രാഗിതയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമെന്ന് കുടുംബം

നീലേശ്വരം: എട്ടുമാസം ഗർഭിണിയായ മകൾ രാഗിത 35, മരണപ്പെടാനിടയായത്, കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥമൂലമാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.

മെയ് 5-ന് കാലത്ത് പട്ടേനയിലെ സ്വന്തം വീട്ടിൽ നിന്ന് റോഡുവരെ നടന്നാണ് രാഗിത കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് പോയതെന്ന് രാഗിതയുടെ പിതാവ് തമ്പുരാൻ വളപ്പിൽ ദാമോദരനും മാതാവ് പേരോൽ സ്വദേശിനി പുഷ്പയും വെളിപ്പെടുത്തി. ആശുപത്രി അധികൃതർ മാധ്യമങ്ങളോട് പറഞ്ഞതുപോലെ, രാഗിത കുളിമുറിയിൽ വീഴുകയോ, രക്ത സ്രാവം ഉണ്ടാവുകയോ ചെയ്തിട്ടില്ല. അക്കാര്യം തീർത്തും കള്ളമാണ്. യുവതിയുടെ പിതാവ് പറഞ്ഞു. രാഗിത 8 മാസം ഗർഭിണിയായിരുന്നു. 5 മാസക്കാലമായി കാഞ്ഞങ്ങാട്ടെ ഗർഭാശയ രോഗ വിദഗ്ധയുടെ ചികിത്സയിലാണ്. ആശുപത്രിയിലെത്തുന്നതുവരെ രാഗിതയ്ക്ക് യാതൊരു ശാരീരികാസ്വാസ്ഥ്യവുമുണ്ടായിരുന്നില്ല. ഏപ്രിൽ 20-നാണ് ഏറ്റവുമൊടുവിൽ വനിതാ ഡോക്ടറെ കണ്ടത്. ഡോക്ടർ ജൂൺ 26-ന് പ്രസവത്തീയ്യതി കുറിച്ചു നൽകുകയും ചെയ്തിരുന്നു.

മകൾക്ക് ചുമയുണ്ടായിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ, കാലിന് നീരു വന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇതേ തുടർന്നാണ് മെയ് 5-ന് കാലത്ത് ഡോക്ടറെ കാണാൻ പോയത്. കൂടെ മാതാവ് പുഷ്പയും അടുത്ത ബന്ധുവായ സ്ത്രീയുമുണ്ടായിരുന്നു. രക്ത സമ്മർദ്ദം കൂടിയിട്ടുണ്ടെന്നും, പ്രത്യേക പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയാണെന്നും വനിതാ ഡോക്ടറും, അവരുടെ ഭർത്താവായ ഫിസിഷ്യനും പറഞ്ഞു. വൈകുന്നേരം 5 മണി ആയപ്പോൾ രക്ത സമ്മർദ്ദം സാധാരണ നിലയിലായതായും മുറിയിലേക്ക് മാറ്റാമെന്നും നേഴ്സുമാർ അറിയിച്ചു. അതിന് മുമ്പ് ഫിസിഷ്യൻ രാഗിതയെ പരിശോധിക്കേണ്ടതുണ്ടെന്ന് രാഗിതയെ ചികിത്സിച്ച ഗർഭാശയരോഗ വിദഗ്ധ അറിയിച്ചു.

6-30-ന് ഫിസിഷ്യൻ വന്നു പരിശോധിച്ച ശേഷം രാഗിതയുടെ നില ഗുരുതരമാണെന്നും, പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റണമെന്നും പറഞ്ഞു. ആറു മണിക്ക് തന്നെ രാഗിതയെ പരിയാരത്തേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ നടത്തിയെങ്കിലും ആംബുലൻസ് എത്തിയത് രണ്ടു മണിക്കൂറിന് ശേഷം 8 മണിക്കാണ്. ആംബുലൻസിൽ രാഗിതയ്ക്ക് ഓക്സിജൻ നൽകിയിരുന്നുവെങ്കിലും, പ്രാണവായു സ്വീകരിക്കാൻ അപ്പോൾ യുവതിക്ക് തടസ്സമുണ്ടായിരുന്നു. ആംബുലൻസ് പരിയാരത്ത് എത്തുന്നതിന് മുമ്പ് രാഗിത അബോധ നിലയിലായി.

മെഡിക്കൽ കോളേജിൽ എത്തിയത് രാത്രി എട്ടേ മുക്കാലിനാണ്. അവിടെ തീവ്ര പരിചരണ വിഭാഗത്തിൽ യുവതിയെ പരിശോധിച്ച ഡോക്ടർമാർ രാഗിത മെഡിക്കൽ കോളേജിലേക്കുള്ള യാത്രയിൽ ആംബുലൻസിൽ മരിച്ചതായി വെളിപ്പെടുത്തി. 10 മണിക്ക് ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തുവെങ്കിലും കുഞ്ഞും മരണപ്പെട്ടിരുന്നു.

കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ രാഗിതയ്ക്ക് വിദഗ്ധ ചികിത്സ ലഭിക്കാൻ വൈകിയതാണ് മരണം സംഭവിക്കാനിടയാക്കിയതെന്നും, യുവതിയുടെ മാതാപിതാക്കൾ ആരോപിച്ചു. പൊതുമേഖലാ സ്ഥാപനം ആലപ്പുഴയിൽ കേരള ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് ജീവനക്കാരനായിരുന്ന ടി. ദാമോദരൻ 12 വർഷം മുമ്പ് സർവ്വീസിൽ നിന്ന് സ്വയം വിരമിച്ച ശേഷം പട്ടേനയിലെ വീട്ടിലാണ് താമസം. മകൾ രാഗിത ഡ്രാഫ്റ്റ്സ്മാൻ കോഴ്സ് പഠിച്ചത് ആലപ്പുഴയിലെ ഐടിഐയിലാണ്.നീലേശ്വരം നഗരസഭ ഓഫീസിന് പിറകിലുള്ള കെ.ജെ. തോമസിന്റെ ഓഫീസിൽ 10 വർഷമായി സേവനമനുഷ്ടിച്ചു വരികയാണ്. മൂത്ത സഹോദരി ടി.വി. സരിത തീർത്ഥങ്കരയിൽ ഭർതൃഗൃഹത്തിലാണ്. ഇളയ സഹോദരി അംഗത കാഞ്ഞങ്ങാട് സൗത്തിലെ പ്രവാസി സന്തോഷിന്റെ ഭാര്യയാണ്. രാഗിതയുടെ ഭർത്താവ് ആറിൽ സുനിൽ ചെറുവത്തൂർ കാരി സ്വദേശിയാണ്. 12 വർഷമായി സുനിൽ കുവൈത്തിലാണ്.

LatestDaily

Read Previous

ജില്ലാ ആശുപത്രിക്ക് മന്ത്രിയുടെ ഒരുകോടി

Read Next

കമല കീഴൂർ