നാരായണന്റെ ആത്മഹത്യയിൽ നടുങ്ങി പുല്ലൂർ ഗ്രാമം

കാഞ്ഞങ്ങാട് : ഹൊസ്ദുർഗ് സർവ്വീസ് സഹകരണബാങ്ക് ജീവനക്കാരന്റെ ജീവനെടുത്തത് ഷോക്കോസ് നോട്ടീസ്. ഹൊസ്ദുർഗ് സഹകരണബാങ്ക് സായഹ്നശാഖ സീനിയർ ക്ലാർക്ക് പുല്ലൂർ  ഉദയപുരത്തെ ടി.വി.നാരായണൻ 46, തന്റേതല്ലാത്ത കുറ്റത്തിന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതിന്റെ മനോവിഷമത്തിലാണ് തൂങ്ങിമരിച്ചതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ വ്യക്തമാക്കി.

ഹൊസ്ദുർഗ് സഹകരണബാങ്ക്   ഞാണിക്കടവ് സ്വദേശിനിയായ സ്ത്രീക്ക് 6 ലക്ഷം രൂപ വായ്പ നൽകിയിരുന്നു. ഈ വായ്പയുടെ തിരിച്ചടവ് മുടങ്ങുകയും വായ്പാതുക പലിശയടക്കം 9 ലക്ഷം രൂപയായി വർദ്ധിക്കുകയും ചെയ്തു. കുടിശിക വരുത്തിയ ഞാണിക്കടവിലെ സ്ത്രീക്കും ജാമ്യക്കാരനും ബാങ്ക് പരിസരത്തെ തതട്ടുകട ഉടമയായ നാരായണനും ബാങ്ക് നോട്ടീസയച്ചതിന്റെ പശ്ചാത്തലത്തിൽ ജാമ്യക്കാരൻ ബാങ്ക് പ്രസിഡന്റിന് പരാതി  നൽകി. 

ബാങ്കിലെ സീനിയർ ക്ലാർക്കായ ടി.വി.നാരായണൻ തട്ടുകട ഉടമയായ നാരായണനോട് ഞാണിക്കടവിലെ സ്ത്രീയുടെ ബാങ്ക് വായ്പയ്ക്ക് ജാമ്യം നിൽക്കാൻ അഭ്യർത്ഥിച്ചുവെന്നാരോപിച്ചാണ് പരാതിയെന്നാണ് സൂചന. വാക്കാൽ പറഞ്ഞ അഭ്യർത്ഥനയുടെ പേരിൽ ബാങ്കിന്റെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ടി.വി.നാരായണൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു.

കോൺഗ്രസിന്റെ ഉറച്ച പ്രവർത്തകനും പ്രാദേശിക നേതാവുമായ നാരായണൻ ഇന്നലെ കാഞ്ഞങ്ങാട് നടന്ന കോൺഗ്രസ്സ് റാലിയുടെ ഒരുക്കങ്ങൾക്കായി തിങ്കളാഴ്ച രാത്രി വൈകും വരെ കാഞ്ഞങ്ങാട് നഗരത്തിലുണ്ടായിരുന്നു. കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതിന്റെ മാനസിക സമ്മർദ്ദം താങ്ങാനാവാതെയാണ് ഇദ്ദേഹം  ജീവനൊടുക്കിയതെന്നാണ് വിവരം.

പത്രം ഏജന്റ് കൂടിയായ നാരായണൻ കാഞ്ഞങ്ങാട്ടുകാർക്ക് ഏറെ സുപരിചിതനാണ്. സൗമ്യ സ്വഭാവിയായ ഇദ്ദേഹത്തിന്റെ മരണം പുല്ലൂർ നിവാസികളിൽ ഏറെ ഞെട്ടലുണ്ടാക്കി. പുതുതായി നിർമ്മിച്ച വീട്ടിൽ അടുത്തയാഴ്ച  ഗൃഹപ്രവേശം നടക്കാനിരിക്കെയാണ് നാരായണന്റെ ആത്മഹത്യ. ഗൃഹനാഥന്റെ ആത്മഹത്യയിൽ കുടുംബവും ബന്ധുക്കളും ആകെ തകർന്നിരിക്കുകയാണ്.

കോൺഗ്രസിന്റെ പരിപാടികളിലെല്ലാം സജീവസാന്നിദ്ധ്യമായിരുന്ന നാരായണന്റെ മരണം ഇന്നലെ നടന്ന കോൺഗ്രസ് റാലിയുടെ ആവേശത്തിലും കരിനിഴൽ വീഴ്ത്തി. നാരായണന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.    

LatestDaily

Read Previous

രാഷ്്ട്രീയനേട്ടത്തിന് മുഖ്യമന്ത്രി വർഗ്ഗീയ ശക്തികളെ പ്രോൽസാഹിപ്പിക്കുന്നു: പ്രതിപക്ഷ നേതാവ്

Read Next

ട്രാഫിക് സിഗ്നൽ മിഴി തുറന്നു നഗരത്തിൽ ഗതാഗതക്കുരുക്കഴിയുന്നു