കാട്ടാളരുടെ സ്വന്തം നാട്

തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന  അധർമ്മികളുടെയും, കണ്ണിൽച്ചോരയില്ലാത്ത കാട്ടാള ജന്മങ്ങളുടെയും നാടായി കേരളം മാറിത്തീർന്നുവെന്നാണ് കഴിഞ്ഞ ദിവസങ്ങളിലായി നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ വഴി വ്യക്തമാകുന്നത്. പരസ്പരം കൊന്നു തിന്നാൻ ആയുധം മൂർച്ച കൂട്ടുന്ന ഇരുകാലി മൃഗങ്ങളുടെ തൊഴുത്തായി കേരളം അധഃപതിച്ചിരിക്കുകയാണെന്ന യാഥാർത്ഥ്യം ഞെട്ടലോടെ മാത്രമേ ഉൾക്കൊള്ളാൻ കഴിയുകയുള്ളൂ.

വംശോന്മൂലനത്തിന്റെ രാഷ്ട്രീയ തത്വസംഹിതകളിൽ വിശ്വസിക്കുന്ന ഇരുവിഭാഗങ്ങളാണ് ആലപ്പുഴയിൽ മണിക്കൂറുകൾക്കുള്ളിൽ  രണ്ട് പേരുടെ ജീവിതം കൊലക്കത്തിയിൽ കൊരുത്തത്. നാടിന്റെ നല്ല നാളെക്കായുള്ള രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളുടെ  പ്രഘോഷകരാകുന്നതിന് പകരം  സഹജീവിയുടെ ജാതിയും രാഷ്ട്രീയവും നോക്കി നെഞ്ചിൽ കത്തികയറ്റുന്ന തറ തെമ്മാടിത്തത്തിന്റെ പതാകവാഹകരാകുകയാണ് കേരളത്തിലെ ചില രാഷ്ട്രീയ കക്ഷികൾ.

ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ മനുഷ്യർ ഒറ്റക്കെട്ടായി ജീവിക്കുന്ന കേരളത്തിൽ പരസ്പര വിദ്വേഷത്തിന്റെ വിത്ത് പാകുന്ന വർഗ്ഗീയ രാഷ്ട്രീയത്തിന്റെ പ്രവാചകരാകാൻ ചില രാഷ്ട്രീയ കക്ഷികൾ  മുന്നിട്ടിറങ്ങിയിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. മതങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന കുടീല ബുദ്ധിയുടെ പരീക്ഷണശാലയായി കേരളം അധഃപതിക്കുന്നുവെന്നാണ്  സമീപകാല സംഭവങ്ങൾ വഴി വ്യക്തമാകുന്നത്.

ഹലാൽ വിവാദവും, ലവ് ജിഹാദ് വിവാദവും, ഏറ്റവുമൊടുവിൽ വഖഫ്  വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെയുണ്ടായ വംശീയാധിക്ഷേപവും ജാതി രാഷ്ട്രീയത്തിന്റെ ഉപോത്പന്നങ്ങൾ തന്നെയാണ്. ഇവയൊന്നും യാദൃശ്ചികമായുണ്ടായ നിഷ്ക്കളങ്ക പ്രതികരണങ്ങളല്ല തന്നെ. ജാതി രാഷ്ട്രീയം പറഞ്ഞ് മതധ്രുവീകരണമുണ്ടാക്കി മതത്തെ  വോട്ടാക്കാനുള്ള തരംതാണ ശ്രമമാണ് ഭൂരിപക്ഷ സമുദായ പാർട്ടികളും ന്യൂനപക്ഷ സമുദായ പാർട്ടികളും ഒരേസമയം ചെയ്തു കൊണ്ടിരിക്കുന്നത്.

