ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മൈസൂരു: ഒന്നര വർഷത്തിനിടെ 3 വിവാഹം കഴിച്ച വിവാഹത്തട്ടിപ്പ് വീരനായ അഭിഭാഷകനെ പോലീസ് തെരയുന്നു. കെ. ആർ. നഗർ താലൂക്കിലെ ചണ്ഡഗാലുവിൽ താമസിക്കുന്ന സി. വി. സുനിൽകുമാറെന്ന അഭിഭാഷകനാണ് ഒന്നര വർഷത്തിനിടെ 3 തവണ വിവാഹിതനായി ഭാര്യമാരിൽ നിന്നും പണം തട്ടിയെടുത്തത്. കർണ്ണാടക ശിവമോഗ സാഗർ താലൂക്കിലെ സ്ത്രീയെയാണ് സുനിൽ കുമാർ ആദ്യം വിവാഹം കഴിച്ചത്.
വൈവാഹിക പംക്തിയിലെ പരസ്യം കണ്ടാണ് ഇരുവരും പരിചയപ്പെട്ടത്. 2020 ജൂൺ 16-നായിരുന്നു ഇവരുടെ വിവാഹം. ആദ്യഭാര്യയിൽ നിന്നും അഭിഭാഷകൻ 5 ലക്ഷം രൂപ തട്ടിയെടുക്കുകയും ക്രമേണ ഇവരെ ഉപദ്രവിക്കാനാരംഭിക്കുകയും ചെയ്തു. ഉപദ്രവം സഹിക്കാതെ ഇവർ കെ. ആർ. നഗർ പോലീസിൽ പരാതി നൽകുകയും ഈ കേസ്സിൽ അഭിഭാഷകൻ ഒരു മാസത്തോളം റിമാന്റിൽ കഴിയുകയും ചെയ്തു. ഒന്നാം ഭാര്യയുമായുള്ള കേസ്സ് കോടതിയിൽ നിലനിൽക്കുമ്പോഴാണ് സുനിൽ കുമാർ 2021 ജുലായിൽ മൈസൂരു ബാംബുനഗറിലെ സ്ത്രീയെ വിവാഹം കഴിച്ചത്. ആദ്യഭാര്യ അറിയാതെ രഹസ്യമായായിരുന്നു വിവാഹം.
സുനിൽകുമാർ രഹസ്യമായി സൂക്ഷിച്ചിരുന്ന ആദ്യവിവാഹത്തിന്റെ സർട്ടിഫിക്കറ്റ് രണ്ടാം ഭാര്യ കണ്ടുപിടിച്ചതോടെയുണ്ടായ പ്രശ്നത്തിൽ രണ്ടാം ഭാര്യ ഇദ്ദേഹത്തെ വിട്ടുപോയി. രണ്ടര ലക്ഷത്തോളം രൂപ സുനിൽകുമാർ രണ്ടാം ഭാര്യയിൽ നിന്നും ഇതിനിടെ തട്ടിയെടുത്തിരുന്നു. രണ്ട് വിവാഹങ്ങളും മറച്ച് വെച്ച് അഭിഭാഷകൻ ബംഗളൂരു സ്വദേശിയായ സ്ത്രീയെ വിവാഹം കഴിച്ചത് 2021 ഡിസംബർ 2-നാണ്. ഇരുവരും ഒരുമിച്ച് ജീവിക്കുന്നതിനിടയിലാണ് മൂന്നാംഭാര്യയായ സ്ത്രീക്ക് സുനിൽ കുമാറിന്റെ പൂർവ്വ വിവാഹബന്ധങ്ങളെക്കുറുിച്ച് വിവരം ലഭിച്ചത്.
ഇതേ തുടർന്ന് ഇവർ പോലീസിൽ പരാതി നൽകിയതോടെ സുനിൽകുമാർ ഒളിവിലാണ്. മൂന്നാം ഭാര്യയുടെ ഏടിഎം കാർഡും പിൻനമ്പറും തന്ത്രപരമായി സംഘടിപ്പിച്ച അഭിഭാഷകൻ ഇവരുടെ അക്കൗണ്ടിൽ നിന്ന് വൻതുക പിൻവലിച്ചിട്ടുണ്ട്. 2022 ജനുവരി 2-നാണ് സുനിൽ കുമാറിനെതിരെ മൂന്നാം ഭാര്യ പോലീസിൽ പരാതി നൽകിയത്. തൊട്ടുപിന്നാലെയാണ് വിവാഹത്തട്ടിപ്പ് വീരനായ അഭിഭാഷകൻ ഒളിവിൽ പോയത്.