കോൺഗ്രസ്സ് നേതാവിന്റെ അവിഹിതം പുറത്താക്കിയ വീട്ടമ്മയുടെ വഴി മുടക്കി

ചെറുവത്തൂർ : കോൺഗ്രസ്സ് ഭാരവാഹിയായ സഹകരണ ബാങ്ക് ഉദ്യോഗസ്ഥന്റെ അവിഹിത ബന്ധം നേതാക്കളെ അറിയിച്ച കോൺഗ്രസ്സ് പ്രവർത്തകയുടെ വീട്ടുവഴി ആരോപണ വിധേയനായ സഹകരണ ബാങ്ക് ഉദ്യോഗസ്ഥൻ മുടക്കിയ സംഭവം കോൺഗ്രസ്സിനുള്ളിൽ പുകയുന്നു. ചെറുവത്തൂർ തെക്കേവളപ്പ് വഴിയുള്ള പഞ്ചായത്ത് റോഡ് വികസനത്തിന് സഹകരണ ബാങ്കുദ്യോഗസ്ഥനായ കോൺഗ്രസ് ഭാരവാഹി തുരങ്കം വെച്ചത്  അവിഹിത ബന്ധം കണ്ടുപിടിച്ച സ്ത്രീയോടുള്ള പക തീർക്കാനാെണന്നാണ് ആരോപണം.

തെരഞ്ഞെടുപ്പുകളിൽ  കോൺഗ്രസ്സ് ബൂത്ത് ഏജന്റായി പ്രവർത്തിച്ചതിന്റെ പേരിൽ സിപിഎമ്മിന്റെ കയ്യേറ്റത്തിനിരയായ തെക്കേവളപ്പിൽ സി. ശാരദയുടെ വീടിന് സമീപത്തുള്ള റോഡ് നിർമ്മാണത്തിനാണ് കോൺഗ്രസ് നേതാവ് തുരങ്കം വെച്ചത്. സി. ശാരദയുടെ വീടിന് മുന്നിൽക്കൂടിയാണ് കോൺഗ്രസ് നേതാവ് പതിവായി ജാരസംഗമത്തിന് പോയിക്കൊണ്ടിരുന്നത്.  ഉറച്ച കോൺഗ്രസ് പ്രവർത്തകയായ സി. ശാരദ ഇൗ വിവരം ഡിസിസി, മണ്ഡലം, ബ്ലോക്ക് നേതാക്കളെ അറിയിച്ചിരുന്നുവെങ്കിലും വിഷയം പാർട്ടി ചർച്ചയ്ക്കെടുത്തില്ല.

തന്റെ രഹസ്യ ബന്ധം കണ്ടുപിടിച്ച് പാർട്ടി നേതൃത്വത്തെ അറിയിച്ച ശാരദയോടുള്ള പക മൂത്തതിന്റെ പേരിൽ ആരോപണ വിധേയനായ നേതാവ് റോഡ് പണിക്ക് പാര വെച്ചു. തുടർന്ന് ശാരദയും കുടുംബവും സിപിഎമ്മിൽ ചേരാൻ തീരുമാനിച്ചെങ്കിലും, കോൺഗ്രസ് നേതാക്കൾ ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു. റോഡ് നിർമ്മാണത്തിലെ തടസ്സം നീക്കാൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഇടപെട്ടില്ലെന്ന് ആരോപണമുണ്ട്.

സഹകരണ ബാങ്ക് ജീവനക്കാരനെതിരെയുള്ള ലൈംഗികാരോപണത്തെക്കുറിച്ച് തുരുത്തി, വെങ്ങാട്ട്, കാടങ്കോട് മുതലായ പ്രദേശങ്ങളിലെ കോൺഗ്രസ് പ്രവർത്തകർ സംശയമുന്നയിച്ചെങ്കിലും, പ്രാദേശിക കോൺഗ്രസ് നേതൃത്വമോ, ആരോപണ വിധേയനായ കോൺഗ്രസ് നേതാവോ മിണ്ടുന്നില്ല. നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ വി. നാരായണനും, ഡോ. കെ.വി. ശശിധരനും ഇൗ വിഷയം ബ്ലോക്ക് കോൺഗ്രസ് യോഗത്തിൽ ഉന്നയിച്ചുവെങ്കിലും, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടായ മഡിയൻ ഉണ്ണികൃഷ്ണൻ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടിന്റെ ഉറ്റ ചങ്ങാതി കൂടിയാണ് ലൈംഗികാരോപണ വിധേയനായ സഹകരണ ബാങ്ക് ഉദ്യോഗസ്ഥൻ.

LatestDaily

Read Previous

മുൻ മന്ത്രി സിടിക്ക് എതിരെ പ്രകടനം

Read Next

സർക്കാർ ഹോസ്റ്റലിലെ പീഡനം; പീഡന വിവരം പുറത്തുവിടാതിരിക്കാനുള്ള നീക്കം പാളി