃതക്കാരിയായിരുന്നു. ഫഹിമ അലർജിക്കുള്ള ചികിത്സയിലായിരുന്നു.  അലർജി മാറാനുള്ള 40 ഗുളികകളാണ് യുവതി ഒന്നിച്ച് കഴിച്ചത്. ഇത്രയധികം ഗുളികകൾ ഒന്നിച്ച് കഴിച്ചതിനാൽ സംഭവം അബദ്ധത്തിലുണ്ടായതല്ലെന്ന് വ്യക്തം. ജീവനൊടുക്കാൻ നിശ്ചയിച്ച് തന്നെയാണ് ഫഹിമ അമിതമായി ഗുളികകൾ കഴിച്ചതെന്ന് സംശയിക്കുന്നു. ജീവിതമവസാനിപ്പിക്കാനുള്ള യുവതിയുടെ തീരുമാനത്തിന് പിന്നിലെ കാരണമെന്തെന്ന് കണ്ടെത്തിയിട്ടില്ല.

യുവതിയുടെ മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് ചന്തേര പോലീസ് ഇൻസ്പെക്ടർ പി. നാരായണൻ പറഞ്ഞു. മുറിയിൽ നിന്നും അലർജി ഗുളികയുടെ ഒഴിഞ്ഞ പായ്ക്കറ്റുകൾ പോലീസ് കണ്ടെടുത്തിരുന്നു. യുവതിയെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഇനിയും കണ്ടെത്തിയിട്ടില്ല. ഫഹിമയുടെ രക്ഷിതാക്കളിൽ നിന്നും സുഹൃത്തുക്കളിൽ  നിന്നും പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിക്കും.

LatestDaily

Read Previous

മാല പൊട്ടിക്കൽ ഒരാൾകൂടി പിടിയിൽ

Read Next

എം.വി. ബാലകൃഷ്ണൻ സിക്രട്ടറി സ്ഥാനത്ത് തുടരും, പത്തുപേർ പുറത്താകും യുവാക്കൾക്ക് പ്രാതിനിധ്യം