ബസ്സും കാറും കൂട്ടിയിടിച്ച് അതിഞ്ഞാൽ യുവതി മരിച്ചു

ഭർത്താവിനും  മകനുമുൾപ്പെടെ 4 പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: അതിഞ്ഞാൽ കെഎസ്ടിപി റോഡിൽ പുലർച്ചെ ടൂറിസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരണപ്പെട്ടു. ഭർത്താവിനും കുട്ടിക്കുമുൾപ്പെടെ സാരമായി പരിക്കേറ്റു. പൂച്ചക്കാട് ചിറക്കലിലെ മുബീസിന്റെ ഭാര്യ ഷഹനയാണ് 25, മരിച്ചത്. ഭർത്താവ്, കുട്ടി, ബന്ധു ഉൾപ്പെടെ  കണ്ണൂർ, കോഴിക്കോട് മിംസ് ആശുപത്രികളിൽ ചികിത്സയിലാണ്.

ഇന്ന് പുലർച്ചെ 1.30 മണിയോടെയാണ് അപകടം. മലപ്പുറത്ത് നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത് പൂച്ചക്കാട്ടേക്ക് മടങ്ങിയവർ സഞ്ചരിച്ച കാറും എതിരെ വന്ന ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചാണ് അപകടം. അപകട ശബ്ദം കേട്ട് പരിസരത്ത് നിന്ന് ഒാടിയെത്തിയവർ പരിക്കേറ്റവരെ ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമെന്ന് കണ്ട് കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ഷഹന മരണപ്പെടുകയായിരുന്നു.

അപകടത്തിൽ കാർ പാടെ തകർന്നു. മരണപ്പെട്ട ഷഹനയുടെ സ്വന്തം വീട് ബല്ലാകടപ്പുറത്താണ്. കണ്ണൂർ മിംസിലുള്ള ഷഹനയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഹൊസ്ദുർഗ് എസ്ഐ,  രാമചന്ദ്രൻഇൻക്വസ്റ്റ് നടത്തി. പരിയാരത്ത് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. ബല്ലാകടപ്പുറം ആവിക്കരയിലെ പരേതനായ ശംസുദ്ദീന്റെയും ബിഫാത്തിമയുടെയും മകളാണ് മരണപ്പെട്ട ഷഹന.

അപകടത്തിൽ  ഇവരുടെ മക്കളായ അയൂബിൻ അൻസാരി (രണ്ടര), മുഹമ്മദ് മാലിക് അമീർ (നാല്) എന്നിവർക്കാണ് പരിക്കേറ്റത്. മാലിക് അമീറിന്റെ പരിക്ക് ഗുരുതരമാണ്. മുബീസിന്റെ അമ്മാവൻ ഷൗക്കത്തലിയുടെ ഭാര്യ നബീസക്കും  37, പരിക്കേറ്റു. ഷൗക്കത്തലി മലപ്പുറത്ത് നിന്ന് നാട്ടിലേക്കുള്ള യാത്രയിൽ കാറിലുണ്ടായിരുന്നുവെങ്കിലും, കാഞ്ഞങ്ങാട് ടൗണിലിറങ്ങിയതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

LatestDaily

Read Previous

സംശയരോഗം ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

Read Next

മരണം ഉറപ്പാക്കും വരെ ഉഷയെ വെട്ടി