അഫ്നാസിന്റെ മരണം; ദൈവവിധിയിൽ സമാധാനിച്ച് കുടുംബം

കാഞ്ഞങ്ങാട്: ഒളിഞ്ഞവളപ്പിൽ റിസോർട്ടിനടുത്ത് കടലിലേക്ക് സംഗമിക്കുന്ന കൈതത്തോടിന് സമീപം കുളിച്ചു കൊണ്ടിരിക്കെ മുങ്ങിമരിച്ച പതിനാറുകാരൻ അഫ്നാസിന്റെ വിയോഗം കുടുംബത്തിന് താങ്ങാവുന്നതിലുമപ്പുറമായി. മകന്റെ വിയോഗമേൽപ്പിച്ച മുറിവുണക്കാൻ ഞാണിക്കടവിലെ നാസറും ഭാര്യ സുഹ്റയും ദൈവ വിധിയിൽ സ്വയം സമാധാനമുണ്ടാക്കാൻ ശ്രമിക്കുകയാണ്. 

ദൈവ വിധിയാണ്, പടച്ചവന്റെ വിധിയുണ്ടായാൽ തടയാനാവില്ലല്ലോ. ഭാര്യാബന്ധുവിന്റെ വിവാഹ വാർഷികാഘോഷത്തോടനുബന്ധിച്ചാണ് മുതിർന്നവർക്കൊപ്പം കുട്ടികൾ റിസോർട്ടിന് സമീപം കടൽക്കരയിലെത്തിയത്. നാലഞ്ച് കുട്ടികൾക്കൊപ്പം കുളിക്കുന്നതിനിടെ അഫ്നാസും മറ്റൊരു കുട്ടിയും മുങ്ങിത്താഴുകയായിരുന്നു. രണ്ട് പേരെയും അൽപ്പസമയത്തിനകം നാട്ടുകാർ കരയിലെത്തിച്ചെങ്കിലും അഫ്നാസ് മരണപ്പെട്ടു.

കടലും പുഴയും കാണാത്തവനല്ല അഫ്നാസ്, ഇതിന് മുമ്പ് നിരവധി തവണ കുട്ടി ഇവിടെയെത്തി കുളിച്ച് മടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ കുളിക്കുന്നത് മുതിർന്നവർ കാര്യമാക്കിയില്ല. പിതാവ് നാസറിന്റെ കണ്ഠമിടറി. പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി ജില്ലാശുപത്രിയിൽ നിന്ന് മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ നാട്ടുകാരൊന്നടങ്കം കാണാനെത്തി. ഞാണിക്കടവ് പള്ളി ഖബർസ്ഥാനിൽ അടക്കം ചെയ്യുമ്പോഴും ആയിരങ്ങൾ പ്രാർത്ഥനയുമായെത്തി.

LatestDaily

Read Previous

നവമാധ്യമങ്ങളിൽ പോലീസ് പിടിമുറുക്കി

Read Next

കാട്ടിലെ ജഢം; ഡിഎൻഏ പരിശോധനാഫലം കാത്ത് പോലീസ്