കോട്ടച്ചേരി മേൽപ്പാലം പൂർത്തിയായി; ഉൽഘാടനത്തിന് മന്ത്രി റിയാസെത്തും

കാഞ്ഞങ്ങാട്: ഒരു ജനതയുടെ സ്വപ്ന സാക്ഷാൽക്കാരമായ കോട്ടച്ചേരി റെയിൽ മേൽപ്പാലം യാഥാർത്ഥ്യമായി. അവസാന മിനുക്ക് പണികൾ പൂർത്തിയാക്കി ഫെബ്രുവരിയിൽ മേൽപ്പാലം തുറന്ന് കൊടുക്കും. ഉൽഘാടനത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സംബന്ധിച്ചേക്കും. കാഞ്ഞങ്ങാട് നഗരസഭയിലേയും അജാനൂർ ഗ്രാമപഞ്ചായത്തിലേയും തീരദേശ ജനതയുടെ വർഷങ്ങളായുള്ള ആവശ്യം പൂവണിയുന്ന അസുലഭ മുഹുർത്തത്തിന്  പാലം തുറന്ന് കൊടുക്കുന്നതോടെ പരിസമാപ്തിയാവും.

മേൽപ്പാലം സമീപന റോഡിന്റെ ടാറിംഗ് ജോലികൾ കഴിഞ്ഞയാഴ്ച പൂർത്തിയായി. റോഡ് മാർക്കിംഗ് ജോലികൾ ഉടൻ പൂർത്തീകരിച്ച് കഴിഞ്ഞാൽ കരാറുകാർ മേൽപ്പാലം പൊതു മരാമത്ത് വകുപ്പിന് കൈമാറുന്നതോടെ ഉൽഘാടനത്തിനുള്ള  ഒരുക്കങ്ങൾക്ക് തുടക്കമാവും. എടപ്പാൾ മേൽപ്പാലം ഉൽഘാടനം ഈയിടെ നടത്തിയപ്പോൽ ആൾക്കൂട്ടമുണ്ടായത് വലിയ വിവാദമായ പശ്ചാത്തലത്തിൽ കോട്ടച്ചേരി മേൽപ്പാലം ഉൽഘാടനത്തിന് കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി പരിമിതമായ ആളുകൾക്ക് മാത്രമേ അനുമതി ലഭിക്കുകയുള്ളൂ.

കോവിഡ് വ്യാപനം കൂടി പരിഗണിച്ചായിരിക്കും ഉൽഘാടനച്ചടങ്ങുകൾ ക്രമീകരിക്കുക. അതിന് മുമ്പായി പാലത്തിന്റെ ഭദ്രത ഉറപ്പ് വരുത്തേണ്ടതുണ്ട്. റെയിൽപാളത്തിന് മുകളിലൂടെ കടന്ന് പോകുന്ന ഭാഗങ്ങൾ റെയിൽവെ സുരക്ഷാ കമ്മീഷന്റെ മേൽനോട്ടത്തിൽ നേരത്തെ പൂർത്തീകരിച്ചു. മഴ നീണ്ടു പോയതാണ് സമീപന റോഡിന്റെ പണി പൂർത്തീകരിക്കാൻ വൈകിയത്. ഡിസംബർ അവസാനത്തോടെ പണി പൂർത്തീകരിച്ച് പുതുവർഷം ആദ്യത്തിൽ തന്നെ ഉൽഘാടനം ചെയ്യാനാവുമെന്ന് കണക്ക് കൂട്ടിയിരുന്നുവെങ്കിലും, ടാറിംഗ് പൂർത്തിയാക്കാൻ പിന്നെയും സമയമെടുത്തു.

മേൽപ്പാലത്തിനായുള്ള ഭൂമി ഏറ്റെടുക്കുന്നതിനുൾപ്പടെ 38 കോടി രൂപ ചെലവിൽ പണികഴിപ്പിച്ച മേൽപ്പാലത്തിന്റെ ദൈർഘ്യം 600 മീറ്ററാണ്. തീരദേശക്കാർക്കും റെയിൽവെ ലവൽ ക്രോസിലെ ഗെയിറ്റിൽ കുടുങ്ങി സമയ നഷ്ടമില്ലാതെ നഗരത്തിലെത്താനും നഗരത്തിന്റെ മറ്റുഭാഗങ്ങളിലുള്ളവർക്ക് തീരദേശങ്ങളിലെത്താനും മേൽപ്പാലം സഹായകമാകും മേൽപ്പാലം വരുന്നതോടെ കോട്ടച്ചേരി റെയിൽവെ ഗേറ്റ് ഒാർമ്മയിലേക്ക് മറയും

LatestDaily

Read Previous

കോൺഗ്രസ് ആക്രമണോത്സുക രാഷ്ട്രീയത്തിലേക്ക്

Read Next

കുവൈറ്റിൽ മരിച്ച മടിക്കൈ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു