നവമാധ്യമങ്ങളിൽ പോലീസ് പിടിമുറുക്കി

കാഞ്ഞങ്ങാട്: സാമൂഹ്യ മാധ്യമങ്ങൾ വഴി കലാപാഹ്വാനം നടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കി പോലീസ്. ഫേസ്ബുക്ക് വഴി കലാപാഹ്വാനം നടത്തിയതിന് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 3 കേസ്സുകൾ റജിസ്റ്റർ ചെയ്തു. സമുദായ വിദ്വേഷം പ്രചരിപ്പിക്കുകയും  കലാപത്തിന് ആഹ്വാനം നടത്തുകയും ചെയ്തതിന്  വിഷ്ണു. ആർ എന്നയാൾക്കെതിരെ  കാസർകോട് സൈബർ ക്രൈം പോലീസ് ഐപിസി 153 ഏ വകുപ്പ് പ്രകാരം കേസ്സെടുത്തത് കഴിഞ്ഞ ദിവസമാണ്. എസ്ഡിപിഐ പ്രവർത്തകരെയും കമ്മ്യൂണിസ്റ്റുകാരെയും ഇല്ലാതാക്കണമെന്ന് പത്രവാർത്തയ്ക്കടിയിൽ  പോസ്റ്റിട്ടതിനാണ് വിഷ്ണു.

ആർ എന്ന പേരിലുള്ള ഫേസ്ബുക്ക് ഐഡിയുടെ ഉടമയ്ക്കെതിരെ  കാസർകോട് സൈബർ പോലീസ് കേസ്സെടുത്തത്. അന്യമത നിന്ദ പ്രചരിപ്പിക്കുന്ന നിരവധി പരാമർശങ്ങൾ ഫേസ്ബുക്ക് പോസ്റ്റിലുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കാസർകോട് സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ ഇ.  അനൂപ് കുമാറിന്റെ പരാതിയിൽ  ആർ. വിഷ്ണു എന്ന ഫേസ്ബുക്ക്  പ്രൊഫൈലിന്റെ ഉടമയ്ക്കെതിരെ 153 ഏ വകുപ്പ്  പ്രകാരം പോലീസ് കേസ്സെടുത്തത്. മതസ്പർധയുണ്ടാക്കാനുള്ള ശ്രമമെന്ന നിലയ്ക്ക് ജാമ്യമില്ലാക്കുറ്റമാണ് പ്രതിക്ക് മേൽചുമത്തിയിരിക്കുന്നത്.

കോഴിക്കോട്ട് നടന്ന വഖഫ് സംരക്ഷണ റാലിക്കിടെ  മുഖ്യമന്ത്രിയെ പച്ചയ്ക്ക് കത്തിക്കണമെന്ന ലീഗ് പ്രവർത്തകരുടെ മുദ്രാവാക്യത്തിന്റെ വീഡിയോ ഷെയർ ചെയ്തതിന് ആദൂർ പോലീസ്  മറ്റൊരു കേസ്സും റജിസ്റ്റർ ചെയ്തിട്ടുണ്ട്. ആദൂർ പോലീസ് ഇൻസ്പെക്ടർ  ഏ. അനിൽ കുമാറിന്റെ പരാതിയിൽ ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസ്സ്. കലാപാഹ്വാനത്തിന്റെ വീഡിയോ ഷെയർ ചെയ്തതിനാണ് കേസ്സെടുത്തത്.

ഫേസ്ബുക്ക് വഴി അനഭിമതമായ സന്ദേശം പ്രചരിപ്പിച്ചതിന്  നീലേശ്വരത്തെ  ശരത്ത് എന്നയാൾക്കെതിരെ  നീലേശ്വരം പോലീസ്  കേസ്സെടുത്തു. നീലേശ്വരം പോലീസ്  ഇൻസ്പെക്ടർ കെ. പി. ശ്രീഹരിയുടെ  പരാതി പ്രകാരം റജിസ്റ്റർ ചെയ്ത കേസ്സിൽ ഐപിസി 153 (കലാപാഹ്വാനം) വകുപ്പ് ചേർത്തിട്ടുണ്ട്.

ഫേസ്ബുക്ക് വഴി വ്യാജ വാർത്തകളും, അനഭിമത സന്ദേശങ്ങളും, കലാപാഹ്വാനവും പോസ്റ്റ് ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ്  നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്കിലെ കലാപാഹ്വാനങ്ങൾക്കെതിരെ പോലീസ് ശക്തമായ നടപടിയാരംഭിച്ചത്. വരും  ദിവസങ്ങളിൽ നടപടി ശക്തമാക്കാനാണ് പോലീസ് തീരുമാനം.

LatestDaily

Read Previous

എൽഐസി ഏജന്റ് ബൈക്ക് മറിഞ്ഞ് മരിച്ചു

Read Next

അഫ്നാസിന്റെ മരണം; ദൈവവിധിയിൽ സമാധാനിച്ച് കുടുംബം