ആലപ്പുഴയിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ന്യൂനപക്ഷ സമുദായ പാർട്ടിയിൽപ്പെട്ടയാളുടെ മരണത്തിന് പിന്നാലെ  കൊലപാതകം പാർട്ടിക്ക് അനുഗ്രഹമാണെന്നും മൃതശരീരം വിലാപ യാത്രയായല്ല ഘോഷയാത്രയായി കൊണ്ടുപോകുമെന്നും പ്രസ്താവിച്ച പാർട്ടി നേതാവിന്റെ ശരീരഭാഷയും  പ്രസംഗ രീതിയും മനഃസാക്ഷിയുള്ള ആരെയും ഞെട്ടിക്കും.

നെഞ്ചിൽ  കൊലക്കത്തി കയറി പ്രാണൻ വെടിഞ്ഞ സഹപ്രവർത്തകന്റെ  രക്തത്തിന്റെ ചൂടാറും മുമ്പ് ഇത്തരമൊരു പ്രസ്താവന നടത്തിയ പാർട്ടി നേതാവിന്റെ നിലപാട് ആരെയും പൊള്ളിക്കുക തന്നെ ചെയ്യും. പാർട്ടിക്ക് രക്തസാക്ഷിയെ കിട്ടിയതിൽ ആഹ്ലാദിക്കുന്ന തരത്തിൽ നിർവ്വികാരവും മനുഷ്യത്വ രഹിതവുമായ തരത്തിൽ രാഷ്ട്രീയം അധഃപതനത്തിന്റെ  ചെളിക്കുണ്ടിലാഴ്ന്നിരിക്കുകയാണെന്നത് ഭീതിദമാണ്.

പകരത്തിന് പകരം കൊന്നുതീർക്കുന്ന രാഷ്ട്രീയം രക്തസാക്ഷികളുടെ കുടുംബങ്ങളിലുണ്ടാക്കുന്ന അപരിഹാര്യമായ നഷ്ടങ്ങളെക്കുറിച്ച് ഇനിയെങ്കിലും ചിന്തിച്ചില്ലെങ്കിൽ വിധവകളുടെ ചുടുകണ്ണുനീർ പ്രവാഹം കൊണ്ട് കൊലയാളി രാഷ്ട്രീയ നേതൃത്വങ്ങളുടെ കുലം മുടിയുക തന്നെ ചെയ്യും.

രാഷ്ട്രീയ എതിരാളികളെ കൊന്ന് തീർത്താൽ അവരുടെ രാഷ്ട്രീയ പ്രസ്ഥാനത്തെ  ഇല്ലാതാക്കാമെന്ന വിഡ്ഡിച്ചിന്തയുമായി നടക്കുന്നവരാണ് എതിരാളികളുടെ നെഞ്ചിൽ കത്തികയറ്റാൻ  അണികളെ പരിശീലിപ്പിച്ച് വിടുന്നത്. ഒരു രാഷ്ട്രീയാദർശങ്ങളെയും കഠാര കാണിച്ച് നിശ്ശബ്ദരാക്കാനാകില്ലെന്ന സാമാന്യ ബുദ്ധി കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുണ്ടായാൽ മാത്രമേ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതിയുണ്ടാകുകയുള്ളൂ.

തൂവെള്ള വസ്ത്രമിട്ട് വെളുക്കെച്ചിരിക്കുകയും തക്കം കിട്ടിയാൽ എതിരാളിയുടെ നെഞ്ചത്ത് കത്തി കയറ്റുകയും ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ചുരുങ്ങിയ പക്ഷം മൃഗങ്ങളെയെങ്കിലും കണ്ട് പഠിക്കണം. മൃഗങ്ങൾ ഒരിക്കലും സ്വന്തം സഹജീവിയെ കടിച്ചു കീറാറില്ലെന്ന പാഠം കേരളത്തിലെ  രാഷ്ട്രീയ സംഘടനകൾ എന്നാണ് പഠിക്കുക.

LatestDaily

Read Previous

അപകടക്കെണിയായി റോഡിലെ സ്ലാബ്; നിരവധി പേർക്ക് പരിക്ക്

Read Next

ഗുണ്ടാ ആക്രമണം പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പോലീസിനോട് റിപ്പോർട്ട് തേടി