കെ.റെയിലിന് കോൺഗ്രസ് പ്രവർത്തകർ ഭൂമി വിട്ടുനൽകി, കോൺഗ്രസിൽ ഭിന്നത

ചെറുവത്തൂർ: അർധ വേഗ റെയിൽ പദ്ധതിയായ കെ.റെയിലിനെതിരെയുള്ള കോൺഗ്രസ് നിലപാടുകൾക്ക് വിരുദ്ധമായി ചെറുവത്തൂരിൽ പാർട്ടി പ്രവർത്തകർ പദ്ധതിക്ക് ഭൂമി വിട്ടു കൊടുത്തതിൽ ചെറുവത്തൂരിൽ കോൺഗ്രസിനുള്ളിൽ അമർഷം പുകയുന്നു.

കെ.റെയിലിന് കല്ല് നാട്ടാൻ ഇന്നലെ ചെറുവത്തൂരിൽ  ഉദ്യോഗസ്ഥരെത്തിയപ്പോൾ തടയാൻ ആളുണ്ടായില്ല. ചെറുവത്തൂർ മുണ്ടക്കണ്ടം, വെങ്ങാട്ട്, മയ്യിച്ച, ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ പരിസരം, മട്ടലായികുന്നിൻ ചെരുവിന് സമീപത്തെ വയൽ എന്നിവിടങ്ങളിൽക്കൂടിയാണ് കെ.റെയിലിന്റെ അലൈൻമെന്റ്  കടന്നുപോകുന്നത്.

ഈ പ്രദേശങ്ങളിൽ പദ്ധതിക്കായി ഭൂമി വിട്ടു നൽകിയവരിൽ കോൺഗ്രസ് ബൂത്ത് നേതാക്കൾ മുതൽ സാധാരണ കോൺഗ്രസ് പ്രവർത്തകർ വരെയുണ്ട്. നിസ്സാരവിലയ്ക്ക് ഭൂമി വാങ്ങിയവർക്ക് സർക്കാർ നിശ്ചയിച്ച കനത്ത വില ലഭിക്കുന്നതിനാലാണ് കോൺഗ്രസ് പ്രവർത്തകരടക്കം കെ.റെയിലിന് ഭൂമി വിട്ടു നൽകിയത്.

കെ.റെയിലിന് കുറ്റി നാട്ടുന്ന വിവരം ചെറുവത്തൂരിലെ കോൺഗ്രസ് പ്രവർത്തകർ പ്രാദേശിക കോൺഗ്രസ് നേതാക്കളെ അറിയിച്ചിരുന്നുവെങ്കിലും, നേതാക്കളാരും സ്ഥലത്തേക്ക് തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപമുണ്ട്. കെ.റെയിലിനെതിരെ സംസ്ഥാനത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സമരങ്ങൾ നടക്കുമ്പോൾ ചെറുവത്തൂരിലെ കോൺഗ്രസ്  നേതൃത്വം അനങ്ങുന്നില്ലെന്നാണ് പ്രവർത്തകരുടെ ആക്ഷപം.

കഴിഞ്ഞ ദിവസം ചെറുവത്തൂരിലെ സ്വകാര്യ വ്യക്തിയുടെ  പറമ്പിൽ കെ.റെയിലിന്റെ കുറ്റികൾ സ്ഥാപിക്കുന്നതിന് കെ.റെയിൽ ഉദ്യോഗസ്ഥരെത്തിയിരുന്നു. ചെറുവത്തൂരിൽ ഭൂമിവിട്ടു കൊടുത്തവർക്കും കെ.റെയിൽ ഉദ്യോഗസ്ഥർക്കും സംരക്ഷണമൊരുക്കാൻ ഇടതുപക്ഷ പ്രവർത്തകർ സജീവമായി മുന്നിലുണ്ട്.

LatestDaily

Read Previous

സിപിഎം ബഹുദൂരം; ഏറ്റവും വലിയ ഒറ്റക്കക്ഷി

Read Next

വിദ്വേഷ വാർത്ത: ഖാദർ കരിപ്പോടിക്കെതിരെ വീണ്ടും കേസ്സ്