ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദേവദാരു ഒരു പുഷ്പമാണ്. പൈനേസി കുടുംബത്തിൽപ്പെടുന്ന ഔഷധ സസ്യ വൃക്ഷമാണ്. ശാസ്ത്രനാമം സിഡ്രസ് ഡിയോഡര. സംസ്കൃതത്തിൽ ദേവദാരു, സുരദാരു, ഭദ്രദാരു, അമരദാസ എന്നിങ്ങനെ പേര് വിളിക്കും. ഹിമാലയ പ്രദേശങ്ങളിൽ വന്യമായി വളരുന്ന ഈ വൃക്ഷച്ചെടി, ഹിമാചൽ, കശ്മീർ, പഞ്ചാബ് , യുപി എന്നിവിടങ്ങളിൽ കൃഷി ചെയ്തുവരുന്നുണ്ട്. 900, 750 വർഷങ്ങൾ പഴക്കമുള്ള ദേവദാരു വൃക്ഷച്ചെടികൾ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ കാതലിൽ നിന്ന് സെഡാർ തൈലം ലഭിക്കുന്നു. ഈ തൈലത്തെ കലങ്ക തേൻ എന്നും പറയുന്നു. ഇനി നമുക്ക് കാര്യത്തിലേക്കും, കാഞ്ഞങ്ങാട് നഗരസഭയിലേക്കും കടക്കാം.
ഇന്നലെ നഗരസഭാ അധ്യക്ഷ വിളിച്ചു ചേർത്ത അടിയന്തിര കൗൺസിൽ യോഗത്തിൽ ഉപാദ്ധ്യക്ഷൻ ഐഎൻഎൽ പാർട്ടിയിലെ ബിൽട്ടെക് അബ്ദുല്ല ദേവദാരു സസ്യച്ചെടിയുടെ ഉദാഹരണം എടുത്തു പറഞ്ഞ് സംസാരിച്ചത് അധികമാരും അത്രയധികം ശ്രദ്ധിച്ചു കാണില്ലെങ്കിലും, ബിൽട്ടെക്കിന്റെ ദേവദാരു ഉപമ നഗരസഭയ്ക്കും, നഗരസഭയിലെ ഉദ്യോഗസ്ഥർക്കും ഏറെ യോജിച്ചതായിരുന്നു.
ദേവദാരു ചെടി ഒരാൾ നട്ടാൽ ആ പ്രകൃതി സ്നേഹിക്ക് ആ ചെടിയിലെ പൂക്കൾ കാണാനോ, പറിച്ചെടുക്കാനോ ഉള്ള ഭാഗ്യമുണ്ടാകില്ലെന്ന് പറഞ്ഞ അബ്ദുല്ല ആയതിന് പറഞ്ഞ കാരണം, നട്ടു കഴിഞ്ഞാൽ നൂറ് വർഷം കഴിഞ്ഞതിന് ശേഷം മാത്രമേ ദേവദാരു ചെടി പുഷ്പിക്കുകയുള്ളൂ. അപ്പോഴേയ്ക്കും ചെടി നട്ടയാൾ ജീവിച്ചിരിക്കില്ല. ഇതുപോലെയാണ് കാഞ്ഞങ്ങാട് നഗരസഭയിൽ ഏതു ആവശ്യത്തിനും ഒരു പരാതി (ദേവദാരു) നൽകുന്ന നഗരവാസിയുടെ ഗതിയെന്നാണ് ബിൽട്ടെക്ക് അബ്ദുല്ല പറഞ്ഞത്. നല്ലൊരു ഉദാഹരണമാണിത്. ഇതിന് ഒരു മറുവശം കൂടിയുണ്ട്.
നഗരസഭാ സിക്രട്ടറിക്കോ, അധ്യക്ഷയ്ക്കോ നൽകുന്ന പരാതികളും, നിവേദനങ്ങളും തീർപ്പാക്കേണ്ടത് നഗരസഭയിലെ ഉദ്യോഗസ്ഥരാണ്. ഇത്തരം തീർപ്പുകളുണ്ടാക്കാൻ ഭരണപക്ഷത്തെ ചിലർ സദാസമയവും ഇടപ്പെടുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. വീട്, കെട്ടിട നിർമ്മാണ അപേക്ഷകളിലാണ് കാര്യകാരണങ്ങളില്ലാതെ അപേക്ഷകൾ നഗരസഭ ഒാഫീസിലെ ചുവന്ന ഫയലുകളിൽ കെട്ടിക്കിടക്കുന്നത്. നിയമത്തിന്റെ ബലാബലം പറഞ്ഞ്, അപേക്ഷകൾ ഉദ്യോഗസ്ഥർ കെട്ടിവെച്ചാൽ തന്നെ, ഭരണപക്ഷത്തെ കരുത്തർ ചിലർ “കൊടുക്കണമെന്ന്” സമ്മർദ്ദം ചെലുത്തി കൊടുപ്പിക്കുന്ന സംഭവങ്ങളും നഗരസഭയിലുണ്ട്.
