പുലിയന്നൂർ ജാനകി വധത്തിന് നാലാണ്ട്, കോടതി നടപടികൾ അനന്തമായി നീളുന്നു

കാഞ്ഞങ്ങാട്: ചീമേനി പുലിയന്നൂരിലെ  റിട്ടയേഡ് അധ്യാപിക പി.വി. ജാനകി കൊല്ലപ്പെട്ടിട്ട് ഇന്ന് നാല് വർഷം തികയുന്നു. 2017 ഡിസംബർ 13-ന് രാത്രിയാണ് പുലിയന്നൂർ ഗവൺമെന്റ് എൽപി സ്കൂളിലെ മുൻ അധ്യാപിക പി.വി. ജാനകിയെ മോഷണത്തിനെത്തിയ മൂന്നംഗ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ജില്ലയിൽ ഏറെ കോളിളക്കമുണ്ടാക്കിയ പി.വി. ജാനകി ടീച്ചർ വധക്കേസ്സിൽ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് മൂന്ന് പ്രതികളെ പോലീസ് പിടികൂടിയത്.

പുലിയന്നൂർ  ചീർക്കളം വലിയവീട്ടിൽ പി.വി. വിശാഖ് 30, ചീർക്കളം തലക്കാട്ട് വീട്ടിൽ ടി. ഹരീഷ് 23, ചീർക്കളം അള്ളറാട്ടെ അരുൺ കുമാർ 28, എന്നിവരടങ്ങിയ സംഘമാണ് മോഷണത്തിനിടെ ജാനകിയെ കഴുത്തറുത്ത് കൊന്നത്. ഡിസംബർ 13-ന് രാത്രി മുഖംമൂടി ധരിച്ചെത്തിയ സംഘം വീടിന്റെ കോളിങ്ങ് ബെൽ അടിക്കുകയും ജാനകി വാതിൽ തുറന്നയുടനെ അകത്ത്  കടന്ന് കഴുത്തിലെ സ്വർണ്ണാഭരണങ്ങൾ കവരുകയുമായിരുന്നു.

ബഹളം കേട്ട് ജോനകി ടീച്ചറുടെ ഭർത്താവ് കളത്തേര വീട്ടിൽ കൃഷ്ണൻ  ഓടിയെത്തി ചെറുക്കാൻ ശ്രമിക്കുന്നതിനിടെ അക്രമികൾ അദ്ദേഹത്തെയും ബന്ധിതനാക്കി അടിച്ച് ബോധംകെടുത്തി. മോഷണ ശ്രമം ചെറുക്കുന്നതിനിടെയാണ് ആക്രമികൾ അധ്യാപികയുടെ കഴുത്തറുത്തത്. വീട്ടിൽ നിന്നും 13 പവൻ സ്വർണ്ണാഭരണങ്ങളും 50,000 രൂപയും മോഷ്ടാക്കൾ കൊണ്ടുപോയി.

കൊലപാതികളെ കണ്ടെത്താൻ പോലീസ് നാട് മുഴുവൻ അരിച്ച് പെറുക്കിയിട്ടും ഫലമുണ്ടായില്ല. പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭവും നടത്തിയിരുന്നു. പ്രതികളിലൊരാളുടെ പിതാവ് നൽകിയ സൂചനയെത്തുടർന്നാണ് കൊലയാളി സംഘത്തെ പിടികൂടിയത്. ജാനകി വധക്കേസ്സിലെ പ്രതിയായ അള്ളറാട്ട് വീട്ടിൽ അരുൺകുമാറിനെ ഗൾഫിൽ നിന്നാണ് അന്വേഷണ സംഘം തിരിച്ചെത്തിച്ച് അറസ്റ്റ് ചെയ്തത്.

ജില്ലാ പോലീസ് മേധാവിയായിരുന്ന കെ.ജി. സൈമണിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പിയായിരുന്ന കെ. ദാമോദരൻ, നീലേശ്വരം ഐപി ആയിരുന്ന വി. ഉണ്ണികൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പുലിയന്നൂർ ജാനകി വധക്കേസ്സ് അന്വേഷിച്ചത്. പുലിയന്നൂർ കൊലക്കേസ്സിൽ നീലേശ്വരം പോലീസ് ഇൻസ്പെക്ടറായിരുന്ന ഉണ്ണികൃഷ്ണനാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

കേസ്സിൽ 94 സാക്ഷികളെ കോടതി വിസ്തരിച്ചു. 212 രേഖകൾ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി. 54 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. കാസർകോട് പ്രിൻസിപ്പൽ സെഷൻസ്് ജഡ്ജ് അഹമ്മദ് കോയയാണ് കേസ്സിൽ വാദം കേട്ടത്. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ. ദിനേശൻ സർക്കാരിന് വേണ്ടി  കോടതിയിൽ ഹാജരായി. കേസ്സിൽ റിമാന്റിലടക്കപ്പെട്ട പ്രതികൾ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് ഇപ്പോഴും ജയിലിലാണ്. പുലിയന്നൂർ ജാനകി വധക്കേസ്സിൽ കേസ്സിന്റെ അന്തിമവാദം ഇനിയും പൂർത്തിയായിട്ടില്ല. കേസ്സിൽ 94 സാക്ഷികളെ കോടതി വിസ്തരിച്ചു. 2021 മെയ് മാസത്തിൽ അന്തിമവാദം പൂർത്തിയാകുമെന്നാണ്  പ്രതീക്ഷിച്ചിരുന്നതെങ്കിലും കോടതി നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്.

LatestDaily

Read Previous

കുളത്തിൽ വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Read Next

ഭർതൃമതി വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