ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്സിലെ പ്രതിയായ ലീഗ് നേതാവ് 110 ദിവസത്തിലധികം നീണ്ട റിമാന്റിന് ശേഷം ജയിൽ മോചിതനായി. നിക്ഷേപത്തട്ടിപ്പ് കേസ്സിലെ മറ്റൊരു പ്രതിയും ലീഗിന്റെ മുൻ എംഎൽഏയുമായ എം.സി. ഖമറുദ്ദീനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഒളിവിൽപോയ ടി.കെ പൂക്കോയ ദീർഘനാൾ ഒളിവിലിരുന്ന ശേഷമാണ് ഹൊസ്ദുർഗ് കോടതിയിൽ കീഴടങ്ങിയത്. ഭൂട്ടാനിൽ ഒളിവിലായിരുന്നുവെന്നാണ് ഇദ്ദേഹം പോലീസിനോട് വെളിപ്പെടുത്തിയത്.
കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ടി.കെ. പൂക്കോയയ്ക്കെതിരെ വഞ്ചനാക്കേസ്സുകൾ നിലവിലുണ്ട്. ചന്തേര പോലീസ് സ്റ്റേഷനിൽ മാത്രം ഇദ്ദേഹത്തിനെതിരെ 100 വഞ്ചനാക്കേസ്സുകളുണ്ടായിരുന്നു. ഇതിന് പുറമെ ബേക്കൽ, മേൽപ്പറമ്പ്, കാസർകോട്, പയ്യന്നൂർ, തലശ്ശേരി എന്നിവിടങ്ങളിൽ പൂക്കോയയ്ക്കെതിരെ കേസ്സുകളുണ്ട്.
വിവിധ സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്യപ്പെട്ട വഞ്ചനാക്കേസ്സുകളിൽ കോടതി ജാമ്യമനുവദിച്ചതോടെയാണ് ഇദ്ദേഹം ജയിൽ മോചിതനായത്. ഇദ്ദേഹത്തിന്റെ കൂട്ടുപ്രതിയായ എം.സി. ഖമറുദ്ദീൻ 96 ദിവസക്കാലം കണ്ണൂർ സെൻട്രൽ ജയിലിൽ റിമാന്റിലായിരുന്നു. കർശന വ്യവസ്ഥകളോടെയാണ് പൂക്കോയയ്ക്ക് കോടതി ജാമ്യമനുവദിച്ചത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ പ്രവേശിക്കരുതെന്നും, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമടക്കമുള്ള വ്യവസ്ഥകളാണ് ജാമ്യത്തിനുള്ളത്. ആഴ്ചയിൽ രണ്ട് ദിവസം ഇദ്ദേഹം അന്വേഷണോദ്യോഗസ്ഥന് മുന്നിൽ ഹാജാരാകണം.
150 കോടിയോളം രൂപ യുടെ നിക്ഷേപത്തട്ടിപ്പിന് നേതൃത്വം നൽകിയത് ലീഗ് നേതാക്കളായ എം.സി. ഖമറുദ്ദീനും, ടി.കെ. പൂക്കോയയുമാണ്. തട്ടിപ്പുകേസ്സിലെ പ്രതിയും പൂക്കോയയുടെ മകനുമായ ഇഷാമടക്കമുള്ളവരെ ഇനിയും പിടികിട്ടാനുണ്ട്. ജ്വല്ലറി ഡയറക്ടർമാരെ കേസ്സിൽ പ്രതി ചേർക്കണമെന്ന നിക്ഷേപകരുടെ ആവശ്യത്തിൽ ക്രൈംബ്രാഞ്ച് ഇതുവരെ അനുകൂല നിലപാടെടുത്തിട്ടില്ല.
ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിനെതിരെ പിഡിപി ആരംഭിച്ച പ്രക്ഷോഭവും ഇപ്പോൾ തണുത്ത മട്ടാണ്. ഏതാനും ദിവസം മുമ്പ് പിഡിപിയുടെ നേതൃത്വത്തിൽ കാസർകോട്ട് സംഘടിപ്പിച്ച നിക്ഷേപ സംഗമത്തിൽ കേസന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യമുയർത്തിരുന്നു.
തട്ടിപ്പിനിരയായ നിക്ഷേപകരെ ഉൾപ്പെടുത്തി പിഡിപി രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് വിരങ്ങൾ ചോർന്നതിനെത്തുടർന്ന് വാട്സാപ്പ് ഗ്രൂപ്പ് നിശ്ചലാവസ്ഥയിലാണ്. വാട്സാപ്പിന്റെ അഡ്മിന് മാത്രം സന്ദേശമയക്കാൻ പറ്റുന്ന വിധത്തിലാണ് വാട്സാപ്പ് ഗ്രൂപ്പ് പുനഃക്രമീകരിച്ചത്. ടി.കെ. പൂക്കോയയും, എം.സി. ഖമറുദ്ദീനും റിമാന്റ് കഴിഞ്ഞ് പുറത്തിറങ്ങി നാട്ടിൽ വിലസുമ്പോഴും, ജ്വല്ലറിയിൽ പണം നിക്ഷേപിച്ച് വഴിയാധാരമായവരുടെ കാര്യത്തിൽ തീരുമാനമൊന്നും ആയിട്ടില്ല.
നിക്ഷേപത്തട്ടിപ്പ് കേസ്സിൽ ക്രൈംബ്രാഞ്ച് ഇതുവരെ കുറ്റപത്രം തയ്യാറാക്കിയിട്ടില്ലാത്തതിനാൽ റജിസ്റ്റർ ചെയ്യപ്പെട്ട കേസ്സുകളിലെ വിചാരണ നടപടികൾ അടുത്ത കാലത്തൊന്നും നടക്കാൻ സാധ്യതയില്ല. ഇരുന്നൂറോളം കേസ്സുകളാണ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളത്. ഈ കേസ്സുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതി രൂപീകരിക്കണമെന്ന നിക്ഷേപകരുടെ ആവശ്യത്തിലും അനുകൂല തീരുമാനമായിട്ടില്ല.