ഇരട്ടക്കൊല;അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ അഞ്ച് സിപിഎം പ്രവർത്തകരെ എറണാകുളം സിജെഎം കോടതിയിൽ ഇന്ന് ഹാജരാക്കും. കാസ‍ർകോട് നിന്ന് അറസ്റ്റിലായ പ്രതികളെ ഇന്ന് പുലർച്ചെയോടെയാണ് കൊച്ചിയിലെത്തിച്ചത്. റിമാൻ‍ഡ് ചെയ്ത ശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് സിബിഐ തീരുമാനം. സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജു, കൂട്ടുപ്രതികളായ സുരേന്ദ്രൻ, ശാസ്താ മധു, ഹരിപ്രസാദ്, റെജി വർഗീസ് എന്നിവരാണ് അറസ്റ്റിയായത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തുന്നതിന് ഗൂഡാലോചന നടത്തി, ആയുധങ്ങളെത്തിച്ചു, കൊല്ലപ്പെട്ടവരുടെ യാത്രവിവരങ്ങൾ കൃത്യം നൽകിയവർക്ക് കൈമാറി തുടങ്ങിയവയാണ് ഇവർക്കെതിരായ കണ്ടെത്തലുകൾ സിബിഐ കേസേറ്റെടുത്ത് ആറ് മാസത്തിന് ശേഷമാണ് അറസ്റ്റുകളുണ്ടാകുന്നത്. നേരത്തേ കേസുമായി ബന്ധപ്പെട്ട് 14 പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽപ്പെടാത്ത 5 പേരെയാണ് സിബിഐ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായ എല്ലാവരും ഏച്ചിലടുക്കം ഭാഗത്ത് നിന്നുള്ളവർ തന്നെയാണ്. ഇരട്ടക്കൊലപാതകം നടന്ന കല്യോട്ടിന് സമീപമുള്ള സ്ഥലമാണ് ഏച്ചിലടുക്കം. ഇത് വരെ കേസുമായി ബന്ധപ്പെട്ട് 19 പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇതിൽ രണ്ട് പേർ ജാമ്യത്തിലാണ്.

നേരത്തേ പെരിയ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന സിബിഐ സംഘം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പരിശോധിച്ച് മിനുട്‍സ് കസ്റ്റ‍ഡിയിലെടുത്തിരുന്നു. മാർച്ച് അഞ്ചിനായിരുന്നു ഈ പരിശോധന. ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി അനന്തകൃഷ്ണന്‍റെ നേതൃത്വത്തിൽ അന്ന് പരിശോധന നടത്തിയത്.

ഇരട്ടക്കൊലപാതകത്തിന് ശേഷം ഏറെ നാളുകളായി തുറക്കാത്ത ഓഫീസ് പാർട്ടി ഭാരവാഹികളെ വിളിച്ചുവരുത്തി തുറപ്പിച്ചായിരുന്നു പരിശോധന. ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട 2019 ഡിസംബർ 17-ന് ചേർന്ന ബ്രാഞ്ച് കമ്മിറ്റി യോഗത്തിന്‍റെ വിവരങ്ങളടങ്ങിയ മിനുട്‍സാണ് കസ്റ്റ‍ഡിയിലെടുത്തത്. കേസിലെ ഒന്നാം പ്രതി സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ ഏച്ചിലടുക്കത്തെ ഓഫീസിൽ ഗൂഢാലോചന നടത്തിയതായി കേസ് ആദ്യം അന്വേഷിച്ച ലോക്കൽ പോലീസിന്‍റെ റിമാൻഡ് റിപ്പോർട്ടിലുണ്ടായിരുന്നു. ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ കൊല നടന്ന ദിവസം ബ്രാഞ്ച് യോഗം ഉണ്ടായിരുന്നുവെന്ന സാക്ഷിമൊഴിയുമുണ്ട്.

എന്നാൽ ഈ ദിശയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നില്ല. ഫോൺവിളികൾ പരിശോധിച്ചതിൽ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് പാർട്ടി രേഖകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുള്ള സിബിഐ തീരുമാനം. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ അറസ്റ്റും നടന്നിരിക്കുന്നത്. ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ നടന്ന റെയ്ഡിന് മുമ്പ് ഉദുമ ഏരിയ കമ്മിറ്റി ഓഫീസിലും സിബിഐ പരിശോധന നടത്തിയിരുന്നു. കൃത്യത്തിനു ശേഷം കൊലയാളി സoഘത്തിലെ നാല് പേർ ഒളിവിൽ കഴിഞ്ഞത് ഇവിടെയായിരുന്നു.

പ്രതികൾ വസ്ത്രം കത്തിച്ച സ്ഥലവും സംഘം പരിശോധിച്ചു. ഉദുമ മുൻ ഏരിയ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ കെ മണികണ്ഠനെ കാസർകോഡ് ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. കേസിലെ 14-ാം പ്രതിയായ മണികണ്ഠനാണ് പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചതെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തൽ. 2019 ഫിബ്രവരി 17- നാണ്  പെരിയ കല്യോട്ട്   ബൈക്കിൽ സ‌ഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും അക്രമിസംഘം കൊലപ്പെടുത്തിയത്. ബൈക്കിൽ പോകുകയായിരുന്ന ഇരുവരേയും പതിയിരുന്ന അക്രമിസംഘം വെട്ടി വീഴ്ത്തി. കൃപേഷ് സംഭവ സ്ഥലത്തും ശരത് ലാൽ  ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു.

ഒന്നാം പ്രതി സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 12 പേരെ കൂടാതെ സിപിഎം ഉദുമ ഏരിയ സെക്രട്ടറി കെ. മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി ബാലകൃഷ്ണൻ എന്നിവരെകൂടെ പ്രതി ചേർത്താണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്.  ഹൈക്കോടതി സിംഗിൾ ബെഞ്ച് 2019 സെപ്റ്റംബർ 30-നാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്.

LatestDaily

Read Previous

മകളോട് അശ്ലീലം സംസാരിച്ച പിതാവിനെതിരെ പോക്സോ

Read Next

സിപിഎം ഏരിയാ സെക്രട്ടറിയെ ഇന്നറിയാം