ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: റെയിൽവെ സ്റ്റേഷന്റെ ഇരുവശത്തുമുള്ള പ്ലാറ്റ്ഫോമുകളിൽ സദാസമയവും തെരുവ് നായ്ക്കളുടെ വിളയാട്ടം. യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന രീതിയിലുള്ള നായ്ക്കളുടെ വിളയാട്ടം തടയാനുള്ള യാതൊരു നടപടിയുമില്ലാത്ത അവസ്ഥ ഭീതിപ്പെടുത്തുന്നതാണ്.
നായ്ക്കളുടെ കടിയേറ്റ് അപകടങ്ങളും പതിവായി. കുട്ടികളും വൃദ്ധരും ഉള്‍പ്പെടെ നിരവധി പേരാണ് അപകടത്തിനിരയാവുന്നത്. നൂറു കണക്കിന് നായ്ക്കളാണ് തെരുവുകളില്‍ അലയുന്നത്. സ്റ്റേഷനടുത്തുള്ള മത്സ്യ ഇറച്ചിമാര്‍ക്കറ്റ്, ഒഴിഞ്ഞ മൈതാനം, തീയേറ്റർ പരിസരം എന്നിവിടങ്ങളില്‍ വ്യാപകമായി നായ് ശല്യമുണ്ട്.
പുലര്‍ച്ചെ നടക്കാനിറങ്ങുന്നവരും ഇരുചക്ര വാഹന യാത്രികരും ഭയന്നാണ് സഞ്ചരിക്കുന്നത്. തീവണ്ടിയിൽ നിന്ന് സ്റ്റേഷനിലിറങ്ങുമ്പോൾ നായ കുറുകെ ചാടിയതിനെത്തുടര്‍ന്നും അപകടങ്ങളുണ്ടാവുന്നുണ്ട്. മുമ്പ് അലഞ്ഞു തിരിയുന്ന പട്ടികളെ പിടിച്ച് നശിപ്പിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടിയെടുത്തിരുന്നു. ഇപ്പോള്‍ കൊല്ലുന്നത് നിയമ വിരുദ്ധമാണ്. പകരം വന്ധ്യംകരണമാണ് നടത്തുന്നത്. പക്ഷേ നഗരസഭയും പഞ്ചായത്തും അതിന് താൽപര്യം കാണിക്കുന്നില്ല.
മാലിന്യങ്ങള്‍ തോന്നിയപോലെ വലിച്ചെറിയുന്നതാണ് തെരുവ നായകളുടെ ശല്യം കൂടാന്‍ കാരണം. റെയിൽവേ സ്റ്റേഷൻ പരിസരത്ത് യാതൊരു ദാക്ഷിണ്യവുമില്ലാതെയാണ് മാലിന്യങ്ങള്‍ സാമൂഹിക വിരുദ്ധർ റോഡരികിലേക്ക് വലിച്ചെറിയുന്നത്. അറവുമാലിന്യമടക്കമുള്ള മാലിന്യങ്ങളാണ് റോഡരികിലുണ്ടാകാറുള്ളത്.
ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം പരത്തുന്ന മത്സ്യ – മാംസാവശിഷ്ടങ്ങള്‍ ആസ്വദിച്ച് ഭക്ഷിക്കുന്ന നായ്ക്കൂട്ടങ്ങള്‍ ചിലപ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് നേരെ അക്രമാസക്തരായി കുരച്ച് ചാടുകയും ചെയ്യുന്നുണ്ട്. റെയിൽവെ സ്റ്റേഷനിലേക്ക് പോകുന്ന യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നായ്ക്കള്‍ ഭീഷണിയായിമാറിയിട്ടുണ്ട്. ബസ് സ്റ്റാന്‍ഡ് പരിസരം ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നായ്ക്കളുടെ അഴിഞ്ഞാട്ടം കാരണം വാഹന ഗതാഗതം സ്തംഭിക്കുന്ന സ്ഥിതിപോലും ഉണ്ടാകുന്നു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളും മറ്റും ഭയചകിതരായാണ് ഇത് വഴി നടന്നുപോകുന്നത്. കഴിഞ്ഞ വര്‍ഷം നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ നായ്ക്കളെ നശിപ്പിക്കാന്‍ നടപടിയുണ്ടായിരുന്നു. ഇത്തവണ അത്തരത്തിലുള്ള നടപടികളൊന്നും അധികൃതര്‍ കൈക്കൊള്ളുന്നില്ലെന്ന് പരാതിയുണ്ടെങ്കിലും തുടർനടപടികളുണ്ടാകുന്നില്ല.