മുഹമ്മദ് ഇസ്മയിലിന് നാടിന്റെ ശ്രദ്ധാഞ്ജലി

കാഞ്ഞങ്ങാട്: ഇന്നലെ നിര്യാതനായ റോട്ടറി സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് ഇസ്മായിലിന് 11, അധ്യാപകരും, സഹപാഠികളും, രക്ഷിതാക്കളും, മാനേജ്മെന്റ്  ഭാരവാഹികളും നാട്ടുകാരുമുൾപ്പെടെ ശ്രദ്ധാഞ്ജലികളർപ്പിച്ചു. മംഗളൂരു ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുഹമ്മദ് ഇസ്മയിൽ ഇന്നലെ ഉച്ചയോടെയാണ് മരണപ്പെട്ടത്

സന്ധ്യയോടെ മാണിക്കോത്ത് കെ. എച്ച്. എം. സ്കൂളിലെത്തിച്ച ഭൗതീക ശരീരത്തിൽ റോട്ടറി സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ബീനാ സുകു, പിടിഏ പ്രസിഡണ്ട് ടി. മുഹമ്മദ് അസ്്ലം, ഡയറക്ടർ ഗജാനൻ കമ്മത്ത്, കെ. ആർ. ബൽരാജ്, സ്റ്റാഫ് സിക്രട്ടറി ആർ. ഷൈനി എന്നിവരുടെ  നേതൃത്വത്തിൽ അധ്യാപകരും, സഹപാഠികളും, സംയുക്ത മുസ്ലീം ജമാഅത്ത്  വൈസ് പ്രസിഡണ്ട് മുബാറക്ക് ഹസൈനാർ ഹാജി ഉൾപ്പെടെ നാനാ തുറകളിലുള്ള നിരവധിയാളുകളും  ആദരാഞ്ജലികളർപ്പിച്ചു. മദ്രസ്സ ഹാളിൽ നടത്തിയ ജനാസ നമസ്ക്കാരത്തിന് മാണിക്കോത്ത് ജുമാ മസ്ജിദ് ഇമാം മുഹ്്യുദ്ദീൻ അസ്ഹരി നേതൃത്വം നൽകി.

തുടർന്ന് പിതാവ് സി. എച്ച് മൊയ്തുവിന്റെ നാടായ തൈക്കടപ്പുറത്തെ വസതിയിലെത്തിച്ച മുഹമ്മദ് ഇസ്മയിലിന്റെ മൃതശരീരത്തിന് ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ അന്ത്യാഞ്ജലികളർപ്പിച്ചു. തുടർന്ന് നുസ്രത്ത് മസ്ജിദ് വളപ്പിൽ മൃതദേഹം മറവ് ചെയ്തു. ലേറ്റസ്റ്റ് ഏജന്റുമാരായ മാണിക്കോത്തെ സാലിഹ്, ഹാരിസ് എന്നിവരുടെ സഹോദരി മിസ്രിയയാണ് മരിച്ച മുഹമ്മദ് ഇസ്മയിലിന്റെ മാതാവ്. സഹോദരിമാർ: ഫാത്തിമ, ശംല, റൈഹാന, ഹാജറ. എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിൽ മരിച്ച മുഹമ്മദ് ഇസ്മയിൽ ഉൾപ്പെട്ടിരുന്നു.

LatestDaily

Read Previous

നിർമ്മാണത്തിലുള്ള വീട്ടിൽ ബാങ്ക് ജീവനക്കാരൻ തൂങ്ങി മരിച്ചു

Read Next

മംഗളൂരുവിൽ ട്രെയിനിൽ നിന്നും വീണ് മരിച്ച യുവാവിന്റെ ജഢം നാട്ടിലെത്തിച്ചു