സിപിഎം ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പ് , വോട്ടു വ്യതിയാനത്തില്‍ ജില്ലാ നേതൃത്വം നടുങ്ങി

ചര്‍ച്ചയിലെ പരാമര്‍ശങ്ങളും നേതൃത്വത്തെ അമ്പരപ്പിച്ചു

കാഞ്ഞങ്ങാട്: ഏരിയ സമ്മേളന പ്രതിനിധികളില്‍ ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാന്‍ നടത്തിയ വോട്ടെടുപ്പില്‍ പങ്കെടുത്ത 164ല്‍ 70 പേരും ഔദ്യോഗിക പാനലിനെതിരെ വോട്ട് ചെയ്തത് ജില്ലാ നേതൃത്വത്തെ നടുക്കി. സമാവയത്തിലുടെ പാനലുണ്ടാക്കിയപ്പോള്‍ എം പൊക്ലന്‍, പി നാരായണന്‍, കെ.വി.  ലക്ഷ്മി എന്നീ മുതിര്‍ന്ന നേതാക്കള്‍ പുതിയ തലമുറക്കായി സ്ഥാനം ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. എന്നാല്‍  സിപിഐയില്‍ നിന്നും സിപിഎമ്മിലെത്തിയ ഏരോൽ കൃഷ്ണന്‍  പാനലില്‍ പിടിച്ചു നിന്നതിൽ  പ്രതിഷേധം  പ്രതിനിധികളുടെ വോട്ടിങ്ങില്‍ പ്രതിഫലിച്ചു. കേവലം രണ്ട് വോട്ടുകള്‍ക്കാണ് കൃഷ്ണന്‍ കമ്മിറ്റിയിലേക്ക് ജയിച്ചു കയറിയത്. എരിയാ സെക്രട്ടറി രാജ്മോഹനന് പാനല്‍ വോട്ടുകള്‍ പുര്‍ണമായും ലഭിക്കാത്തതും നേതൃത്വത്തെ അമ്പരപ്പിക്കുന്നതായിരുന്നു. അതേസമയം കല്ല്യോട്ട് കേസില്‍ പ്രതി പ്പട്ടികയിലുള്ള പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന് മുഴുവന്‍ പാനല്‍ വോട്ടുകളും ലഭിച്ചത് ശ്രദ്ധേയമായി.

എന്തു വിലകൊടുത്തും കേസില്‍പ്പെട്ട സഖാക്കളെ സംരക്ഷിക്കണമെന്ന സന്ദേശത്തിന്  ലഭിച്ച അംഗീകാരമായാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതിനെ വിലയിരുത്തുന്നത്. പാനലിനെതിരെ മല്‍സരിച്ച ദളിത് നേതാവ് അത്തിക്കോത്ത് രാജന്‍, ഡിവൈഎഫ്ഐ നേതാവ് രതീഷ് നെല്ലിക്കാട്ട്, കാഞ്ഞങ്ങാട് ലോക്കല്‍ സെക്രട്ടറി ശബരീശന്‍  എന്നിവര്‍ക്ക്  65 വോട്ടുകള്‍ വീതം നേടാനായത് കാഞ്ഞങ്ങാട്ടെ പാര്‍ട്ടിക്കുള്ളിലെ കനത്ത ഉള്‍പാര്‍ട്ടി പോരിന്റെ സൂചനകളാണ്.

കാഞ്ഞങ്ങാട്ടെ പാര്‍ട്ടി സംഘടനാ സംവിധാനം എത്രമേല്‍ ദുര്‍ബലമാണെന്ന് ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു പൊതു ചര്‍ച്ച. ഇത് പൂര്‍ണ്ണമായും ജില്ലാ നേതൃത്വത്തിന് മനസിലായി. കഴിഞ്ഞ നാലുവര്‍ഷവും ഓഫീസ് കേന്ദ്രീകരിച്ച് ഒരു കോക്കസ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തതായും ചര്‍ച്ചയിലെ അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് പി.ചാത്തുവേട്ടന്റെ പിന്‍മുറക്കാരനായ പാര്‍ട്ടി പ്രവര്‍ത്തകനെ ഏരിയ ഓഫീസില്‍ മർദ്ദിച്ചതും  കല്യോട്ട് കൊല നടന്ന സന്ദര്‍ഭത്തില്‍ അഭിഭാഷകരായ ജില്ലാകമ്മിറ്റിയംഗം അപ്പുക്കുട്ടനും ഏരിയാ സെക്രട്ടറി രാജ്‌മോഹനും ഫോണ്‍ സൈലൻസിലാക്കി. 

സ്വയം രക്ഷപ്പെട്ടുവെന്നുള്ള പ്രതിനിധികളുടെ പരാതികള്‍ യഥാസമയം ബന്ധപ്പെട്ടവരെ വിവരം അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതായും സംഭവിക്കാന്‍ പാടില്ലാത്തത്   സംഭവിച്ചപ്പോള്‍ കാഞ്ഞങ്ങാട്ടെ നേതൃത്വം കൈവെടിഞ്ഞവര്‍ ഉദുമയിലെ നേതൃത്വത്തെ കണ്ടാണ് തങ്ങള്‍ സഹായം തേടിയതെന്നും,  പെരിയയില്‍ നിന്നുള്ള പ്രതിനിധികള്‍   ചര്‍ച്ചയില്‍  ഉന്നയിച്ചു.  ഇത് കാഞ്ഞങ്ങാട് പാര്‍ട്ടി നേതൃത്വത്തിന് പറ്റിയ വലിയ വീഴ്ചയായി കണ്ടെത്തി.  പൂല്ലൂര്‍ പെരിയ പഞ്ചായത്ത് ഉദുമ ഏരിയയിലേക്ക വിട്ടു കൊടുത്ത് നീതി പുലര്‍ത്തണമെന്നുള്ള ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ ഉയർന്നു വന്നത് ജില്ലാ നേതൃത്വം ഗൗരവമായാണ് കാണുന്നു.

LatestDaily

Read Previous

രേഷ്മ തിരോധാനത്തിന് പത്തരവർഷം

Read Next

നിത്യാനന്ദ പോളിയിൽ എസ് എഫ്ഐ- എബിവിപി സംഘർഷം