178 ല്‍ നിന്നും പൂജ്യത്തിലേക്ക്: കൊറോണ പ്രതിരോധത്തിൽ കാസര്‍കോടൻ നാള്‍വഴികൾ ഊര്‍ജം പകരും

കാസര്‍കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 178 രോഗികളില്‍ നിന്ന് അവസാനത്തെ കൊറോണബാധിതനും രോഗവിമുക്തി നേടിയതോടെ കാസര്‍കോടിന്റെ ചരിത്ര നേട്ടം ലോകമെമ്പാടുമുള്ള രോഗപ്രതിരോധ പ്രവര്‍ത്തനനങ്ങള്‍ക്ക് ഉത്തേജനം നല്‍കും.

പരിമിതമായ ആരോഗ്യ സംവിധാനങ്ങള്‍ ഉപയോഗിച്ച് വിവിധ വകുപ്പുകളുടെ ചിട്ടയായ പ്രവര്‍ത്തനവും പൊതുജനങ്ങളുടെ പിന്തുണയും കൈമുതലാക്കി ഒരു രോഗിയേയും മരണത്തിലേക്ക് തള്ളിവിടാതെയാണ് ജില്ല നിലവില്‍ കോവിഡ് മുക്തമായിരിക്കുന്നത്. ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അവസാനത്തെ രോഗിയും പടിയിറങ്ങിയ കോവിഡിനെ പൊരുതി തോല്‍പ്പിച്ച ജില്ലയായി കാസര്‍കോട് മാറുകയാണ്.

കേരളത്തില്‍ രണ്ടാം ഘട്ട രോഗ വ്യാപനം ആരംഭിച്ചപ്പോള്‍ സംസ്ഥാനം ഭയത്തോടെ നോക്കിക്കണ്ട ജില്ല. സമൂഹ വ്യാപനത്തിലേക്ക് വഴുതിപ്പോകാന്‍ അത്രമേല്‍ സാധ്യത യുണ്ടായിരുന്ന ജില്ല. തൊട്ടടുത്ത റെഡ് സോണുകളെ സാക്ഷിയാക്കി കോവിഡ് മുക്തമാകുമ്പോള്‍ രാപ്പകലില്ലാതെ ഉറക്കമൊഴിടച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട എല്ലാവര്‍ക്കും അഭിമാനിക്കാം.

നാടിനെ നെഞ്ചോട് ചേര്‍ത്ത് കടുത്ത പ്രതിരോധ മറയൊരുക്കിയ ജില്ലാ ഭരണകൂടത്തിനും 178 കോവിഡ് രോഗികളേയും ചികിത്സിച്ച് ഭേതമാക്കിയ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും ജാഗ്രത കൈവിടാതിരിക്കാന്‍ കാവലിരുന്ന പോലീസുകാര്‍ക്കും ക്വാറന്റൈനില്‍ പെട്ടുപോയ ജനതയ്ക്കായി ഭക്ഷണപ്പൊതികള്‍ ഒരുക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും നാടും നഗരവും അണുവിമുക്തമാക്കാന്‍ ഓടിനടന്ന ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ക്കും അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ആരോഗ്യം ഉറപ്പുവരുത്താനും വയോജനങ്ങളുടെ വിവര ശേഖരണത്തിനുമെല്ലാം മുന്നേ നടന്ന അംഗണ്‍വാടി പ്രവര്‍ത്തകര്‍ക്കും സ്വയം നിയന്ത്രിച്ച് പുറത്തിറങ്ങാതെ വീടുകളില്‍ കഴിഞ്ഞ ഓരോരുത്തര്‍ക്കും അഭിമാനിക്കാം.

ഇതൊരു ചരിത്ര മുഹൂര്‍ത്തമാണ്. രാജ്യത്തിലെ തന്നെ ഹോട്ട് സ്‌പോട്ടായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ല ആഴ്ചകള്‍ക്കിപ്പുറം മഹാമാരിയെ തുരത്തി സ്മ്പൂര്‍ണ്ണ കോവിഡ് മുക്ത ജില്ലയായി തീര്‍ന്നിരിക്കുന്നു. കൈ കഴുകിയും മസ്‌ക് ധരിച്ചും ചങ്ങലപൊട്ടിച്ച് വീട്ടിനകത്തിരുന്നും കാസര്‍കോട്ടുകാര്‍ കോവിഡിനെ തുരത്തിയിരിക്കുന്നു. കോവിഡിനെ നേരിടുമ്പോള്‍ ജില്ലയ്ക്ക് താങ്ങായി ഒരാഴ്ചക്കാലം കൊണ്ട് പ്രവര്‍ത്തന സജ്ജമായ കാസര്‍കോടിന്റെ മെഡിക്കല്‍ കോളേജ്, തിരവനന്തപുരത്തുനിന്നും കോട്ടയത്തു നിന്നുമെല്ലാം വിധഗ്ദ്ധ സംഘങ്ങളുടെ സേവനം സര്‍ക്കാര്‍ ജില്ലയ്ക്ക് നല്‍കിയ കരുതലിന്റെ നാള്‍വഴികള്‍ മറക്കരുത്.

എങ്കിലും ആശ്വസിക്കാന്‍ സമയമായിട്ടില്ല. റിപ്പോര്‍ട്ട് ചെയ്ത മുഴുവന്‍ രോഗികളും രോഗമുക്തി നേടുമ്പോഴും കൂടുതല്‍ രോഗികള്‍ ഉണ്ടായിക്കൂടെന്നില്ല. ഇനി രോഗം വരാതിരിക്കാന്‍ ഇതുവരെ തുടര്‍ന്നതിനെക്കാള്‍ കൂടിയ ജാഗ്രത നാം പുലര്‍ത്തണം.

ചെറിയ ജാഗ്രതക്കുറവ് മതി പ്രശ്‌നം രൂക്ഷമാകാനെന്ന് അനുഭവത്തിലൂടെ നാം പഠിച്ചു കഴിഞ്ഞു. സാമൂഹിക അകലം പാലിച്ചുകൊണ്ട് ഒരേ മനസ്സോടെ മഹാമാരിക്കെതിരെ പോരാടാം. സര്‍ക്കാര്‍ മുന്നിലുണ്ട്. നിര്‍ദ്ദേശങ്ങള്‍ കൃത്യതയോടെ പാലിച്ച് നമുക്ക് ഈ നാടിന്റെ സുരക്ഷ ഉറപ്പുവരുത്താം.

LatestDaily

Read Previous

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് നേതാവ് മരണപ്പെട്ടു

Read Next

പറക്കളായി യു.പി.സ്ക്കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്റർ ചന്ദ്രശേഖരൻ വി നിര്യാതനായി