കാഞ്ഞങ്ങാട്ട് ലക്ഷങ്ങളുടെ രാസലഹരി പിടികൂടി മൂന്ന് യുവാക്കൾ പിടിയിൽ

ആറങ്ങാടി-നിലാങ്കര വീട്ടിൽ സംയുക്ത റെയ്്ഡ്, എയർപിസ്റ്റലും 45,000രൂപയും മരുന്ന് തൂക്കുന്ന ത്രാസ്സും പിടികൂടി

കാഞ്ഞങ്ങാട് : ആറങ്ങാടി നിലാങ്കരയിൽ വൻ മയക്കുമരുന്ന് വേട്ട. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി., ഡോ.വി. ബാലകൃഷ്ണന്റെയും, ആന്റി നാർക്കോട്ടിക്ക്, ആന്റി ഗുണ്ടാ സ്ക്വാഡിന്റെയും നേതൃത്വത്തിൽ ഇന്നലെ സന്ധ്യയ്ക്ക് നടന്ന സംയുക്ത റെയ്ഡിലാണ്  വീട്ടിൽ നിന്നും 22.48 ഗ്രാം എം.ഡി.എംഏ രാസലഹരിമരുന്ന് പിടികൂടിയത്.

കഴിഞ്ഞ ദിവസം കാസർകോട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻനായരുടെയും, ആന്റി നാർക്കോട്ടിക്ക് ഡിവൈഎസ്പി, എം.ഏ. മാത്യുവിന്റെയും നേതൃത്വത്തിൽ നടന്ന സംയുക്ത റെയ്ഡിൽ 16 കിലോ കഞ്ചാവ് പിടികൂടിയതിന് പിന്നാലെയാണ് ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന എം.ഡിഎം.ഏ പിടികൂടിയത്.

ആറങ്ങാടി നിലാങ്കരയിലെ പരേതനായ മുഹമ്മദിന്റെ മകൻ എൻ.എം. ഷാഫിയുടെ വീട്ടിൽ നിന്നാണ് പോലീസ് എം.ഡി.എം.ഏ. പിടികൂടിയത്. വീട്ടിൽ നിന്നും 45,000 രൂപ, എയർ പിസ്റ്റൽ, എം.ഡി.എം.ഏ. തൂക്കാനുപയോഗിക്കുന്ന ത്രാസ്സ് എന്നിവയും പിടിച്ചെടുത്തു. സന്ധ്യയ്ക്ക് തുടങ്ങിയ പരിശോധന മണിക്കൂറുകൾ നീണ്ടു.

ഷാഫിയുടെ കൂട്ടാളികളായ മീനാപ്പീസിലെ മുഹമ്മദ് ആദിൽ 26, വടകര മുക്കിലെ കെ. ആഷിഖ് 28  എന്നിവരെയും പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം കാസർകോട്ട് പിടിയിലായ കഞ്ചാവ് കടത്ത് സംഘത്തിൽ നിന്നാണ് നിലാങ്കര ഷാഫിയുടെ വീട് കേന്ദ്രീകരിച്ച് നടക്കുന്ന എം.ഡിഎം.ഏ കച്ചവടത്തെക്കുറിച്ച് പോലീസിന് രഹസ്യ സൂചന ലഭിച്ചത്. ഇതേത്തുടർന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദ്ദേശത്തെത്തുടർന്നാണ് ആറങ്ങാടിയിൽ സംയുക്ത റെയ്ഡ് നടന്നത്. പിടിച്ചെടുത്ത ലഹരിമരുന്നിന് ലക്ഷങ്ങൾ വിലവരും. കേസ്സിൽ ഒന്നാം പ്രതിയായ ഷാഫിക്കെതിരെ മയക്കുമരുന്ന് കടത്തിയതിന് നേരത്തെ േകസുണ്ടായിരുന്നു.

പ്രസ്തുത കേസ്സിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഷാഫി വീണ്ടും പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം ഗാർഡർ വളപ്പിലെ ക്വാർട്ടേഴ്സിൽ നിന്നും ഹോസ്ദുർഗ്ഗ് എസ്ഐ, കെ. ശ്രീജേഷ് 1.450 മില്ലിഗ്രാം എം.ഡിഎം.ഏ പിടികൂടിയിരുന്നു. ആവിക്കര കെ.എം.കെ. ക്വാർട്ടേഴ്സിലെ കെ. മുഹമ്മദിന്റെ മകൻ കെ. ആഷിഖിൽ 24, നിന്നാണ് പോലീസ് എം.ഡിഎം.ഏ പിടികൂടിയത്. കാഞ്ഞങ്ങാട്ടും പരിസര പ്രദേശങ്ങളിലും എം.ഡിഎം.ഏ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് നിലാങ്കരയിലെ ഷാഫിയെന്ന് സൂചനയുണ്ട്. പിടിയിലായ പ്രതികൾക്കെതിരെ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു. ഇവരെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ  നേതൃത്വത്തിൽ ഹോസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടർ കെ.പി. ഷൈൻ, എസ്.ഐ, ഒാമനക്കുട്ടൻ, സീനിയർ സിവിൽ പോലീസ് ഒാഫീസർ ടി.വി. പ്രമോദ്, അബൂബക്കർ കല്ലായി, കെ.ടി. ശരണ്യ, ജിനേഷ്, ഷാജൻ, രമ്യ, രേഷ്മ, ജയേഷ്, സജിത്ത്, അജേഷ്, രജനീഷ് എന്നിവരാണ് സംയുക്ത റെയ്ഡിൽ പങ്കെടുത്തത്.

LatestDaily

Read Previous

പരപുരുഷ ബന്ധം: സ്ത്രീയുടെ കാമുകനെ പിടികൂടിയത് ഒരു വർഷത്തിന് ശേഷം

Read Next

ആപ്പിളിൽ മയക്കുമരുന്ന് കടത്തുന്നു