ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം: ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ റിട്ടയേഡ് അധ്യാപകൻ മരിച്ചു. പൊള്ളലേറ്റ് വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹം ഇന്ന് പുലർച്ചെയാണ് മരിച്ചത്. നീലേശ്വരം പട്ടേന പുതിയില്ലത്ത് കൃഷ്ണൻ നമ്പൂതിരിയാണ് 75, ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ചത്.
മൂന്നാഴ്ച മുമ്പാണ് ഇദ്ദേഹത്തിന്റെ ഭാര്യ ഗിരിജാ അന്തർജ്ജനം പട്ടേനയിലെ വീട്ടിൽ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയത്. സംഭവം നേരിൽക്കണ്ട ഇദ്ദേഹം ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗുരുതരമായി പൊള്ളലേറ്റത്. തീപ്പൊള്ളലിൽ ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ച ഇദ്ദേഹം മൂന്നാഴ്ചയിലധികമായി കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ ഗിരിജാ അന്തർജ്ജനത്തിന്റെ നിലയും ഗുരുതരമായി തുടരുകയാണ്. കൃഷ്ണൻ നമ്പൂതിരി രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ മുൻ അധ്യാപകനായിരുന്നു.
ഗിരിജാ അന്തർജ്ജനം ആത്മഹത്യയ്ക്ക് ശ്രമിക്കുമ്പോൾ ഭർത്താവ് കൃഷ്ണൻ നമ്പൂതിരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവമറിഞ്ഞെത്തിയ മകൻ ശ്രീജിത്താണ് പൊള്ളലേറ്റ മാതാപിതാക്കളെ ഉടൻ നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനാൽ ഇരുവരെയും പരിയാരം മെഡിക്കൽ കോളേജിലേക്കും പിന്നീട് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ് മോർട്ടം നടത്തി പട്ടേനയിലെ വീട്ടിലെത്തിക്കും. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് കൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യ ഗിരിജാ അന്തർജ്ജനം ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് സൂചന. അബദ്ധത്തിൽ ദേഹത്ത് മണ്ണെണ്ണ വീണ് പൊള്ളലേറ്റതാണെന്നാണ് ഇവർ ഡോക്ടറോട് വെളിപ്പെടുത്തിയത്. മക്കൾ: സതി, ശ്രീജിത്ത്. മരുമക്കൾ: സന്തോഷ്, ദിവ്യ.