ഒാട്ടോ കത്തിച്ച പ്രതിയെ ഒരു വർഷമായിട്ടും കണ്ടെത്താനായില്ല

ചെറുവത്തൂർ:  2020 ഡിസംബറിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാടങ്കോട് നെല്ലിക്കാലിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയുടെ ഭർത്താവിന്റെ ഒാട്ടോ കത്തിച്ച പ്രതികളെ  കണ്ടെത്താത്തതിൽ ഒരു വിഭാഗം കോൺഗ്രസ്സ് പ്രവർത്തകർക്കിടയിൽ പ്രതിഷേധമുയരുന്നു. ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിലേക്ക് നെല്ലിക്കാൽ വാർഡിൽ നിന്നും മത്സരിച്ച ഇന്ദുലേഖയുടെ ഭർത്താവ് പത്തിൽ സുരേഷിന്റെ ഒാട്ടോയാണ് അജ്ഞാത സംഘം തീയിട്ട് നശിപ്പിച്ചത്.

സുരേഷിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഒാട്ടോയാണ് അജ്ഞാതർ  കത്തിച്ചത്. സംഭവം നടന്ന് ഒരു വർഷം തികയാറാകുമ്പോഴും ഒാട്ടോ കത്തിച്ച പ്രതികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒാട്ടോ കത്തിച്ച കേസ്സിലെ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ചന്തേര പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും, മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ ഇടപെട്ട് പോലീസ് സ്റ്റേഷൻ മാർച്ച് തടഞ്ഞതായി ഒരു വിഭാഗം കോൺഗ്രസ്സ്  നേതാക്കൾ ആരോപിച്ചു.

സമരം നടത്തുന്നതിന്റെ ഉത്തരവാദിത്തം കോൺഗ്രസ്സിന്റെ ബൂത്ത് കമ്മിറ്റിയും വാർഡ്  കമ്മിറ്റിയും ഏറ്റെടുക്കുമെന്ന് നെല്ലിക്കാൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന യോഗത്തിൽ പറഞ്ഞിരുന്നു. ഇതോടെ യുഡിഎഫും സമരത്തിൽ നിന്ന്  പിന്മാറി. സമരത്തിന്റെ  ഉത്തരവാദിത്തം  കോൺഗ്രസ്സ് ബൂത്ത്, വാർഡ് കമ്മിറ്റികൾ ഏറ്റെടുത്തിരുന്നുവെങ്കിലും, ഇന്നേവരെ നേതാക്കളാരും വിഷയമന്വേഷിച്ച് ചന്തേര പോലീസ് സ്റ്റേഷനിൽ പോയിട്ടില്ലെന്ന് ആരോപണമുണ്ട്.

പത്തിൽ സുരേഷിന്റെ കത്തി നശിച്ച ഒാട്ടോയ്ക്ക് പകരം പുതിയ ഒാട്ടോ സൗജന്യമായി നൽകിയത് കാരിയിലെ ലീഗ് നേതാവ് ടി. സി. ഏ. റഹ്മാനാണ്. 4 ലക്ഷം രൂപ ചെലവാക്കിയാണ് ലീഗ് നേതാവ് സുരേഷിന് ഒാട്ടോ വാങ്ങി നൽകിയത്. ഉപജീവനമാർഗ്ഗം മുടങ്ങി ജീവിതം പ്രതിസന്ധിയിലായ സുരേഷിനെ സഹായിക്കാൻ കോൺഗ്രസ്സ് നേതാക്കളാരും മുന്നോട്ട് വന്നില്ല.

ഒാട്ടോ കത്തിച്ച സംഭവത്തിൽ സിപിഎമ്മിനെ പഴിചാരി രക്ഷപ്പെടാനാണ് കോൺഗ്രസ്സ് നേതാക്കൾ ശ്രമിക്കുന്നതെന്നും സംഭവത്തിന് പിന്നിൽ കോൺഗ്രസ്സ് നേതാവാണെന്ന് സംശയിക്കുന്നുവെന്നും കോൺഗ്രസ്സിലെ ഒരു വിഭാഗം ആരോപിക്കുന്നു. കോൺഗ്രസ്സ് സ്ഥാനാർത്ഥിയുടെ ഭർത്താവിന്റെ ഒാട്ടോ കത്തിച്ചതിന് പിന്നിലെ കുറ്റവാളികളെ കണ്ടെത്താൻ കോൺഗ്രസ്സ് നേതൃത്വം ശ്രമിക്കാത്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും ആക്ഷേപമുണ്ട്.

LatestDaily

Read Previous

പീഡനക്കേസ്സിൽ പ്രതിക്ക് 13 വർഷം കഠിന തടവും പിഴയും

Read Next

റാഗിങ്ങ് കാട്ടാളത്തം