അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ ലക്ഷങ്ങളുടെ ചൂതാട്ടം

കാഞ്ഞങ്ങാട്: അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ മുളവന്നൂർ  പറക്കളായി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ ചൂതാട്ടം നടക്കുന്നതായി നാട്ടുകാരുടെ പരാതി. ആറുമാസത്തോളമായി നടക്കുന്ന ചൂതാട്ടത്തെക്കുറിച്ച് അമ്പലത്തറ പോലീസിൽ പരാതിപ്പെട്ടിട്ടും, ഫലമുണ്ടായില്ലെന്ന് പരിസരവാസികൾ പരാതിപ്പെട്ടു.

പറക്കളായി പി.എൻ. പണിക്കർ ആയുർവ്വേദ കോളേജിന്റെ ലേഡീസ് ഹോസ്റ്റലിന്റെ പിറകുവശത്തെ ചെങ്കൽപ്പണ, പാറപ്രദേശം മുതലായ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ചീട്ടുകളി രാത്രി 10 മണി മുതൽ പുലർച്ചെ 5 മണിവരെയുണ്ടെന്നാണ് പരിസരവാസികൾ  പറയുന്നത്. പറക്കളായി മുളവന്നൂർ  പ്രദേശങ്ങളിലെ ക്വാറി, ചെങ്കൽപ്പണകൾ  മുതലായവ  ചീട്ടുകളിക്കുള്ള കേന്ദ്രങ്ങളാണെന്നാണ് നാട്ടുകാർ പറയുന്നത്.

ആറ് മാസത്തോളമായി ദിവസവും ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലക്ഷങ്ങൾ മറിയുന്ന ചീട്ടുകളി നടക്കുന്നുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നും കർണ്ണാടക മംഗളൂരുവിൽ നിന്നും ചൂതാട്ട കേന്ദ്രത്തിലേക്ക് ആൾക്കാരെത്തുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. രാത്രി മുതൽ പുലർച്ചെ വരെ നടക്കുന്ന ചീട്ടുകളിയിൽ ലക്ഷങ്ങളുടെ ചൂതാട്ടമാണ് നടക്കുന്നത്.

ചൂതാട്ട കേന്ദ്രത്തിന്റെ നടത്തിപ്പുകാരന് ദിനംപ്രതി 50,000 രൂപ വരെ വരുമാനം  ലഭിക്കുന്നതായി വിവരമുണ്ട്. മിനിട്ടിന് 200 രൂപ പ്രതിഫലം നിശ്ചയിച്ചാണ് ചൂതാട്ട കേന്ദ്രത്തിന്റെ നടത്തിപ്പുകാർ സ്ഥല സൗകര്യം ഒരുക്കിക്കൊടുക്കുന്നത്.

ഇതുവഴി വൻ വരുമാനമാണ് ചൂതാട്ട കേന്ദ്രത്തിന്റെ നടത്തിപ്പുകാരുടെ കീശയിൽ ദിനംപ്രതി എത്തുന്നത്. സ്ഥലവാസികൾ തന്നെയാണ് ചൂതാട്ട കേന്ദ്രത്തിന്റെ നടത്തിപ്പുകാർ. പറക്കളായി മുളവന്നൂരിലെ ചൂതാട്ട കേന്ദ്രത്തെക്കുറിച്ച് പല തവണ അമ്പലത്തറ പോലീസിൽ വിവരമറിയിച്ചിരുന്നുവെങ്കിലും, പോലീസ് ഇത് ഗൗനിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി.

LatestDaily

Read Previous

അനുജന്റെ വീട് തകർത്ത ജ്യേഷ്ഠനെതിരെ കേസ്സ്

Read Next

എസ്്ഡിപിഐ. പ്രവർത്തകന്റെ വീട്ടിൽ ഇഡി റെയ്ഡ്