ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കുറ്റിക്കാട്ടിൽ കണ്ട മൃതദേഹം തിരിച്ചറിയുന്നതിനായി ഡിഎൻഏ പരിശോധനാഫലം കാത്ത് പോലീസ്. ചട്ടഞ്ചാൽ ബണ്ടിച്ചാൽ നിസാമുദ്ദീൻ നഗറിൽ ഒരു മാസം മുമ്പ് കണ്ടെത്തിയ മൃതദേഹം തിരിച്ചറിയുന്നതിനായാണ് മേൽപ്പറമ്പ് പോലീസ് ഡിഎൻഏ പരിശോധനാഫലം കാക്കുന്നത്. കാസർകോട് ഭാഗത്ത് ജോലി ചെയ്തിരുന്ന 50 കാരന്റെതാണ് മൃതദേഹമെന്ന് അന്വേഷണ സംഘം ബലമായി സംശയിക്കുമ്പോഴും തെളിവ് കണ്ടെത്താനായില്ല.
50 കാരന്റെ പയ്യന്നൂർ ഭാഗത്തുള്ള ബന്ധുക്കളെ കണ്ടെത്തിയ പോലീസ് അവരെ ഡിഎൻഏ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. വിജനമായ കുറ്റിക്കാട്ടിൽ ജഢം എങ്ങനെയെത്തിപ്പെട്ടുവെന്നത് സംബന്ധിച്ചും മരണകാരണവും വ്യക്തമാകാനുണ്ട്. പോലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസിന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തും. അസ്ഥികൂടമായി മാറിയിരുന്ന മൃതദേഹം പോലീസ് സർജൻ കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്ക്കരിക്കുകയായിരുന്നു.
മൃതദേഹത്തിനരികിൽ 20,000 രൂപയും തുണ്ട് കടലാസുകളുമുൾപ്പെടെ കണ്ടെത്തിയെങ്കിലും, ആളെ തിരിച്ചറിയുന്നത് സംബന്ധിച്ച രേഖകൾ ലഭിച്ചില്ല. ഡിഎൻഏ പരിശോധനാഫലം ലഭിക്കുന്നതോടെ മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞ് മരണത്തിലെ ദുരൂഹതയകറ്റാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.