വാഹനങ്ങളുടെ അമിത വേഗതയും അപകട മരണങ്ങളും നാടിന്റെ സ്വൈര്യം കെടുത്തുന്നു

കാഞ്ഞങ്ങാട്: യാതൊരു  നിയന്ത്രണവുമില്ലാതെ ചീറിപ്പായുന്ന ബൈക്കുകളും, അമിത വേഗത്തിൽ ഒാടിപ്പോവുന്ന കാറുകളും ജീപ്പുകളും ഇടതടവില്ലാതെ ഒാടിക്കൊണ്ടിരിക്കുന്ന കൂറ്റൻ ചരക്ക് വാഹനങ്ങളും ഒായിൽ ടാങ്കറുകളും കാഞ്ഞങ്ങാട്–കാസർകോട് സംസ്ഥാനപാത യിലെ   പതിവ് കാഴ്ചകളായി.

ശരാശരി മനുഷ്യന് റോഡ് മുറിച്ച് കടക്കണമെങ്കിൽ വളരെ നേരം കാത്തിരിക്കണം. അഥവാ കാത്തിരുന്ന ശേഷം വളരെ ദൂരത്ത്   വാഹനങ്ങൾ കണ്ട്  മുറിച്ച് കടക്കുമ്പോഴേക്കും അത്രയും ദൂരത്ത് കണ്ട വാഹനം യാത്രക്കാരനെ തട്ടിത്തെറിപ്പിച്ച് മുമ്പോട്ട് പോയിരിക്കും. സീബ്ര ലൈനുകൾക്ക് മുമ്പിൽ  വാഹനത്തിന്റെ വേഗത കുറയ്ക്കുകയെന്നത് ലോകം അംഗീകരിച്ച ഗതാഗത നിയമമാണ്.

എന്നാൽ, കാഞ്ഞങ്ങാട് നഗരത്തിലെ തിരക്ക് പിടിച്ച സ്ഥലങ്ങളിലെ സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നവരെ ഭീതിപ്പെടുത്തുന്ന വേഗതയിലായിരിക്കും ഹോൺ മുഴക്കിക്കൊണ്ട് വാഹനങ്ങളെത്തുന്നത്. റോഡ് മുറിച്ച് കടക്കൽ വാഹനമോടിക്കുന്നവരുടെ ഔദാര്യമാണെന്ന് ധരിച്ചവരാണ് നിയന്ത്രണമില്ലാതെ വാഹനമോടിക്കുന്നത്.

ഗതാഗതം നിയന്ത്രിക്കാൻ നിയമപാലകരെ നിയോഗിച്ചിട്ടുള്ളത് തിരക്കേറിയ നഗരസിരാ കേന്ദ്രങ്ങളിൽ മാത്രമാണ്. കോട്ടച്ചേരി മുതൽ മാണിക്കോത്ത് വരെ  ഇപ്പോൾ വലിയ കച്ചവട കേന്ദ്രങ്ങളായി മാറിയിരിക്കുന്നു.

ഇവിടെ സദാസമയവും ഗതഗതക്കുരുക്കനുഭവപ്പെടുന്ന റോഡിന്റെ ഇരുവശങ്ങളിലും സ്വകാര്യ വാഹനങ്ങൾ നിർത്തിയിട്ടുണ്ടാവും. അമിത വേഗതയിൽ വരുന്ന വാഹനങ്ങളെ ശ്രദ്ധിച്ച് റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ചാൽ പോലും വാഹനങ്ങൾ കാൽ നടക്കാരനെ തട്ടിത്തെറിപ്പിച്ച് പോയെന്നിരിക്കും. കാഞ്ഞങ്ങാട്–കാസർകോട് സംസ്ഥാനപാതയിലെ പൊതുവായ ഒരവസ്ഥയാണിത്. എന്നാൽ ചില പ്രത്യേക സ്ഥലങ്ങളിൽ റോഡ് മുറിച്ച് കടക്കുക വളരെ പ്രയാസകരമാണ്. അതിലൊന്നാണ് അതിഞ്ഞാലിലെ നന്തില്ലത്ത് ജി മാർട്ട് മുതൽ മാണിക്കോത്ത് വരെയുള്ള കയറ്റവും, ഇറക്കവും. ഇവിടെ വാഹനങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെയാണ് കടന്നു വരുന്നത്.

കോയപ്പള്ളിക്ക് സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്കുണ്ടായ റോഡപകടത്തിൽ ഒരു വിദ്യാർത്ഥി മരിക്കുകയുണ്ടായി. ഇതിന്  തൊട്ടടുത്ത സ്ഥലത്ത് കൃത്യം 41 ദിവസം മുമ്പുണ്ടായ റോഡപകടത്തിലും ഒരു വിദ്യാർത്ഥി മരണപ്പെടുകയുണ്ടായി. മരണമുണ്ടാവുന്ന അപകടങ്ങൾ മാത്രമെ വാർത്താമാധ്യമങ്ങളുടെ ശ്രദ്ധയിൽ വരുന്നുള്ളൂ. സമീപ കാലത്തായി ഇവിടെ റോഡ് മുറിച്ച് കടക്കുമ്പോൾ കൈയ്യും കാലും ഒടിഞ്ഞവർ നിരവധിയുണ്ട്.

കഴിഞ്ഞ ദിവസം കാറും ടൂറിസ്റ്റ് ബസ്സുമിടിച്ച് ഒരു സ്ത്രീ മരിക്കുകയും, നാല് പേർക്ക്  പരിക്കേൽക്കുകയും ചെയ്ത സംഭവവും അതിഞ്ഞാലിലുണ്ടായി. ചീറിപ്പാഞ്ഞ് വരുന്ന പുതുപുത്തൻ ഡിസൈനിലുള്ള മോട്ടോർ ബൈക്കുകളിൽ പായുന്ന യുവാക്കൾ കാൽ നടയാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും  വലിയ ഭീഷണിയാണ്. ലൈസൻസില്ലാത്ത കുട്ടികൾ  ബൈക്കുകളോടിച്ച് വരുന്നതും നിത്യവും കാണാം.

ഈ നിലയിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കാനും റോഡുകളിൽ മുറിച്ച് കടക്കുന്നവർക്ക് മതിയായ സംവിധാനമേർപ്പെടുത്താനും വലിയ ചരക്ക് വണ്ടികളെയും ടാങ്കർ ലോറികളെയും  നിയന്ത്രിക്കാനും നടപടിയില്ലെങ്കിൽ അപകടങ്ങളുടെ പരമ്പരയിലേക്കും മരണ നിരക്ക് പിടിച്ച് നിർത്താൻ കഴിയാത്ത സാഹചര്യത്തിലേക്കുമായിരിക്കും പ്രദേശത്തെ റോഡുകൾ വഴുതി വീഴുന്നത്.

LatestDaily

Read Previous

പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയറെ ഒാട്ടോ തൊഴിലാളികൾ ഉപരോധിച്ചു

Read Next

വിമാനത്താവളങ്ങളിലെ റാപ്പിഡ് കൊള്ളയ്ക്ക് അറുതി