ചെക്ക് കേസിൽ മണിനായർ റിമാന്റിൽ

നീലേശ്വരം: ചെക്ക് തട്ടിപ്പ് കേസ്സിൽ കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന പ്രാദേശിക കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കാഞ്ഞങ്ങാട് ദീപാ ഗോൾഡിൽ 4 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നൽകിയെന്ന പരാതിയിൽ കോടതിയിലുള്ള കേസ്സിൽ ഹാജരാകാതെ മുങ്ങി നടന്ന കോൺഗ്രസ് നേതാവിനെയാണ് കഴിഞ്ഞ ദിവസം നീലേശ്വരം എസ്ഐ, ഇ. ജയചന്ദ്രൻ  അറസ്റ്റ് ചെയ്തത്.

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിൽ താമസിക്കുന്ന പി. മണികണ്ഠൻ നായരെയാണ് 50, ചെക്ക് തട്ടിപ്പ് കേസ്സിൽ ഒളിവിൽ കഴിയുന്നതിനിടെ നീലേശ്വരം പോലീസ്  അറസ്റ്റ് ചെയ്തത്. 2018-ലാണ് പി. മണികണ്ഠൻ നായർ ദീപാ ഗോൾഡിൽ നിന്നും സ്വർണ്ണം വാങ്ങി 4 ലക്ഷം രൂപയുടെ ചെക്ക് നൽകിയത്. ചെക്ക് പണമില്ലാതെ മടങ്ങിയതിനെത്തുടർന്ന് ജ്വല്ലറിയുടമ കോടതിയെ സമീപിക്കുകയായിരുന്നു.

ചെക്ക് തട്ടിപ്പ് കേസ്സിൽ കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്ന് പി. മണികണ്ഠൻ നായർക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു.  ഇതേത്തുടർന്നാണ്  അറസ്റ്റ്. നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ മണികണ്ഠൻ നായരെ കോടതി റിമാന്റ് ചെയ്തു.

നിരവധി സാമ്പത്തിക തട്ടിപ്പിലുൾപ്പെട്ട പി. മണികണ്ഠൻനായർ കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസിന്റെ നേതാവാണെന്നാണ് അവകാശപ്പെട്ടിരുന്നത്. കോൺഗ്രസ് പ്രവർത്തകനായ ഇദ്ദേഹം കെ. കരുണാകരന്റെ ഡിഐസിയിലും പണ്ട് പ്രവർത്തിച്ചിരുന്നു. ചെക്ക് തട്ടിപ്പ് കേസ്സിൽ ഹൊസ്ദുർഗ്  ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് മൂന്നാം കോടതിയാണ് മണികണ്ഠനെ റിമാന്റ് ചെയ്തത്.

ജോലി വാഗ്ദാനം ചെയ്ത് പി. മണികണ്ഠൻ നായർ പലരിൽനിന്നും ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ട്. കെ. സുധാകരന്റെ അടുത്ത അനുയായിയെന്നവകാശപ്പെടുന്ന പി. മണികണ്ഠൻ സുധാകരന്റെ  പേര് പറഞ്ഞ് പലരിൽ നിന്നും പണം തട്ടിയെടുത്തതായി ആരോപണമുണ്ട്.

പയ്യന്നൂർ കോളേജിലെ ലീവ് വേക്കൻസി തസ്തികയിൽ ജോലി വാങ്ങിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് മണികണ്ഠൻ 4 ലക്ഷം രൂപ തട്ടിയെടുത്ത മറ്റൊരു സംഭവവും പുറത്തുവന്നിട്ടുണ്ട്. 8 മാസം മുമ്പാണ് പയ്യന്നൂർ കോളേജിൽ ജോലി വാഗ്ദാനം ചെയ്ത് ഇദ്ദേഹം കരിന്തളം സ്വദേശിയിൽ നിന്നും പണം തട്ടിയെടുത്തത്. സമാനമായ രീതിയിൽ നിരവധി ജോലി തട്ടിപ്പുകൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്.

LatestDaily

Read Previous

കാഞ്ഞങ്ങാട് ഏസിയിൽ ദളിത് പ്രതിനിധിയില്ല; പാർട്ടി നിലപാടിന് വിരുദ്ധം

Read Next

പൂക്കോയ ജയിൽ മോചിതനായി