വളരുന്ന പട്ടിണി

ഇന്ത്യയിൽ സമ്പന്നർ അതിസമ്പന്നരും ദരിദ്രർ അതിദരിദ്രരുമാകുന്ന സാമ്പത്തിക സാഹചര്യമാണ് നിലവിലുള്ളതെന്നാണ് സ്ഥിതിവിവരണക്കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ അതിദരിദ്രരുടെ എണ്ണം പതിമൂന്നര കോടിയോളം വരുമെന്നാണ് കണക്ക്. കോവിഡിന് ശേഷമുള്ള സാഹചര്യത്തിലാണിത്. അതേ സമയം സമ്പന്നർ അതിസമ്പന്നരാകുകയും ചെയ്തിട്ടുണ്ട്. കോവിഡിനെ തുടർന്ന് സാമ്പത്തിക മേഖലയിലുണ്ടായ മാന്ദ്യം വൻകിട കോർപ്പറേറ്റുകളെ ബാധിക്കാത്തതിന്റെ മായാജാലമാണ് കണ്ടുപിടിക്കേണ്ടത്.

ഒരു നേരത്തെ ഭക്ഷണത്തിന് പോലും ഗതിയില്ലാതായി എല്ലുന്തിപ്പോയ പട്ടിണിക്കോലങ്ങളുള്ള  ഇന്ത്യയിലാണ് ശതകോടീശ്വരൻമാർ തങ്ങളുടെ സമ്പാദ്യങ്ങൾക്ക് മേൽ അടയിരിക്കുന്നത്. സമ്പദ് വ്യവസ്ഥയിലെ ഈ അസമത്വത്തിന് കാരണം  കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ  പരാജയമല്ലാതെ മറ്റൊന്നല്ല. കോർപ്പറേറ്റുകളെ തടിച്ചുകൊഴുക്കാൻ സഹായിക്കുന്ന സാമ്പത്തിക നയങ്ങളാണ് ഭരണകൂടം കുറേക്കാലമായി പിന്തുടരുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ നാലരക്കോടി ജനങ്ങൾ കൂടി അതീവദരിദ്രരായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ എൺപത്തിനാല് ശതമാനം കുടുംബങ്ങളുടെയും വരുമാനം കുത്തനെ ഇടിയുകയും ചെയ്തു. ബാക്കി വരുന്ന പതിനാറ് ശതമാനം ഇന്ത്യക്കാർ മാത്രമാണ് രാജകീയ സുഖഭോഗങ്ങൾ അനുഭവിക്കുന്നതെന്ന് സാരം. ആഗോള തലത്തിൽ ദാരിദ്ര്യപട്ടികയിലേക്ക് വീണവരിൽ പകുതിയും ഇന്ത്യക്കാരാണെന്ന യാഥാർത്ഥ്യം ഇന്ത്യയ്ക്ക് അഭിമാനിക്കാൻ വക നൽകുന്നതുമല്ല.

രാജ്യത്ത് വരുമാനത്തിൽ പിന്നിലുള്ള നാൽപ്പത് ശതമാനത്തിന്റെ ആകെ സ്വത്തിനേക്കാൾ നാൽപ്പത്തൊമ്പത് ലക്ഷം കോടിയോളം കൂടുതൽ ഇന്ത്യയിലെ അതിസമ്പന്നരുടെ പണപ്പെട്ടികളിൽ കൂട്ടിയിട്ടിരിക്കുകയാണെന്ന  വസ്തുത ഇന്ത്യയിലെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരത്തിന്റെ വ്യാപ്തി ചൂണ്ടിക്കാണിക്കുന്നു. കോവിഡിനെതുടർന്നുണ്ടായ സാമ്പത്തിക അസമത്വങ്ങൾ സൃഷ്ടിക്കുന്ന സാമൂഹ്യ പ്രത്യാഘാതങ്ങൾ വർണ്ണിക്കാവുന്നതിനപ്പുറമാണെന്നതാണ് യാഥാർത്ഥ്യം.

