സി.പി.എം നേതാവ് ലതേഷ് കൊലക്കേസിലെ സാക്ഷി മോഹൻലാൽ മൊഴി മാറ്റി

തലശ്ശേരി : സി.പി.എം.തിരുവങ്ങാട് ലോക്കൽ കമ്മിററിയംഗവും തലായി ബ്രാഞ്ച് സിക്രട്ടറിയുമായ ചക്യത്ത് മുക്കിലെ കെ. ലതേഷ് കൊലക്കേസ് വിചാരണക്കിടയിൽ ഒരു സാക്ഷി മൊഴി മാറ്റി. രണ്ടാം സാക്ഷി ചക്യത്ത് മുക്കിലെ മോഹൻലാൽ എന്ന ലാലുവാണ് നേരത്തെ പോലീസിന് നൽകിയ മൊഴി കോടതിയിൽ മാറ്റി പറഞ്ഞത്.

ഇയാൾ കൂറുമാറിയതായി  പ്രഖ്യാപിച്ചു. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി നാലിലാണ് പ്രമാദമായ രാഷ്ട്രീയ കൊലപാതകക്കേസിന്റെ സാക്ഷി വിസ്താരം നടക്കുന്നത്. 2008 ഡിസംബർ 31 ന് വൈകീട്ട് അഞ്ചരയോടെയാണ് ലതേഷ് കൊല്ലപ്പെട്ടത്. ദൃക്സാക്ഷിയായ സഹോദരൻ സന്തോഷിന്റെ പരാതിയിലാണ് കേസെടുത്തിരുന്നത്. ആർ.എസ്.എസ്., ബി.ജെ.പി. പ്രവർത്തകരായ സുമിത്ത്, പ്രനീഷ് ബാബു, നിധിൻ, സനൽ, സ്മിജേഷ്, സജീഷ്, ജയേഷ്, അജിത്ത്, സന്തോഷ് കുമാർ, ശരത്ത്, സനീഷ്, അജേഷ്, എന്നിവരാണ് പ്രതികൾ.

സംഭവ സമയം ചക്യത്ത് മുക്കിലെ പ്രേമന്റെ  തുന്നൽ കടയുടെ സമീപം നിൽക്കുകയായിരുന്നുവെന്നും അവിടെയുണ്ടായിരുന്ന ലതേഷിനെ ചിലർ ചേർന്ന് കാലിന് വെട്ടിവീഴ്ത്തിയതായും മോഹൻലാൽ സാക്ഷി വിസ്താരത്തിൽ മൊഴി നൽകി. വെട്ടിയവരെ മനസ്സിലായില്ല. കൊലപാതക സംഭവം കഴിഞ്ഞ് 19 ദിവസത്തിന് ശേഷമാണ് പോലിസ് തന്റെ മൊഴി രേഖപ്പെടുത്തിയതെന്നും സാക്ഷി കോടതി മുൻപാകെ ബോധിപ്പിച്ചു. ആരുടേയും പേര് പോലീസിനോട് പറഞ്ഞിട്ടില്ല.ഇതോടെയാണ് സാക്ഷി കൂറുമാറിയതായി പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചത്.

നേരത്തെ പറഞ്ഞതിൽ നിന്നും ഭിന്നമായിരുന്നു മൊഴി. സാക്ഷിയെ പ്രോസിക്യൂഷൻ ക്രോസ് വിസ്താരം നടത്തും.  ഇതിനായി കേസ് 27 ന് വീണ്ടും പരിഗണിക്കുo.ആർ.എസ്.എസ് പ്രവർത്തകരായ പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ പി.എസ്.ഈശ്വരൻ, ടി. സുനിൽ കുമാർ, പി.പ്രേമരാജൻ എന്നിവരാണ് ഹാജരായത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പി.കെ.വർഗ്ഗീസാണ് വാദിക്കുന്നത്. കൊല നടന്ന് II വർഷത്തിന് ശേഷമാണ് കേസ് വിചാരണക്കെത്തിയത്.

LatestDaily

Read Previous

ഹോസ്റ്റൽ പീഡനം; പെൺകുട്ടികളിൽ നിന്ന് രഹസ്യമൊഴിയെടുത്തു, പ്രതികളെ തിരിച്ചറിഞ്ഞു

Read Next

16 കിലോ കഞ്ചാവ് കടത്തിയ 3 പേർ പിടിയിൽ