ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കോടോം–ബേളൂർ പഞ്ചായത്തിലെ തായന്നൂർ മുക്കുഴി പാൽക്കുളത്തെ ക്വാറിയിൽ ഇന്നലെ വൈകുന്നേരമുണ്ടായ സ്ഫോടനം ക്വാറിയിൽ വെടിവെക്കാനുപയോഗിക്കുന്ന ഫ്യൂസ് വയറുകൾ ഇടിമിന്നലിൽ ഷോർട്ടായത് മൂലമെന്ന് പ്രാഥമിക നിഗമനം. അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഉദുമ സ്വദേശി എം.കെ. അബ്ദുൾ റഹ്മാന്റെ ഉടമസ്ഥതയിൽ പാൽക്കുളത്ത് പ്രവർത്തിക്കുന്ന ക്വാറിയിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിലാണ് പാൽക്കുളം കത്തുണ്ടിയിലെ പരേതനായ കുഞ്ഞിരാമൻ നായരുടെ മകൻ രമേശൻ 47, മരിച്ചത്. സ്ഫോടനത്തിനിടെ കല്ല് ദേഹത്ത് വീണാണ് അപകടം. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന സഹതൊഴിലാളികളായ പനയാർ കുന്നിലെ പ്രഭാകരൻ 45, കോളിയാറിലെ സുമ 32, എന്നിവർക്കും പരിക്കേറ്റിരുന്നു.
ക്വാറിയിൽ ഇന്നലെ പതിനഞ്ചോളം തൊഴിലാളികളുണ്ടായിരുന്നു. കരിങ്കൽ പൊട്ടിക്കാൻ കംപ്രസ്സർ ഉപയോഗിച്ച് കുഴിയെടുത്ത് വെടിമരുന്ന് നിറച്ച് തയ്യാറെടുക്കുന്നതിനിടെ ശക്തമായ മഴയുണ്ടായതിനാൽ ബാക്കി തൊഴിലാളികളെല്ലാം ക്വാറിക്ക് മുകൾ ഭാഗത്തുള്ള ഷെഡ്ഡിലേക്ക് പോയിരുന്നു. വെടിമരുന്ന് നിറച്ച് സ്ഫോടനത്തിനുള്ള ഫ്യൂസ് വയറുകളും സജ്ജീകരിച്ച് ബാക്കിയുള്ളവർ ഷെഡ്ഡിലേക്ക് കയറിയതോടെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്.
ക്വാറിയുടെ അഞ്ച് മീറ്റർ ഉയരത്തിൽ തയ്യാറാക്കിയ കുഴികളിൽ വെടിമരുന്ന് നിറച്ചിരുന്നതായി സൂചനയുണ്ട്. ഇവയിൽ സ്ഫോടനം നടത്താനായി സജ്ജീകരിച്ച ഫ്യൂസ് വയറുകളിൽ ശക്തമായ ഇടിമിന്നലിൽ വൈദ്യുതി പ്രവഹിച്ചതാണ് സ്ഫോടനത്തിന് കാരണമെന്ന് സംശയിക്കുന്നു. സ്ഫോടന ശബ്ദം കേട്ട് ഒാടുന്നതിനിടെ നിലത്ത് വീണാണ് തൊഴിലാളിയായ സുമയ്ക്ക് പരിക്കേറ്റത്. ഇവരുടെ വാരിയെല്ലിന് നേരിയ ക്ഷതമുണ്ട്. പരിക്കേറ്റ പ്രഭാകരന്റെ നില ഗുരുതരമല്ല.
മഴ പെയ്യാൻ തുടങ്ങിയതോടെ ബാക്കിയുള്ള തൊഴിലാളികൾ ഷെഡ്ഡിലേക്ക് മടങ്ങിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. വെടിമരുന്ന് നിറച്ച കുഴികളുടെ സമീപത്തുനിന്നും തൊഴിലാളികൾ മാറാൻ വൈകിയിരുന്നുവെങ്കിൽ, ദുരന്തം വലുതാകുമായിരുന്നു. അപകടമുണ്ടായ ക്വാറി വെള്ളരിക്കുണ്ട് തഹസിൽദാറിന്റെ നേതൃത്വത്തിൽ ഇന്നലെ സന്ദർശിച്ചു. ക്വാറി വിജനമായ പ്രദേശമായത് അപകട സാധ്യത കുറച്ചിട്ടുണ്ട്. സ്ഫോടനത്തിൽ മരിച്ച രമേശന്റെ മൃതദേഹം പോസ്റ്റമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.