ഉണ്ണിത്താൻ എം.പിയെ ട്രെയിനിൽ കയ്യേറ്റത്തിന് ശ്രമിച്ച കേസിൽ എൻ. എ. നെല്ലിക്കുന്നിന്റെ മൊഴിയെടുത്തു

കാഞ്ഞങ്ങാട്:രാജ്മോഹൻ ഉണ്ണിത്താൻ എം.പിയെ ട്രെയിനിൽ കയ്യേറ്റത്തിന് ശ്രമിച്ച കേസിൽ കാസർകോട്  എം.എൽ.എ. എൻ.എ.നെല്ലിക്കുന്നിൽ നിന്ന് കോടതി രഹസ്യമൊഴിയെടുത്തു. ഹൊസ്ദുർഗ്ഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് രണ്ട് കോടതിയാണ് നെല്ലിക്കുന്നിന്റെ മൊഴിയെടുത്തത്.

പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ കോഴിക്കോട് വിമാനത്താവളത്തിലേക്ക് മാവേലി എക്സ്പ്രസ്സിൽ യാത്രചെയ്യവെ എം.പിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസിലാണ് എം.എൽ.എയുടെ സാക്ഷി മൊഴിയെടുത്തത്. കോൺഗ്രസ് നേതാക്കളായിരുന്ന പത്മരാജൻ ഐങ്ങോത്ത്, അനിൽ വാഴുന്നോറൊടി ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർ മാവേലിയിൽ ഉണ്ണിത്താനെ അസഭ്യം പറഞ്ഞ് കയ്യേറ്റത്തിന് മുതിരുകയായിരുന്നു. കാഞ്ഞങ്ങാട് സ്റ്റേഷനിൽ നിന്ന് വണ്ടി കയറിയ പത്മരാജൻ, അനിൽ ഉൾപ്പെടെയുള്ളവർ ട്രെയിൻ നീലേശ്വരത്തെത്തിയപ്പോഴാണ് എം.പിയെ കയ്യേറ്റത്തിന് മുതിർന്നത്.

ഉണ്ണിത്താന്റെ പരാതിയിൽ കാസർകോട് റെയിൽവെ പോലീസാണ് കേസെടുത്തത്. സംഭവ സമയത്ത് മാവേലി എക്സ്പ്രസ്സിൽ എം.പിക്കൊപ്പം എം.എൽ.എമാരായ എൻ.എ.നെല്ലിക്കുന്ന്, ഇ.ചന്ദ്രശേഖരൻ, ഏ.കെ.എം.അഷ്റഫ് ഉൾപ്പെടെയുള്ള യാത്രക്കാരുണ്ടായിരുന്നു. എം.പിക്ക് നേരെയുള്ള കയ്യാങ്കളിയിൽ ദൃക്സാക്ഷിയായ എം.എൽ.എയിൽ നിന്ന് മൊഴിയെടുക്കണമെന്നാവശ്യപ്പെട്ട്  കാസർകോട് റെയിൽവെ എസ്.ഐ മോഹനൻ ജില്ലാക്കോടതിയെ സമിപിക്കുകയായിരുന്നു.

രാജ്മോഹൻ ഉണ്ണിത്താനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ട്രെയിനിൽ കയ്യേറ്റ ശ്രമമുണ്ടായത്..ഉണ്ണിത്താന്റെ പരാതിയിൽ റെയിൽവെ പോലീസ് കേസെടുത്തത്. കൂടാതെ മറ്റൊരു പരാതി ജില്ലാപോലീസ് മേധാവിക്ക് എം.പി, ഇ-മെയിൽ വഴി നൽകിയതിൽ ഹൊസ്ദുർഗ്ഗ് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം മറ്റൊരു കേസ്കൂടി രജിസ്റ്റർ ചെയ്തു. ഹൊസ്ദുർഗ്ഗ് പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് റെയിൽവെ പോലീസിന് കൈമാറി.കേസന്വേഷണം  അന്തിമഘട്ടത്തിലാണ്.

LatestDaily

Read Previous

കെ. വി. കുഞ്ഞിരാമൻ സിബിഐ കോടതിയിലെത്തിയില്ല

Read Next

കെ. റെയിൽ സർവ്വേ തടസ്സപ്പെടുത്തിയതിന് കേസ്സ്