അമ്പലത്തറ കേന്ദ്രീകരിച്ച് മണ്ണ് കടത്ത് വ്യാപകം

കാഞ്ഞങ്ങാട്: റവന്യൂ അധികൃതരുടെ  മൗന സമ്മതത്തിൽ അമ്പലത്തറയിലും പരിസരങ്ങളിലും മണ്ണ് കടത്ത് വ്യാപകം. വീട് നിർമ്മാണത്തിന് മണ്ണെടുക്കാനെന്ന പേരിൽ പെർമിറ്റ് സംഘടിപ്പിച്ച് നിത്യവും നൂറ് കണക്കിന് ലോഡ് മണ്ണാണ് കടത്തുന്നത്. റവന്യൂ അധികൃതർക്കും, പോലീസിനും മണ്ണ് കടത്തിനെക്കുറിച്ച് വ്യക്തമായറിയാമെങ്കിലും, കണ്ണടക്കുകയാണെന്നാരോപണമുണ്ട്. പട്ടാപ്പകലാണ്   മണ്ണ് കടത്തി കൊണ്ട് പോകുന്നത്. നേരം പുലരുമ്പോൾ തുടങ്ങുന്ന മണ്ണ് കടത്ത് രാത്രിയിലും തുടരും.

വില്ലേജിൽ നിന്നുള്ള പാസുണ്ടെന്നാണ് മണ്ണ് കടത്തു സംഘം പറയുന്നത്. 10 ലോഡ് മണ്ണെടുക്കാൻ പാസ് സംഘടിപ്പിച്ച് നൂറ് കണക്കിന്  ലോഡ് മണ്ണ് കടത്തുന്നത് വില്ലേജുദ്യോഗസ്ഥരുടെ അറിവോട് കൂടിയാണെന്ന്  നാട്ടുകാർ ആരോപിച്ചു. അമ്പലത്തറ, ഇരിയ, ഒടയംചാൽ, മാവുങ്കാൽ ഉൾപ്പെടെയുള്ള  പ്രദേശങ്ങളിൽ രാവിലത്തെ ടിപ്പർ ലോറി സർവ്വീസുകൾക്ക് വിലക്കുണ്ടെങ്കിലും,  രാവിലെയുള്ള ടിപ്പർ ലോറികളുടെ ഒാട്ടം നാളുകൾ കഴിയുംതോറും വർദ്ധിച്ചു.

രാവിലത്തെ സ്ക്കൂൾ പ്രവേശന സമയത്തും വൈകീട്ടും ടിപ്പർ ലോറികൾ സർവ്വീസ് നിർത്തിവെക്കണമെന്ന് ഉത്തരവുണ്ട്. ഇത് കാറ്റിൽ പറത്തിയാണ് സ്ക്കൂൾ സമയത്ത് ടിപ്പർ ലോറികൾ ഒാടുന്നത്. മണ്ണ്, മെറ്റൽ, കരിങ്കൽ പൊടികൾ കയറ്റി പൊടി പറത്തി, തിരക്കേറിയ സമയത്തുള്ള ടിപ്പർ ലോറികളുടെ ഒാട്ടം പോലീസ് കണ്ടില്ലെന്ന് നടിക്കുന്നു.

LatestDaily

Read Previous

കാണാതായ പതിനാറുകാരി തിരിച്ചെത്തി

Read Next

പതിനാറുകാരി പറഞ്ഞത് കള്ളം; മുങ്ങിയത് കാമുകനൊപ്പം