ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പടന്ന : സ്കൂൾ പിടിഏ പ്രസിഡണ്ട് സ്ഥാനത്തെച്ചൊല്ലി സിപിഎമ്മിൽ തമ്മിലടി. ഉദിനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പിടിഏ കമ്മിറ്റി പ്രസിഡണ്ട് സ്ഥാനത്തെച്ചൊല്ലിയാണ് പാർട്ടിയിലെ ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായത്. തർക്കത്തെ തുടർന്ന് ഇന്നലെ സ്കൂളിൽ നടന്ന പിടിഏ ജനറൽ ബോഡിയിൽ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനായില്ല.
ഉദിനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഇന്നലെ നടന്ന രക്ഷാകർത്താക്കളുടെ പൊതുയോഗം പതിമൂന്നംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തിരുന്നു. എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ പിടിഏ പ്രസിഡണ്ട് ആരായിരിക്കണമെന്നതിനെച്ചൊല്ലി തർക്കമുണ്ടായി.
സ്കൂൾ പരിധിയിൽ സിപിഎമ്മിന് രണ്ട് ലോക്കൽ കമ്മിറ്റികളാണുള്ളത്. ഉദിനൂർ സെൻട്രൽ ലോക്കലിലെ കെ. രാജീവിനെ പിടിഏ പ്രസിഡണ്ടാക്കാനുള്ള നീക്കത്തെ പടിഞ്ഞാർ ലോക്കൽ പരിധിയിലുള്ളവർ എതിർത്തതോടെയാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് അലങ്കോലമായത്. കെ. രാജീവിന്റെ പേര് പിടിഏ പ്രസിഡണ്ട് സ്ഥാനത്തേക്ക് നിർദ്ദേശിച്ചതോടെ പടിഞ്ഞാർ ലോക്കലിലെ ഒ. കെ. രമേശന് വേണ്ടി സിപിഎം ചെറുവത്തൂർ ഏരിയയിലെ യുവനേതാവ് രംഗത്തെത്തി. ഇതേച്ചൊല്ലി തർക്കമുണ്ടായതോടെ യോഗം പിരിച്ചുവിടുകയായിരുന്നു.