നിയമപരമായി അനുമതി പത്രം കൊടുക്കാൻ സാധ്യമല്ലെങ്കിൽ, അക്കാര്യം വിശദീകരിച്ച് 3 ദിവസത്തിനകം അപേക്ഷകന് മറുപടി നൽകുന്ന രീതി ഇന്ന് മുഴുവൻ സർക്കാർ ഒാഫീസുകളിൽ നിർബ്ബന്ധമാണെങ്കിലും, കാഞ്ഞങ്ങാട് നഗരസഭാ വളപ്പിൽ ഒരു ദേവദാരു ചെടി നട്ടാൽ അത് പൂത്തുലഞ്ഞ് കാണാൻ ചുരുങ്ങിയ കാലമാണ് നൂറു വർഷം.ബിൽട്ടെക് അബ്ദുല്ല നട്ട ദേവദാരു പൂത്തു കാണാൻ അദ്ദേഹത്തിന് എന്തായാലും ഈ ജന്മത്തിൽ കൺ തുറന്ന് കണ്ടാസ്വദിക്കാൻ കഴിയില്ലെന്ന് മാത്രമല്ല, അബ്ദുല്ല നട്ട ദേവദാരു പൂത്തു കാണാൻ അദ്ദേഹത്തിന്റെ പേരക്കുട്ടിക്ക് പോലും കഴിയാത്ത അവസ്ഥ ചർച്ച ചെയ്യാനും, അധ്യക്ഷയോടടക്കമുള്ള ചില ഉദ്യോഗസ്ഥരുടെ മേൽക്കോയ്മ പൊതുജനങ്ങളെ, നഗരവാസികളെ അറിയിക്കാനുമാണ് ഇന്നലെ പ്രത്യേക കൗൺസിൽ ചേർന്നത്.
പിന്നൊരു കാര്യം പ്രസക്തമാണ്, ഒരു ഒാവർസീയർ ആണ് ഈ രഹസ്യം കൗൺസിലിൽ തുറന്നു പറഞ്ഞത്. രണ്ടാം നമ്പർ പോലുമല്ല, മൂന്നാം നമ്പർ എന്ന് പറയുന്ന കൈയ്യിലെടുക്കുമ്പോൾ, പപ്പടം പോലെ പൊടിഞ്ഞു പോകുന്ന ചെത്തുകല്ല് ഉപയോഗിച്ച് നഗരസഭയുടെ ഒരു നിർമ്മാണ ജോലി നടത്തിയ കരാറുകാരനോട് പൊടിയുന്ന കല്ലുപയോഗിച്ചുള്ള നിർമ്മാണം പാടില്ലെന്ന് വിലക്കിയ ഒാവർസീയർക്കെതിരെയാണ് ഇന്നലെ നടപടി സ്വീകരിക്കാൻ കൗൺസിൽ ഒന്നടങ്കം മുഖ്യമന്ത്രിക്ക് പരാതി നൽകാൻ തീരുമാനിച്ചത്. നഗരസഭ ഭരിക്കുന്നത് ഒരു കരാറുകാരനാണെന്ന് പറഞ്ഞ മറ്റൊരു പ്രതിപക്ഷ സ്ത്രീ കൗൺസിലറുടെ വാക്കുകളിലും സത്യമില്ലാതില്ല. തന്റെ ഔദ്യോഗിക വാഹനം താൻ രാത്രിയിൽ വീട്ടിൽ വെക്കാറില്ലെന്ന് നഗരമാതാവ് ഇന്നലെ തുറന്നു പറഞ്ഞിരുന്നുവെങ്കിലും, നഗരമാതാവിന്റെ ഔദ്യോഗിക വണ്ടി ചില രാത്രികളിലും, ഉച്ചയ്ക്കും വണ്ടിയുടെ ഡ്രൈവറുടെ അതിയാമ്പൂരിലെ വീട്ടിൽ കാണാം. ഞായറാഴ്ചകളിലും നഗരസഭ വണ്ടി റോഡിലിറങ്ങാറുണ്ട്. ഇത്തരം യാത്രകളൊന്നും ലോഗ് ബുക്കിൽ എഴുതാത്തത് ചൂണ്ടിക്കാണിച്ചതും, ഇന്നലെ നഗരസഭ കൗൺസിൽ നടപടിക്ക് ശിപാർശ ചെയ്ത ഒാവർസിയറാണ്.
എവിടെയാണ് കളികൾ എന്ന് ഇനി വായനക്കാർ തീരുമാനിക്കട്ടെ…! ഉപാദ്ധ്യക്ഷൻ നട്ട ദേവദാരു ഔഷധച്ചെടി പൂത്തു കാണാൻ അദ്ദേഹത്തിന്റെ പേരക്കുട്ടിയെങ്കിലും നൂറു വർഷം ഈ ഭൂമിയിൽ ജീവിക്കട്ടെ. തീർന്നില്ല….. ഇനിയും പറയാനുണ്ട്….!