രേഷ്മ കേസ്സിൽ ബിജുവിന് അഡ്വ. ആളൂർ ഹാജരായി

കാഞ്ഞങ്ങാട്: കോടോം–ബേളൂർ മൊയോളത്തെ   പതിനേഴുകാരി അഭിഭാഷകൻ, രേഷ്മയുടെ തിരോധാനക്കേസ്സിൽ പ്രമുഖ   അഡ്വ. ആളൂർ ഇന്ന് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി. പ്ലസ്ടു വിദ്യാഭ്യാസം നേടിയ മൊയാളം കോളനിയിലെ രേഷ്മയെ കമ്പ്യൂട്ടർ പഠിപ്പിക്കാമെന്ന വ്യാജേന  കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവന്നത് പാണത്തൂർ സ്വദേശി ബിജു പൗലോസാണ്.

ബിജു  പൗലോസിനെ നുണ പരിശോധനയ്ക്ക് ഹാജരാകാൻ കേസ്സന്വേഷിക്കുന്ന ബേക്കൽ  ഡിവൈഎസ്പി, സി. കെ. സുനിൽകുമാർ നോട്ടീസ് നൽകിയിരുന്നു. മുംബൈയിൽ താമസിക്കുന്ന അഡ്വ. ആളൂർ ഞായറാഴ്ച വൈകുന്നേരം കണ്ണൂർ വിമാനത്താവളത്തിലിറങ്ങി ഇന്ന് രാവിലെ ഹൊസ്ദുർഗ്  കോടതിയിലെത്തി ബിജു പൗലോസിന് വേണ്ടി വാദിച്ചു. ബിജു പൗലോസിനൊപ്പം മാസങ്ങൾക്ക് മുമ്പ്  രേഷ്മ അജാനൂർ ഇക്ബാൽ റോഡിലും, മഡിയൻ റോഡിലും ക്വാർട്ടേഴ്സുകളിൽ താമസിച്ചിരുന്നു. പിന്നീട് രേഷ്മയെ ബിജു എറണാകുളത്തേക്ക് കൊണ്ടു പോയതായാണ് സ്വന്തം വീട്ടുകാർക്ക്  ലഭിച്ച വിവരം.

രേഷ്മ കേസ്സ് പോലീസ് പത്തു വർഷം കെട്ടിവെക്കുകയായിരുന്നുവെന്നും, ഇപ്പോൾ ഹൈക്കോടതി ഇടപെട്ടപ്പോൾ കേസ്സ് ബിജു പൗലോസിന്റെ തലയിൽ കെട്ടിവെക്കാനാണ് ബിജുവിനെ നുണപ്പരിശോധന നടത്താൻ പോലീസ് നീക്കമാരംഭിച്ചതെന്ന് അഡ്വ. ആളൂർ കോടതിയിൽ വാദിച്ചു. നുണപ്പരിശോധനയെ താൻ നഖശിഖാന്തം എതിർക്കുകയാണെന്നും, പോലീസ് അന്വേഷണം  നടത്തി രേഷ്മയുടെ തിരോധാനത്തിന്റെ യഥാർത്ഥ കാരണം കണ്ടുപിടിക്കണമെന്നും അഡ്വ. ആളൂർ കോടതിയിൽ വാദമുന്നയിച്ചു.

ഹൊസ്ദുർഗ് പോക്സോ കോടതിയിൽ നിലവിലുള്ള ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത ഒരു പോക്സോ കേസ്സിലും അഡ്വ. ആളൂർ ഇന്ന് ഹാജരാകുന്നുണ്ട്. ചന്തേര മാടക്കാലിൽ മാവിന് മുകളിൽക്കയറിയ ഒരു ഒമ്പതുകാരി പെൺകുട്ടിയെ ശരീരത്തിൽ പിടിച്ച്  താഴെയിറക്കാൻ സഹായിച്ചുവെന്നതിന് പെൺകുട്ടിയുടെ പരാതിയിൽ, 2021 ജനുവരിയിൽ പോലീസ് റജിസ്റ്റർ ചെയ്ത കേസ്സിൽ പ്രദീപ് ടി. വി. മാടക്കാലാണ് 56, പ്രതി. ഈ കേസ്സിലും അഡ്വ. ആളൂർ ഇന്ന് കോടതിയിൽ ഹാജരായി വാദിക്കും.

അഡ്വ. ആളൂരിന്റെ വാദം കേൾക്കാൻ അഭിഭാഷകരും  മറ്റും കോടതിയിൽ തിങ്ങി നിറഞ്ഞിരുന്നു. ആളൂരിനൊപ്പം അദ്ദേഹത്തിന്റെ ജൂനിയർ അഭിഭാഷകനുമുണ്ടായിരുന്നു. രേഷ്മ കേസ്സിൽ പോലീസ് ഇതിനകം നിരവധി തവണ ചോദ്യം ചെയ്ത ബിജു പൗലോസും, മാതാവും ഇന്ന് കോടതിയിൽ ഹാജരായെങ്കിലും, പോലീസ് ബിജുവിനെ  ഇതുവരെ പ്രതിപ്പട്ടികയിൽ ചേർക്കാത്തതിനാൽ, ബിജു കോടതി മുറിയിലെ പ്രതിക്കൂട്ടിൽ കയറിയില്ല.

LatestDaily

Read Previous

പള്ളിക്കര ഭഗവതി ക്ഷേത്രത്തിൽ മോഷണം

Read Next

ഉദയപുരം തീപിടുത്തത്തിൽ കത്തിയമർന്നത് രണ്ട് കോടിയുടെ യന്ത്രസാമഗ്രികൾ