സ്വകാര്യ കോർപ്പറേറ്റുകൾക്ക് കലവറയില്ലാതെ പിന്തുണ നൽകുന്ന സർക്കാരാണ് നിർഭാഗ്യവശാൽ ഇന്ത്യ ഭരിക്കുന്നത്. സമ്പന്നരെ അതിസമ്പന്നരാക്കുന്ന സാമ്പത്തിക നയം കൊണ്ട് ഇന്ത്യയിലെ പട്ടിണിപ്പാവങ്ങൾക്ക് യാതൊരു നേട്ടവും ലഭിച്ചിട്ടില്ലെന്ന സത്യത്തെ ഉൾക്കൊണ്ട് വേണം ഇന്ത്യൻ സമ്പദ് വ്യവസ്ഥ നേരിടുന്ന സാമ്പത്തിക അസമത്വത്തെക്കുറിച്ചുള്ള ഓരോ ചർച്ചകളും ആരംഭിക്കേണ്ടത്.

പൊതുമേഖല സ്ഥാപനങ്ങൾ വിറ്റ് തുലച്ച് തൊഴിലില്ലായ്മ രൂക്ഷമാക്കിയ സർക്കാർ സാധാരണക്കാരന്റെ കൈയ്യിൽ വരുമാനമെത്തുന്ന തൊഴിൽ പാക്കേജുകളോ സാമ്പത്തിക പാക്കേജുകളോ ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല. ഇന്ത്യയിൽ നിലനിൽക്കുന്ന സാമ്പത്തിക അസമത്വം ഇതോടെ അവസാനിച്ചുവെന്ന് കരുതാൻ വയ്യ. വിൽപ്പനയ്ക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങൾ സ്വകാര്യ മേഖലകൾക്ക് കൈമാറുന്നതോടെ സ്ഥാപനങ്ങളിൽ നിന്നും ഒഴിവാക്കപ്പെടുന്ന തൊഴിലാളികളും ജീവനക്കാരും തെരുവിൽ പിച്ച തെണ്ടേണ്ടിവരുമെന്നതിൽ യാതൊരു സംശയവുമില്ല. ദരിദ്രരെ ഞെരുക്കിക്കൊല്ലുന്ന സാമ്പത്തിക അസമത്വത്തിന് മറുമരുന്ന് കണ്ടെത്തേണ്ട ബാധ്യത രാജ്യം ഭരിക്കുന്ന സർക്കാരിന്  തന്നെയാണ്.

തെരുവുകളിലും ചേരികളിലും വൃത്തിഹീനമായ സാഹചര്യത്തിൽ മനുഷ്യർ പുഴുക്കളെപ്പോലെ ഇഴയുമ്പോൾ കാഴ്ചക്കാരായി മാറിനിൽക്കുകയല്ല ഭരണകൂടം ചെയ്യേണ്ടത്. പട്ടിണി സൂചികയിൽ ഒന്നാമതെത്താൻ മൽസരിക്കുന്ന തരത്തിലുള്ള നിലപാട് സർക്കാരിന് ഭൂഷണമല്ല തന്നെ.  ഇരുപത്തൊന്നാം നൂറ്റാണ്ടിലും പട്ടിണിയും ദാരിദ്ര്യവും നിലനിൽക്കുന്നുവെന്നത്  ലജ്ജാകരവും ഭരണനിർവ്വഹണത്തിലെ കഴിവുകേടുമാണ്. പ്രതിമകളും ക്ഷേത്ര  ഇടനാഴികളും ക്ഷേത്രങ്ങളും നിർമ്മിക്കുന്നതിൽ ഊറ്റം കൊള്ളുന്ന ഭരണകൂടം ദൈവം പൂഴിമണ്ണിൽ കളിക്കുന്നവരോടൊപ്പമാണെന്ന മഹാകവി  ടാഗോറിന്റെ കവിതാ ശകലങ്ങൾ വല്ലപ്പോഴുമെടുത്ത് വായിക്കുന്നത് നല്ലതാണ്.

LatestDaily

Read Previous

ആശുപത്രി കെട്ടിടം കരിഒായിലൊഴിച്ച് വികൃതമാക്കിയതിന് കേസ്

Read Next

കേരള പോലീസിന് ദുബായിൽ നിന്ന് ക്വട്ടേഷൻ, തൃശൂർ മെഡിക്കൽ കോളജ് പോലീസിനെതിരെ അന്വേഷണത്തിന് ഉത്തരവ്