ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മൂക്കറ്റം മദ്യ ലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയ നഗരസഭാ കരാറുകാരനെ യാത്രക്കാർ പിടികൂടി പോലീസിലേൽപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭാ പൊതുമരാമത്ത് കരാറുകാരൻ ചെമ്മട്ടംവയൽ കല്ല്യാൺ റോഡിലെ മരുതോടൻ ചന്ദ്രനെയാണ് യാത്രക്കാർ പിടികൂടി ഹൊസ്ദുർഗ് പോലീസിന് കൈമാറിയത്.
അലാമിപ്പള്ളി ബാറിൽ നിന്ന് ശനിയാഴ്ച വൈകീട്ട് മദ്യാസക്തിയിൽ ലക്കും ലഗാനുമില്ലാതെ കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഒാടിച്ചുവന്ന ചന്ദ്രന്റെ ഹുണ്ടായ് കാർ എൽവി ടെമ്പിളിന് മുന്നിൽ സമീപത്ത് ബൈക്കിലിടിച്ചു. കാറിന്റെ മുൻഭാഗത്ത് കുടുങ്ങിയ, മോട്ടോർ ബൈക്കിനെ 500 മീറ്റർ വലിച്ചിഴച്ച് കൊണ്ട് പോയെങ്കിലും, കാറോടിച്ച കരാറുകാരൻ സംഭവമറിഞ്ഞില്ല.
മറ്റ് യാത്രക്കാർ ബഹളമുണ്ടാക്കി പിന്തുടർന്നതോടെ ചന്ദ്രൻ കാർ നിർത്തുകയായിരുന്നു. കാറിൽ നിന്ന് പുറത്തേക്കിറങ്ങാൻ കഴിയാത്ത നിലയിൽ മദ്യ ലഹരിയിലായിരുന്ന ചന്ദ്രനെ യാത്രക്കാർ തടഞ്ഞുവെച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ചന്ദ്രനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ കരാറുകാരനെ രക്ഷപ്പെടുത്താൻ നഗരസഭാ ഭരണകക്ഷിയിൽപ്പെട്ട ചില കൗൺസിലർമാർ പോലീസിലിടപെട്ടെങ്കിലും, നടന്നില്ല.
അപകടമുണ്ടാക്കിയത് കേസ്സില്ലാതെ ഒതുക്കിയെങ്കിലും മദ്യ ലഹരിയിൽ കാറോടിച്ചതിന് ചന്ദ്രനെതിരെ കേസ്സെടുത്ത ശേഷം പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. ജില്ലാശുപത്രിയിൽ ചന്ദ്രനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ചന്ദ്രന്റെ പുത്തൻ ഹുണ്ടായ് ക്രെറ്റ കാർ കസ്റ്റഡിയിലാണ്. ഭരണകക്ഷിയിൽപ്പെട്ടവർക്ക് വേണ്ടപ്പെട്ട മരുതോടൻ ചന്ദ്രനെ മദ്യ ലഹരിയിൽ പോലീസ് പിടികൂടിയ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായി.