സ്വർണ്ണം കടത്താൻ പേസ്റ്റ് രൂപത്തിലുള്ള ബെൽറ്റ് ഉണ്ടാക്കി

കാര്യർ ചിത്താരി സ്വദേശി ഹനീഫയുടെ ജീവനക്കാരൻ

കാഞ്ഞങ്ങാട്: ദുബായിൽ നിന്ന് പർദ്ദ, പിസ്ത, ബദാം, രണ്ട് സ്വർണ്ണ വളകൾ, ഒരു സ്വർണ്ണച്ചെയിൻ എന്നിവ കൊടുത്തയച്ച കാര്യർ തലശ്ശേരി നാദാപുരം പുറമേരി സ്വദേശി  ജുനൈദ് 23, ഷാർജ റോളയിൽ സെൽഫോൺ വ്യാപാരം നടത്തുന്ന നോർത്ത് ചിത്താരി സ്വദേശി റൈറ്റർ ഹനീഫയുടെ കടയിലെ ജീവനക്കാരൻ. ഹനീഫയുടെ റോളയിലുള്ള മൊബൈൽ ഷോപ്പിൽ 4 മാസക്കാലമായി ജീവനക്കാരനായിരുന്ന പുറമേരി ജുനൈദിന്റെ കൈയ്യിലാണ് ഹനീഫ സ്വർണ്ണവളയും സുഹൃത്തിന്റെ കുഞ്ഞിന് നൽകാൻ   സ്വർണ്ണച്ചെയിനും 40 പർദ്ദകളും കൊടുത്തുവിട്ടത്.

ദുബായ് എയർപോർട്ടിൽ നിന്ന് കയറ്റിവിടാൻ ടിക്കറ്റിന്  കാശും അത്യാവശ്യ ചിലവിനുള്ള പണവും ഏറ്റുവാങ്ങിയ ജുനൈദ് ദുബായ് നൈഫ് ടൗണിൽ നിന്നുള്ള കാസർകോട്ടുകാരായ ഏതാനും സ്വർണ്ണക്കടത്തുകാരുടെ കെണിയിൽ വീഴുകയും,  ഇവരുടെ നിർദ്ദേശമനുസരിച്ച് ഒരു കോടി രൂപയുടെ സ്വർണ്ണക്കുഴമ്പ് നിറച്ച ബെൽറ്റ് അരയിൽ കെട്ടിക്കൊടുത്ത് ഷാർജ എയർപോർട്ടിൽ നിന്ന് കയറ്റി വിടുന്നതിന് മുമ്പ് മറ്റൊരു സുഹൃത്തിനെ എയർപോർട്ടിലേക്ക് വിളിച്ച് സ്വർണ്ണ ബെൽറ്റ് അയാൾക്ക് നൽകിയ ശേഷമാണ് ജുനൈദ് വിമാനത്തിൽക്കയറിയത്.

കോഴിക്കോട് കരിപ്പൂരിൽ ഇറങ്ങിയ ജുനൈദ് പുറമേരിയിലുള്ള സ്വന്തം വീട്ടിലെത്തിയശേഷം മുങ്ങുകയായിരുന്നു. ടി.പി. ചന്ദ്രശേഖരൻ വധക്കേസ്സിൽ ഇപ്പോൾ പരോളിലുള്ള പ്രതിയുടെ ഭാര്യാ സഹോദരനാണ് ഷാർജ വിമാനത്താവളത്തിൽ സ്വർണ്ണക്കുഴമ്പ് നിറച്ച ബെൽറ്റ് ജുനൈദിനോട് കൈക്കലാക്കി ഷാർജ ഗോൾഡ് സൂക്കിൽ മറിച്ചുവിറ്റതെന്ന് വിവരം ലഭിച്ചിട്ടുണ്ട്.

നാട്ടിലിറങ്ങി മുങ്ങിയ ജുനൈദിന് സ്വർണ്ണ ബെൽറ്റ് കൊടുത്ത വകയിൽ 35 ലക്ഷം രൂപ ബെൽറ്റ് സ്വീകരിച്ച ആൾ കൊടുത്തു. ജുനൈദിന്റെ ജ്യേഷ്ഠന് ഈ വകയിൽ 15 ലക്ഷം രൂപ വേറെയും കൈമാറി. ശേഷിച്ച 50 ലക്ഷം രൂപ ടി.പി. കേസ്സിൽ ഇപ്പോൾ പരോളിൽ കഴിയുന്ന പ്രതിക്ക് നൽകിയതായും പുറത്തുവന്നിട്ടുണ്ട്.

LatestDaily

Read Previous

സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം പോലീസ് നടപടി ശക്തമാക്കി

Read Next

വധശ്രമക്കേസ്സ് പ്രതി തൂങ്ങി മരിച്ചു, യുവതിക്ക് വെട്ടേറ്റത് ലൈംഗീക പീഡന ശ്രമത്തിൽ